നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 11 വര്‍ഷത്തിനിടെ നിരവധി വിവാദ ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി എന്നിവരെ നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
ഭരണഘടനയുടെ 130-ാം ഭേദഗതി ബില്‍, കേന്ദ്ര ഭരണപ്രദേശ ഭരണഭേദഗതി ബില്‍, ജമ്മു ആന്‍ഡ് കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ എന്നിവയാണ് അവതരിപ്പിക്കുന്ന മൂന്ന് ബില്ലുകള്‍. ബില്ലുകള്‍ പാസായിക്കഴിഞ്ഞാല്‍ പ്രമേയം സൂക്ഷ്മ പരിശോധനയ്ക്കായി പാര്‍ലമെന്ററി ജോയിന്റ് കമ്മിറ്റിക്ക് വിടും. എന്നാല്‍ എന്തുകൊണ്ടാണ് ബില്ലുകള്‍ ഇത്രയധികം ചര്‍ച്ചയാകുന്നത്.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബാധകമാവുന്ന ബില്‍?
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്‍പ്പെടെ ബാധകമാകുന്ന നിയമമായി മാറുമെന്നതിനാലാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75ല്‍ 5(എ) എന്ന പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ, അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 30 ദിവസം ജയിലില്‍ കിടന്നാല്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടും.
കേന്ദ്രം മുന്നോട്ട് വെച്ച ബില്‍ പ്രകാരം, മുഖ്യമന്തിയോ പ്രധാനമന്ത്രിയോ 30 ദിവസത്തോളം ജയിലില്‍ കിടന്നാല്‍ ഒന്നുകില്‍ 31-ാം ദിവസം അവര്‍ സ്വയം സ്ഥാനം രാജിവെക്കണം. ഇനി രാജിവെച്ചില്ലെങ്കില്‍ 31-ാം ദിവസം അവര്‍ സ്ഥാനത്ത് നിന്നും നീക്കപ്പെടും. ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കാണ് നിര്‍ദേശം നല്‍കേണ്ടത്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി രാഷ്ട്രപതിക്കും നിര്‍ദേശം നല്‍കണം. ഡല്‍ഹിയിലും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ നടപടിയെടുക്കുക രാഷ്ട്രപതി തന്നെയായിരിക്കും എന്നാല്‍ ജമ്മു കശ്മീരില്‍ ലഫ്. ഗവര്‍ണര്‍ക്കായിരിക്കും പുറത്താക്കാനുള്ള അധികാരം.
ഇനി മുഖ്യമന്ത്രിമാരോ പ്രധാനമന്ത്രിമാരോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും 31-ാം ദിവസം ഇവര്‍ ഈ നിയമപ്രകാരം സ്ഥാനഭ്രഷ്ടരാകും. അതേസമയം ജയിലില്‍ നിന്നും പുറത്തുവന്നാല്‍ ആ വ്യക്തിക്ക് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിന് നിയമപരമായ തടസങ്ങള്‍ ഒന്നും തന്നെ ബില്ലില്‍ പറയുന്നുമില്ല.
എന്തിനാണ് ബില്‍ കൊണ്ടു വരുന്നത് ?
അഴിമതി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ ബില്‍ കൊണ്ടു വരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജി തുടങ്ങിയവര്‍ കേസുകളില്‍ അകപ്പെട്ടിട്ടും സ്ഥാനത്ത് തന്നെ തുടര്‍ന്നിരുന്നു. ഇത്തരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്.
സര്‍ക്കാര്‍ ജോലിക്കായി കോഴ വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജി 2023ല്‍ അറസ്റ്റിലാകുന്നത്. വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു കൊടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലില്‍ ഗവര്‍ണറോട് നിര്‍ദേശിച്ചെങ്കിലും സെന്തിലിനെ കാബിനറ്റില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കിയിരുന്നില്ല. ജാമ്യം ലഭിച്ച് പുറത്തുവന്ന സെന്തില്‍ ബാലാജി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒടുവില്‍ സുപ്രീം കോടതി നിര്‍ദേശത്തിന്മേലാണ് സെന്തില്‍ ബാലാജി 2025 ഏപ്രില്‍ 28ന് രാജി സമര്‍പ്പിക്കുന്നത്. രാജി വെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പിന്മേലായിരുന്നു അദ്ദേഹത്തിന്റെ രാജി.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അഞ്ച് മാസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിവാളും രാജി വെക്കുന്നത്.
കേന്ദ്രം പറയുന്നത് പ്രകാരം ഇത്തരത്തില്‍ ''അഴിമതി'' നടത്തിയവരെ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യുക എന്നതാണ് ബില്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ വരുന്ന കേസുകള്‍ക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ അത് കെട്ടിച്ചമച്ചതാണോ എന്നതൊന്നും ഇവിടെ ചര്‍ച്ചയല്ല. ആകെ മാനദണ്ഡമാകുന്നത്, മന്ത്രിമാര്‍ക്കെതിരെ ചുമത്തുന്നത് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കില്‍, അവര്‍ ആ കേസില്‍ 30 ദിവസം ജയിലില്‍ കിടന്നാല്‍ അടുത്ത ദിവസം സ്ഥാനത്ത് നിന്നും പുറത്താക്കപ്പെടുമെന്നതാണ്.
പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള നീക്കം?
ബില്ലിനെതിരെ ശക്തമായി എതിര്‍പ്പുന്നയിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് ഇപ്പോള്‍ ബില്‍ കൊണ്ടുവരുന്നതെന്നാണ് കോണ്‍ഗ്രസ് ലോക്‌സഭാ ഉപ നേതാവ് ഗൗരവ് ഗൊഗോയി പറയുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് നീക്കമെന്ന് വ്യാപകമായി ആരോപണം ഉയരുന്നതിനിടെയാണ് ഗൗരവ് ഗൊഗോയിയുടെയും പ്രതികരണം.
ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നാണ് ഇടത് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. ഇത് പ്രതിപക്ഷ സര്‍ക്കാരുകളെ ഉന്നം വെച്ചുകൊണ്ടുള്ള ബില്‍ ആണെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷത്തെ ഏറ്റവും ഫലപ്രദമായി അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്നും അറസ്റ്റിന് പോലും ഒരു മാനദണ്ഡവും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിയും പറഞ്ഞു.
സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അമിതമായി ഇടപെടുന്നതിനെതിരെ സുപ്രീം കോടതി അടുത്തിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇഡി അതിന്റെ എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇങ്ങനെ ഇടപെടാന്‍ ആവില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
നിയമ പരിധിക്കുള്ളില്‍ നിന്നാകണം കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും എന്തിനാണ് രാഷ്ട്രീയ പോരിന് കേന്ദ്ര ഏജന്‍സികളെ കൂട്ടു പിടിക്കുന്നതെന്നും സുപ്രീം കോടതി പലതവണയായി ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിഷേക് മനു സിംഗ്‌വി പറയുന്നതു പോലെ, വോട്ടിങ്ങിലൂടെ പരാജയപ്പെടുത്താന്‍ കഴിയാത്ത പ്രതിപക്ഷ സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ വെച്ച് കേസുകളില്‍പ്പെടുത്തി അറസ്റ്റ് ചെയ്യിച്ച് അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യിക്കാനുമുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായി തന്നെ ഈ ബില്ലുകളെ കരുതേണ്ടി വരും.