റീജൻ്റ് ഡയമണ്ട്  Image: Adobe stock
IN DEPTH

Louvre Museum Heist | ആന്ധ്രയില്‍ നിന്നുള്ള റീജന്റ് വജ്രം മോഷ്ടാക്കള്‍ തൊടാഞ്ഞത് ശാപം ഭയന്നോ?

മുറിവേറ്റ കാലില്‍കെട്ടിയ ബാന്‍ഡേജില്‍ ഒളിപ്പിച്ച് അയാള്‍ ആ കല്ല് പുറത്തെത്തിച്ചു...

Author : നസീബ ജബീൻ

ഈ കഥ തുടങ്ങുന്നത് 1698 ലാണ്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ഗോല്‍ക്കൊണ്ടയിലെ പരിതാല ഗ്രാമം. ഏറ്റവും ശുദ്ധമായ പ്രകൃതിദത്ത വജ്രങ്ങള്‍ക്ക് പേര് കേട്ടതാണ് ഗോല്‍ക്കൊണ്ടയിലെ ചെളി നിറഞ്ഞ ഖനികള്‍. ഇവിടെ നിന്നുള്ള വജ്രങ്ങള്‍ ലോകമെമ്പാടുമുള്ള ധനികരെയും രാജകുടുംബാംഗങ്ങളെയും മോഹിപ്പിച്ചിരുന്നു.

ഒരുനാള്‍ ഒരു ഖനിത്തൊഴിലാളി ഇവിടെ നിന്നും അസാധാരണമാംവിധം തിളക്കവും വലുപ്പവുമുള്ള ഒരു കല്ല് കണ്ടെത്തി. 410 കാരറ്റ് അണ്‍കട്ട് ഡയമണ്ട് സ്റ്റോണ്‍ ആയിരുന്നു അത്. ആ കല്ല് തനിക്ക് സ്വാതന്ത്ര്യവും സമ്പത്തും ഉണ്ടാക്കിത്തരുമെന്ന് അയാള്‍ വിശ്വസിച്ചു. മുറിവേറ്റ കാലില്‍കെട്ടിയ ബാന്‍ഡേജില്‍ ഒളിപ്പിച്ച് അയാള്‍ ആ കല്ല് പുറത്തെത്തിച്ചു.

തൊഴിലാളി ഈ കല്ലുമായി ചെന്നത് മസൂലിപ്പട്ടണം അഥവാ മച്ചിലിപ്പട്ടണത്തുള്ള ഒരു ഇംഗ്ലീഷ് കപ്പിത്താന്റെ അടുത്തേക്കാണ്. പുരാതനകാലം മുതല്‍ മച്ചിലിപ്പട്ടണത്തെ തുറമുഖം വിദേശവ്യാപാരത്തിന് പേര് കേട്ടതായിരുന്നു. തൊഴിലാളിയോട് വജ്രം വില്‍ക്കാമെന്നേറ്റ ക്യാപ്റ്റന്‍ മദ്രാസിലേക്കുള്ള യാത്രയ്ക്കിടയില്‍ അയാളെ കൊലപ്പെടുത്തി അത് കൈക്കലാക്കി. പിന്നീട് ഈ ക്യാപ്റ്റന്‍ ആത്മഹത്യ ചെയ്തതായും കഥകളുണ്ട്.

റീജന്റ് ഡയമണ്ടുമായി ബന്ധപ്പെട്ട ചതിയുടെ കഥ ഇവിടെ തുടങ്ങുകയാണ്. ക്യാപ്റ്റന്‍ ഈ രത്‌നക്കല്ലുമായി പോകുന്നത് പ്രാദേശിക വ്യാപാരിയായ ജാംചുണ്ടിനടുത്തേക്കാണ്. ക്യാപ്റ്റനില്‍ നിന്നും വാങ്ങിയ രത്‌നക്കല്ല് ജാംചുണ്ട് മദ്രാസിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജ് ഗവര്‍ണറായിരുന്ന തോമസ് പിറ്റിന് വിറ്റു. 48,000 പഗോഡയ്ക്കാണ് തോമസ് പിറ്റ് രത്‌നവ്യാപാരിയായ ജാംചുണ്ടില്‍ നിന്നും വജ്രം വാങ്ങുന്നത്. അന്നത് വലിയ തുകയാണ്.

ആന്ധ്രപ്രദേശില്‍ സ്വാതന്ത്ര്യം സ്വപ്നം കണ്ട് ഒരു അടിമ മോഷ്ടിച്ച വജ്രം ഫ്രഞ്ച് രാജകുടുംബത്തിന്റെ അധികാര ചിഹ്നങ്ങളിലൊന്നായി മാറി

ഒരു ഗവര്‍ണര്‍ മാത്രമായിരുന്ന പിറ്റ് ഇത്ര വലിയ തുകയ്ക്ക് എങ്ങനെ രത്‌നം വാങ്ങിയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. പിറ്റിനെതിരെ അക്കാലത്തെ പ്രശസ്തനായ ഇംഗ്ലീഷ് കവി അലക്‌സാണ്ടര്‍ പോപ് ഒരു കവിത വരെ എഴുതി.

പിറ്റ് വഞ്ചനയിലൂടെ രത്‌നം സ്വന്തമാക്കിയെന്നായിരുന്നു കവിതയില്‍ പറഞ്ഞിരുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനായപ്പോള്‍, വജ്രം മോഷ്ടിച്ചതോ ആരേയും കൊലപ്പെടുത്തിയോ അല്ല, വജ്രവ്യാപാരിയായ ജാംചുണ്ടില്‍ നിന്നും നിയമാനുസൃതമായി പണം നല്‍കിയാണ് വാങ്ങിയതെന്നും പറഞ്ഞ് വിശദമായ ഒരു റിപ്പോര്‍ട്ട് തന്നെ പിറ്റ് എഴുതി പ്രസിദ്ധീകരിച്ചു.

എന്തായാലും ഇതിനു ശേഷം ഈ രത്‌നക്കല്ല് പിറ്റ് ഡയമണ്ട് എന്നും തോമസ് പിറ്റ് ബ്രിട്ടനില്‍ 'ഡയമണ്ട് പിറ്റ്' എന്ന വിളിപ്പേരിലും അറിയപ്പെടാന്‍ തുടങ്ങി. ഇന്ത്യയില്‍ എത്തിയതിനു ശേഷം തോമസ് പിറ്റ് ഇംഗ്ലണ്ടിലേക്ക് വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. അന്നുവരെ പിറ്റ് വാങ്ങിയതില്‍ വെച്ച് ഏറ്റവും വിലകൂടിയ രത്‌നമാണ് ജാംചുണ്ട് നല്‍കിയത്. ഇത് ബ്രിട്ടനില്‍ ആര്‍ക്ക് വില്‍ക്കും? അത്രയും മൂല്യമുള്ള രത്‌നം വാങ്ങണമെങ്കില്‍ അയാള്‍ കുറഞ്ഞത് ഒരു രാജാവെങ്കിലുമാകണം. അക്കാലത്താണെങ്കില്‍ യൂറോപ്പിലെ ഭരണാധികാരികള്‍ യുദ്ധം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

അതിസാഹസികമായാണ് ഈ വിലകൂടിയ ഡയമണ്ട് പിറ്റ് ഇംഗ്ലണ്ടിലെത്തിക്കുന്നത്. കപ്പലില്‍ കയറ്റിവിട്ട മകന്‍ റോബര്‍ട്ടിന്റെ ഷൂസിന്റെ ഹീലില്‍ ഒളിപ്പിച്ചാണ് അമൂല്യരത്‌നം ഇംഗ്ലണ്ടിലെത്തിച്ചത്. ഇവിടെ വെച്ച് വജ്രത്തെ വെട്ടിമിനുക്കാനുള്ള പണികള്‍ തുടങ്ങി. 1704 ല്‍ തുടങ്ങി രണ്ട് വര്‍ഷമെടുത്ത് ജോസഫ് കോപ്പ് എന്ന അതിവിദഗ്ധനായ ഡയമണ്ട് കട്ടറാണ് വജ്രം ചെത്തിമിനുക്കിയെടുത്തത്. 1706 ല്‍ ജോസഫ് കോപ്പ് മിനുക്കിയെടുത്ത അതേ ബ്രില്യന്റ് കുഷ്യന്‍ കട്ട് രൂപത്തിലാണ് ഇന്നും റീജന്റ് ഡയമണ്ടുള്ളത്. പിന്നീടതിന് കാര്യമായ രൂപമാറ്റം വരുത്തിയിട്ടില്ല. പക്ഷെ, കട്ട് ചെയ്തതിനു ശേഷം 410 കാരറ്റുണ്ടായിരുന്ന ഡയമണ്ട് 140.64 കാരറ്റായി. വെട്ടിയെടുത്ത ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ചെറിയ കല്ലുകള്‍ പിന്നീട് പിറ്റ് വിറ്റു.

ഫ്രഞ്ച് രാജകുടുംബത്തിലെത്തിയപ്പോഴും റീജന്റ് ഡയമണ്ടിനെ പിന്തുടര്‍ന്ന ശാപം വിട്ടൊഴിഞ്ഞില്ല. റീജന്റ് ഡയമണ്ട് കൈവശം വെച്ച രാജകുടുംബത്തിലെ പ്രധാന വ്യക്തികള്‍ക്കെല്ലാം ദുരന്തപൂര്‍ണമായ അന്ത്യമായിരുന്നു

വജ്രം മിനുക്കിയെടുത്തതിനു ശേഷം അത് വില്‍ക്കുക എന്നതായിരുന്നു പിറ്റിന്റെ അടുത്ത ലക്ഷ്യം. ബ്രിട്ടനിലെ രാജ്ഞിക്കടക്കം നിരവധി രാജകുടുംബങ്ങള്‍ക്ക് വജ്രം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ 1717 ല്‍ ഫ്രഞ്ച് രാജാവായ ലൂയി പതിനഞ്ചാമന്റെ റീജന്റ് ആയിരുന്ന ഓര്‍ലിയന്‍സ് ഡ്യൂക്ക് ഫിലിപ്പ് രണ്ടാമനാണ് വജ്രം വാങ്ങുന്നത്. ഏകദേശം 1,35,000 പൗണ്ടിനായിരുന്നു ഇടപാട്. ഈ തുക അന്നത്തെ കണക്കില്‍ 25 ദശലക്ഷം പൗണ്ടിന് തുല്യമായിരുന്നു.

വജ്രം ഫ്രഞ്ച് രാജകുടുംബത്തിലെത്തിയതോടെ പിറ്റ് ഡയമണ്ടിന് ഡ്യൂക്ക് ഓഫ് ഓര്‍ലിയന്‍സിന്റെ പദവിയായ റീജന്റ് എന്ന് പേര് ലഭിക്കുകയും റീജന്റ് ഡയമണ്ട് എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. അങ്ങനെ ആന്ധ്രപ്രദേശില്‍ സ്വാതന്ത്ര്യം സ്വപ്നം കണ്ട് ഒരു അടിമ മോഷ്ടിച്ച വജ്രം ഫ്രഞ്ച് രാജകുടുംബത്തിന്റെ അധികാര ചിഹ്നങ്ങളിലൊന്നായി മാറി.

റീജന്റ് ഡയമണ്ട് വിറ്റതിലൂടെ ഈ സമയം കൊണ്ട് തോമസ് പിറ്റ് യൂറോപ്പിലെ ഏറ്റവും ധനികരില്‍ ഒരാളായി മാറിയിരുന്നു. ഈ പണം കൊണ്ട് അയാള്‍ ബ്രിട്ടനില്‍ വലിയ ഭൂസ്വത്തുക്കള്‍ വാങ്ങുകയും ഒരു രാഷ്ട്രീയ കുടുംബത്തിന് അടിത്തറയിടുകയും ചെയ്തു. പിറ്റിന്റെ ചെറുമകനാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ് ദി യംഗര്‍.

ഇന്ത്യയില്‍ നിന്നും എത്തിച്ച വജ്രം വില്‍ക്കുന്നതു വരെ തോമസ് പിറ്റിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. 1706 മുതല്‍ അയാള്‍ ആ വജ്രം വില്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ സമയമായപ്പോഴേക്കും വജ്രത്തെ കുറിച്ച് പല കഥകളും യൂറോപ്പില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു. പിറ്റ് ചതിയിലൂടെയാണ് വജ്രം സ്വന്തമാക്കിയതെന്നതിനൊപ്പം അതിശയോക്തി നിറഞ്ഞ കഥകളും മാധ്യമങ്ങളിലടക്കം വന്നിരുന്നു. അതില്‍ രസകരമായത് ഈ കല്ല് ബംഗാളിലെ ഒരു വിഗ്രഹത്തിന്റെ കണ്ണായിരുന്നുവെന്നും അത് ബലമായി എടുത്തുമാറ്റിയതാണെന്നുമായിരുന്നു അത്. ഇങ്ങനെ പല കഥകള്‍ പ്രചരിച്ചതോടെ വില്‍പ്പന നടത്താനാകാതെ പിറ്റ് കുഴങ്ങി, ഒപ്പം വിലകൂടിയ കല്ല് സൂക്ഷിക്കുന്നതിലെ അരക്ഷിതാവസ്ഥയും. എപ്പോഴും വജ്രം തന്റെ പക്കല്‍ തന്നെ അയാള്‍ സൂക്ഷിച്ചിരുന്നുവെന്നും തുടര്‍ച്ചയായി രണ്ട് രാത്രികള്‍ പോലും ഒരേ കിടക്കയില്‍ കിടന്നുറങ്ങാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നും വരെ കഥകളുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷമാണ് ഫ്രഞ്ച് കുടുംബത്തിന് വജ്രം വില്‍ക്കാന്‍ പിറ്റിന് കഴിയുന്നത്.

1722 ല്‍ ലൂയി പതിനഞ്ചാമന്റെ കിരീടധാരണത്തില്‍ റീജന്റ് ഡയമുണ്ടും ഉണ്ടായിരുന്നു. 1725 മുതല്‍, അദ്ദേഹം തന്റെ കിരീടത്തില്‍ വജ്രം ധരിക്കാന്‍ തുടങ്ങി, 1774-ല്‍ ഭരണം അവസാനിക്കുന്നതുവരെ അദ്ദേഹം ഈ ശീലം തുടര്‍ന്നിരുന്നു. 1775 ല്‍ ലൂയി പതിനാറാമന്റെ കിരീടധാരണത്തിനും ഈ വജ്രം ഉപയോഗിച്ചു. ഫ്രഞ്ച് രാജകുടുംബത്തിലെത്തിയപ്പോഴും റീജന്റ് ഡയമണ്ടിനെ പിന്തുടര്‍ന്ന ശാപം വിട്ടൊഴിഞ്ഞില്ല. റീജന്റ് ഡയമണ്ട് കൈവശം വെച്ച രാജകുടുംബത്തിലെ പ്രധാന വ്യക്തികള്‍ക്കെല്ലാം ദുരന്തപൂര്‍ണമായ അന്ത്യമായിരുന്നു. ലൂയി പതിനാറാമന്‍ മുതല്‍ നെപ്പോളിയന്‍ ബോണോപാര്‍ട്ട് വരെ ആ ശാപത്തിന് ഇരയായി.

വജ്രം കൈവശം വെച്ച ലൂയി പതിനാറാമനും ഭാര്യ മാരി അന്റോനെറ്റും ഫ്രഞ്ച് വിപ്ലവകാലത്ത് വധിക്കപ്പെട്ടു. ഈ അന്ത്യത്തിന് കാരണം റീജന്റ് ഡയമണ്ടാണെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. വാളില്‍ വജ്രം പതിപ്പിച്ച നെപ്പോളിയന്‍ ബോണോപാര്‍ട്ട് അധികാരം നഷ്ടപ്പെട്ട് ഏകാന്തനായി മരിച്ചു.

1792 ല്‍ ഫ്രഞ്ച് വിപ്ലവകാലത്ത് കിരീടത്തില്‍ നിന്നും റീജന്റ് ഡയമണ്ട് മോഷണം പോകുന്നുണ്ട്. ഒരു വര്‍ഷത്തിനു ശേഷം പാരീസിലെ ഒരു ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ഇത് പിന്നീട് കണ്ടെത്തിയത്. വിപ്ലവാനന്തരം ഫ്രഞ്ച് ഭരണകൂടം രാജ്യത്തിന്റെ ചെലവുകള്‍ക്കും യുദ്ധങ്ങള്‍ക്കുമുള്ള വായ്പകള്‍ക്ക് ഈടായും വെച്ചത് റീജന്റ് ഡയമണ്ട് ആണ്.

ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി മാറിയ നെപ്പോളിയന്‍ ബോണപാര്‍ട്ട് അദ്ദേഹത്തിന്റെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ റീജന്റ് വജ്രം വെച്ച് അലങ്കരിച്ചു. നെപ്പോളിയന്റെ അധികാരം, ശക്തി, സൈനിക വിജയം എന്നിവയുടെ പ്രതീകമായിരുന്നു ഈ വാള്‍. 1801-ല്‍, നെപ്പോളിയന്‍ ഫ്രാന്‍സിന്റെ ഫസ്റ്റ് കോണ്‍സല്‍ ആയിരുന്ന കാലത്താണ് റീജന്റ് ഡയമണ്ട് തന്റെ വാള്‍പിടിയില്‍ സ്ഥാപിക്കുന്നത്.

നെപ്പോളിയനെ നാടുകടത്തിയപ്പോള്‍ ഡയമണ്ടുമായി അദ്ദേഹത്തിന്റെ ഭാര്യ ഓസ്ട്രിയയിലേക്ക് പോയി. നെപ്പോളിയന്റെ ഭാര്യാപിതാവായ ഓസ്ട്രിയന്‍ ചക്രവര്‍ത്തിയാണ് ഈ വജ്രം ഫ്രാന്‍സിലേക്ക് തിരികെ കൊണ്ടു വരുന്നത്. നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യയായ ചക്രവര്‍ത്തി യൂജീനിയുടെ കിരീടത്തിലായിരുന്നു വജ്രം ഒടുവില്‍ അലങ്കരിച്ചത്. യൂജീനിയുടെ ആഭരണശേഖരത്തിലുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട വസ്തുവായിരുന്നു റീജന്റ് ഡയമണ്ട്.

അത്യാഗ്രഹം, വഞ്ചന, ദുരന്തം എന്നിവയുമായുള്ള ബന്ധം കാരണമാണ് റീജന്റ് ഡയമണ്ടിനെ ഒരു ശാപം പിടിച്ച വജ്രമായി കണക്കാക്കുന്നത്. അതിന്റെ ഉടമകളില്‍ പലര്‍ക്കും സംഭവിച്ച ദുരിതങ്ങള്‍ ഈ വിശ്വാസത്തിന് ശക്തി നല്‍കി. ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നതു കൊണ്ടാണോ ലൂ മ്യൂസിയത്തിലെത്തിയ മോഷ്ടാക്കള്‍ റീജന്റിനെ തൊടാതെ മാറ്റിവെച്ചത്? മോഷണ മുതല്‍ കണ്ടെത്താനാകാത്തതു പോലെ ഈ ചോദ്യവും ദുരൂഹമായി തുടരുന്നു.

SCROLL FOR NEXT