Source: News Malayalam 24x7
IN DEPTH

അത്ര നിഷ്‌കളങ്കമാണോ സച്ചി മാഷിൻ്റെ സ്വയം വിമര്‍ശനം?

ഇടതുസര്‍ക്കാരിൻ്റെ കീഴില്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോള്‍ തുറന്നുപറച്ചില്‍ കുറഞ്ഞുവെന്ന് ഒരു ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നു

Author : പി.പി. പ്രശാന്ത്

മൗനം എന്നത് കീഴടങ്ങലാണെന്ന് കവി സച്ചിദാനന്ദന്‍ മാഷ് പലതവണ പറഞ്ഞുകഴിഞ്ഞതാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയില്‍ വർഗീയത കൊടികുത്തി വാഴുമ്പോഴും മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നു എന്ന കാരണത്താല്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനം രാജി വെച്ചിറങ്ങിയത്. തുടര്‍ന്ന് നാട്ടിലെത്തി ജനകീയ പ്രതിരോധ വേദികളിലും പ്രസംഗവേദികളിലും സജീവമാകുന്നതിനിടെയാണ് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനം എത്തുന്നത്. മാഷ് ആ സ്ഥാനം ഏറ്റെടുക്കുമോ എന്ന സംശയം മാഷിൻ്റെ അടുപ്പക്കാര്‍ അന്ന് തന്നെ ഉയര്‍ത്തിയിരുന്നു. മാഷ് ആ സ്ഥാനം ഏറ്റെടുത്തപ്പോള്‍ അധികാര മോഹം വിട്ടൊഴിഞ്ഞില്ലേ എന്ന് അവരില്‍ ചിലര്‍ മുറുമുറുക്കുകയും ചെയ്തു. ഇടതുസര്‍ക്കാരിൻ്റെ കീഴില്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോള്‍ തുറന്നുപറച്ചില്‍ കുറഞ്ഞുവെന്ന് ഒരു ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നു.അത് പരിഹരിക്കപ്പെട്ടത് ഇടക്കിടെ ഫേസ്ബുക്കിലിടുന്ന കുറിപ്പുകളിലൂടെയായിരുന്നു. പലതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

മാസങ്ങള്‍ക്ക് മുമ്പ് ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കവി സച്ചിദാനന്ദന്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞതാണ്.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദന്‍ മാഷ് പൊട്ടിച്ച തുടര്‍ഭരണ വിവാദത്തിൻ്റെ പശ്ചാത്തലത്തില്‍ പഴയൊരു കാര്യം ഓര്‍മ്മപ്പെടുത്തി എന്ന് മാത്രം. തുടര്‍ഭരണം ദുഷിപ്പിക്കുമെന്ന മാഷിൻ്റെ പ്രസ്താവനക്ക് പിറകെയാണ് രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക ലോകം. കാരശ്ശേരി, സാറാജോസഫ് തുടങ്ങിയ ഒരു ചേരിയോട് എതിര്‍ത്ത് ഇടതുപക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും മന്ത്രിമാര്‍ വരെ മറുചേരിയായി നിന്ന് പ്രതികരിച്ചു. സച്ചിദാനന്ദന്‍ മാഷിനെ നേരിട്ടെതിര്‍ക്കാതെ സംഭവം വിവാദമാക്കിയ മാധ്യമങ്ങളെ പഴിച്ച് വിവാദം അവസാനിപ്പിക്കാന്‍ ഇടതു നേതൃത്വവും ഇറങ്ങിയിരിക്കുന്നു. ഇപ്പോഴിതാ അതിൻ്റെ ചുവടുപിടിച്ച് ഇടതുപക്ഷത്ത് നിന്ന് ഉയര്‍ത്തിയ സ്വയം വിമര്‍ശനമായിരുന്നെന്നും ചില അല്‍പബുദ്ധികള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും പറഞ്ഞ് സച്ചിമാഷിൻ്റെ പുതിയ പോസ്റ്റ് വന്നിരിക്കുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഭരണമേറ്റതുമുതല്‍ നാളിതുവരെ പലതവണ മാഷ് ഉയര്‍ത്തിയ സ്വയം വിമര്‍ശനങ്ങള്‍ പലതവണ പൊതുസമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ട്.

അത്ര നിഷ്‌കളങ്കമാണോ സച്ചി മാഷിൻ്റെ സ്വയം വിമര്‍ശനം?

മൗനം എന്നത് കീഴടങ്ങലാണെന്ന് കവി സച്ചിദാനന്ദന്‍ മാഷ് പലതവണ പറഞ്ഞുകഴിഞ്ഞതാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയില്‍ വർഗീയത കൊടികുത്തി വാഴുമ്പോഴും മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നു എന്ന കാരണത്താല്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനം രാജി വെച്ചിറങ്ങിയത്. തുടര്‍ന്ന് നാട്ടിലെത്തി ജനകീയ പ്രതിരോധ വേദികളിലും പ്രസംഗവേദികളിലും സജീവമാകുന്നതിനിടെയാണ് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനം എത്തുന്നത്. മാഷ് ആ സ്ഥാനം ഏറ്റെടുക്കുമോ എന്ന സംശയം മാഷിൻ്റെ അടുപ്പക്കാര്‍ അന്ന് തന്നെ ഉയര്‍ത്തിയിരുന്നു. മാഷ് ആ സ്ഥാനം ഏറ്റെടുത്തപ്പോള്‍ അധികാര മോഹം വിട്ടൊഴിഞ്ഞില്ലേ എന്ന് അവരില്‍ ചിലര്‍ മുറുമുറുക്കുകയും ചെയ്തു. ഇടതുസര്‍ക്കാരിൻ്റെ കീഴില്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോള്‍ തുറന്നുപറച്ചില്‍ കുറഞ്ഞുവെന്ന് ഒരു ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നു.അത് പരിഹരിക്കപ്പെട്ടത് ഇടക്കിടെ ഫേസ്ബുക്കിലിടുന്ന കുറിപ്പുകളിലൂടെയായിരുന്നു. പലതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

അതൃപ്തി സാംസ്‌കാരിക വകുപ്പിൻ്റെ ഇടപെടലില്‍

അഞ്ച് വര്‍ഷം മുമ്പ് ചുമതല ഏറ്റെടുത്തത് മുതല്‍ സാംസ്‌കാരിക വകുപ്പിൻ്റെ ഇടപെടലില്‍ അസംതൃപ്തനായിരുന്നു സച്ചിദാനന്ദന്‍. പലപ്പോഴും ആ ഇടപെടലിൻ്റെ അതൃപ്തി പരസ്യമായി പ്രകടമാക്കുകയും ചെയ്തു. സാംസ്‌കാരിക മന്ത്രിയുടെ പല നടപടികളിലും പ്രസിഡൻ്റ് എന്ന നിലയിലും വ്യക്തിപരമായും വിയോജിപ്പുകളുണ്ടായിരുന്നു. അമൃതാനന്ദമയിയുമായുള്ള സാംസ്‌കാരിക മന്ത്രിയുടെ അഭിവാദ്യവും പിണറായി വിജയൻ്റെ വെള്ളാപ്പള്ളി നടേശ സ്തുതിയും സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളിലെ പ്രതിഷേധമായി. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനം നിരസിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം ആരും മറന്നുകാണില്ല. ശ്രീകുമാരന്‍ തമ്പിയുടെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങളാണ് ഉണ്ടായിരുന്നതെന്നും തിരുത്തല്‍ വരുത്താന്‍ ശ്രീകുമാരന്‍ തമ്പി തയ്യാറായില്ലെന്നും പറഞ്ഞ് ബി.കെ. ഹരിനാരായണൻ്റെ പാട്ട് അക്കാദമി സമിതി അംഗീകരിച്ചതായിരുന്നു വിവാദം. തെറ്റു സംഭവിച്ചത് ഉദ്യോഗസ്ഥര്‍ക്കാണെന്ന് സച്ചിദാനന്ദൻ്റെ ഇത് സംബന്ധിച്ച് എഴുതിയ ഫേസ്ബുക് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒടുവില്‍ വിവാദം അവസാനിപ്പിച്ച് മാഷ് ഫേസ്ബുക്കില്‍ എഴുതി. ''മറ്റുള്ളവരുടെ തെറ്റുകള്‍ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിലേറുക ഒരു മഹദ്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫിസ് ജീവനക്കാരിയുടേതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാന്‍ തികഞ്ഞ നിസ്സംഗതയോടെ എനിക്കു പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ് ബൈബിളും. ഇതിന് മറുപടിയായി ക്രിസ്തുവിനു ശേഷമാര് എന്ന ചോദ്യത്തിന് ഉത്തരമായി എന്ന ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണവും ഹിറ്റായിരുന്നു.

അക്കാദമിയിലെ സ്വയംഭരണ ആവശ്യവും രാജി ഭീഷണിയും

കേരള സാഹിത്യ അക്കാദമിയിലെ സര്‍ക്കാര്‍ -ഇടതുപക്ഷ ഇടപെടലുകളില്‍ മനംമടുത്ത് പലതവണ രാജി ഭീഷണിയും സച്ചിദാനന്ദന്‍ മാഷ് ഉയര്‍ത്തിയിരുന്നു. പക്ഷേ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അവ ഒഴിവാകുകയായിരുന്നത്രേ. പുറം ഇടപെടലുകളില്ലാതെ അക്കാദമിയുടെ സ്വയം ഭരണ അധികാരമായിരുന്നു മാഷ് ഉയര്‍ത്തിയ ആവശ്യം. അതേക്കുറിച്ച് മാഷ് ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്.''കേന്ദ്ര സാഹിത്യ അക്കാദമിയിലുണ്ടായിരുന്ന കാലത്ത് ഒരിക്കൽപ്പോലും ഞങ്ങള്‍ക്ക് സര്‍ക്കാരുകള്‍ക്ക് സ്തുതി പാടുകയോ, സര്‍ക്കാര്‍പരിപാടികളുടെ പ്രചാരണം നടത്തുകയോ മന്ത്രിമാരെയും മറ്റും പരിപാടികള്‍ക്ക് ക്ഷണിക്കുകയോ വേണ്ടിവന്നിട്ടില്ല. അവര്‍ അങ്ങനെ ആവശ്യപ്പെട്ടിരുന്നുമില്ല". പൂര്‍വ്വാനുഭവമാകാം, കേരളത്തിലെ അക്കാദമികളില്‍ സ്വയംഭരണം കൂടുതല്‍ ശക്തമാകണം എന്നും സര്‍ക്കാര്‍ ഇടപെടല്‍ ഓഡിറ്റില്‍ മാത്രം ഒതുക്കിനിര്‍ത്തണം എന്നും ആവശ്യപ്പെടാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്. അത് വ്യക്തിപരമായ ഒരാവശ്യമല്ല, ജനാധിപത്യത്തിൻ്റെ ഒരു അനിവാര്യ വ്യവസ്ഥയാണ്."

സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലവര്‍, എന്തിന്, വൈസ്- ചാന്‍സലര്‍ മുതല്‍ ഹെഡ്മാസ്റ്റര്‍ വരെയുള്ളവര്‍, അന്നന്നുള്ള സര്‍ക്കാരിൻ്റെ നയങ്ങള്‍ ന്യായീകരിക്കുന്നവര്‍ ആവേണ്ടതുണ്ടോ എന്ന് മറ്റൊരു കുറിപ്പില്‍ സൂചിപ്പിച്ചു. ആരോഗ്യ സംബന്ധ കാരണങ്ങളാല്‍ സാഹിത്യ അക്കാദമി പ്രസിഡൻ്റ് പദവി ഉള്‍പ്പടെ ഒഴിയുന്നുവെന്ന് കവി 2024 നവംബര്‍ 27ലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മറവിരോഗത്തിൻ്റെ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുവെന്നും പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്നും മറ്റൊരുനാള്‍ അദ്ദേഹം കുറിച്ചു.

സ്വയം വിമര്‍ശനം അവസാനിപ്പിക്കുന്നു; പക്ഷേ....

പി.എം ശ്രീ വിവാദ പശ്ചാത്തലത്തില്‍ ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയില്‍ നീങ്ങരുതെന്ന് പറഞ്ഞ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാല്‍ ഇപ്പോഴത്തെ വിവാദത്തിലെ ഇടതു സ്വയം വിമര്‍ശനം തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് എന്നതാണ് വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, തുടര്‍ഭരണം നല്ലതല്ലെന്നും അവസരവാദികള്‍ ഒപ്പം കൂടുമെന്നും ബംഗാളിലെ അനുഭവം ഓര്‍ക്കണമെന്നും കവി മുന്നറിയിപ്പ് തന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാല്‍ വീണ്ടും ഭരണം കിട്ടിയാല്‍ അങ്ങനെ പോകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞുവെച്ചു. കേരളത്തില്‍ ഇടതുഭരണത്തിലുണ്ടായ നേട്ടങ്ങളെ കാണാതെ പോകുന്നുവെന്നും യു.ഡി.എഫിൻ്റെ വിജയത്തിനായുള്ള പരസ്യ ആഹ്വാനമായിരുന്നു അതെന്നുമായിരുന്നു ഇടതു രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നുണ്ടായ പ്രതികരണം. അതേസമയം, ഇന്നത്തെ സച്ചിദാനന്ദന്‍ മാഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊതു തത്വത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികളാണ് വിവാദമുണ്ടാക്കുന്നത് എന്നും വിഷയത്തില്‍ ഇനി പ്രതികരണമില്ല എന്നും പറഞ്ഞാണ് വിവാദത്തിന് തിരശ്ശീലയിടുന്നത്. വിവാദങ്ങള്‍ക്ക് അപ്പുറം അക്കാദമികള്‍ക്ക് സ്വയംഭരണ അവകാശം, രാഷ്ട്രീയ ഇടപെടലില്‍ കുരുങ്ങുന്ന ഭരണം എന്നീ വിഷയങ്ങള്‍ സജീവ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്വയം വിമര്‍ശനം എന്ന പേരിലെ പാര്‍ട്ടി വിമര്‍ശനം അത്ര നിഷ്‌കളങ്കമാണോ എന്നതും തുടര്‍ഭരണത്തിലെ ശരിതെറ്റുകളെ സംബന്ധിച്ചും ഉള്ള ചര്‍ച്ചകള്‍ സമൂഹം തുടരുകതന്നെ ചെയ്യേണ്ടതുണ്ട്.

SCROLL FOR NEXT