2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖർ ആസാദും 
IN DEPTH

അഖിലേഷിന് പണി കിട്ടുമോ? ഒവൈസി യുപിയിൽ വോട്ട് കട്ടറാകുമോ?

അഖിലേഷിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമോ? യുപിയിൽ ഒവൈസിയുടെ പുതിയ നീക്കം

Author : ഇ ആർ രാഗേഷ്

"400 വര്‍ഷം ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലത്തേക്കാണ് നിങ്ങള്‍ ഇപ്പോള്‍ പോകാന്‍ ഒരുങ്ങുന്നത്..." സമാജ്‍‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അയോധ്യ സന്ദര്‍ശിക്കാനിരിക്കെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി യുപിയിലെ മീററ്റില്‍ പറഞ്ഞ വാക്കുകളാണിത്. 1990 ല്‍ കര്‍സേവകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ മാപ്പ് പറഞ്ഞിട്ടുമതി സന്ദര്‍ശനമെന്ന് ഒരുവശത്ത് ബിജെപി നിലപാടെടുക്കുമ്പോഴാണ് ഒവൈസിയുടെ കടന്നാക്രമണം.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒവൈസിയുടെ ലക്ഷ്യം വ്യക്തം. ഒവൈസി വോട്ട് കട്ടര്‍ ആകുമോ?

യാദവ മുസ്ലീം സമവാക്യമാണ് എല്ലാകാലത്തും സമാജ് വാദി

പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ, അതിനൊപ്പം പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ കോര്‍ത്തിണക്കിയ പിഡിഎ എന്ന ആശയം മുന്നോട്ടുവച്ചാണ് അഖിലേഷ് യാദവ് കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടിപ്പിനെ നേരിട്ടതും ബിജെപിയുടെ സീറ്റ് കുത്തനെ കുറച്ചതും. തനിച്ച് മത്സരിച്ചാല്‍ വലിയ മാറ്റങ്ങളോ അത്ഭുതങ്ങളോ ഒന്നും കാട്ടാനാകില്ലെങ്കിലും പലയിടത്തും ജനവിധിയെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തിയത് ഈ രാഷ്ട്രീയ നീക്കത്തിന് കരുത്ത് പകര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിലും ഒന്നിച്ചു നീങ്ങാനാണ് സമാജ്‌വാദി - കോണ്‍ഗ്രസ്സ് നീക്കം. ഇതിനിടെയിലേക്കാണ് മൂന്നാം മുന്നണിയുടെ വരവ്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും കൈകോര്‍ത്തുള്ള സഖ്യം. തുടക്കത്തില്‍ പറഞ്ഞ അഖിലേഷിനെതിരെയുള്ള ഒവൈസി വിമര്‍ശനത്തിൻ്റെ കാതലും ഇതുതന്നെയാണ്.

യോഗി ആദിത്യനാഥ് മൂന്നാമതും അധികാരത്തില്‍ വരുന്നത് തടയുക, പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ശബ്ദമാകുക. ഇതാണ് സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച മുന്നോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യം. പക്ഷേ സംഭവിക്കുക നേരെ മറിച്ചാകുമോ എന്നതാണ് ചോദ്യം. ദളിത്, ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളില്‍ ശ്രദ്ധ ഊന്നാനാണ് സഖ്യത്തിന്റെ തീരുമാനം. ഇതിലൂടെ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിലേക്ക് പോകേണ്ട പിന്നാക്ക, ദളിത്, ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാകാനും ഫലത്തില്‍ ബിജെപിക്ക് തന്നെ ഗുണം ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. സംസ്ഥാന ജനസംഖ്യയുടെ 40 ശതമാനത്തിന് അടുത്തു വരുന്ന ദളിത്-മുസ്ലീം വോട്ടുകള്‍ 140 ലധികം മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമാണ്. സഖ്യം അഞ്ചു ശതമാനം വോട്ടു പിടിച്ചാല്‍ പോലും ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലത്തെ അതു മാറ്റിമറിക്കും.

ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത് ഇതാദ്യമല്ല

ഹൈദരാബാദ് നഗരപരിധിയില്‍ ഒതുങ്ങി നിന്നിരുന്ന എഐഎംഐഎം 2014 ലെ മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് മുതലാണ് തെലങ്കാനയ്ക്ക് പുറത്തേക്ക് വ്യാപനം ശക്തമാക്കിയത്. ആ തെരഞ്ഞെടുപ്പില്‍ രണ്ട് പേരെ നിയമസഭയിലേക്ക് അയയ്ക്കാന്‍ എഐഎംഐഎമ്മിനായി. ഹിന്ദി ബെല്‍റ്റിലെ ആദ്യ ജയം 2019 ല്‍ ബിഹാറിലെ കിഷന്‍ഗഞ്ച് ഉപതെരെഞ്ഞെടുപ്പിലായിരുന്നു. പിന്നാലെ 2020 ലെയും 2025 ലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അഞ്ചു വീതം സീറ്റ് നേടി കരുത്തുക്കാട്ടി. യുപിയില്‍ 2017 ലെ തെരഞ്ഞെടുപ്പ് മുതല്‍ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 95 സീറ്റില്‍ മത്സരിച്ചെങ്കിലും സീറ്റൊന്നും നേടാനായില്ല. ലഭിച്ചത് 0. 49 % വോട്ടുകള്‍ മാത്രം.

രാവണന്‍ എന്ന ഫാക്ടര്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി, ബിജെപി ബിഎസ്പി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചാണ് നഗീനയില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് വിജയിച്ചത്. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് ജാദവ് വോട്ടര്‍മാര്‍ക്കിടയിയിലും യുവാക്കള്‍ക്കിടയിലും ജനപ്രിയനാണ് രാവണന്‍ എന്നറിയപ്പെടുന്ന ആസാദ്. മുസ്ലീം ദളിത് വിഭാഗങ്ങള്‍ നിര്‍ണ്ണായകമായ പടിഞ്ഞാറന്‍ യുപിയിലാണ് ആസാദ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 20 ശതമാനമാണ് സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയെങ്കിലും പടിഞ്ഞാറന്‍ യുപിയില്‍ ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്.

ബിഹാര്‍ ആവര്‍ത്തിക്കുമോ?

2020 ലെ തെരഞ്ഞെടുപ്പില്‍ പതിനഞ്ചു സീറ്റുകളുടെ വ്യത്യാസത്തിനാണ് ബിഹാറില്‍ മഹാ സഖ്യത്തിന് ഭരണം നഷ്ടമായത്. ബിജെപി നയിച്ച എന്‍ഡിഎയ്ക്ക് 125 സീറ്റും ആര്‍ജെഡി നയിച്ച മഹാസഖ്യത്തിന് 110 സീറ്റും.

മഹാസഖ്യത്തിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച കാരണങ്ങളില്‍ ഒന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള, സീമാഞ്ചല്‍ മേഖലയിലേറ്റ തിരിച്ചടിയിലായിരുന്നു. ആ തിരിച്ചടിക്ക് പ്രധാന കാരണം അസദുദീന്‍ ഒവൈസിയുടെ പാർട്ടി പിടിച്ച വോട്ടും സീറ്റുകളുമായിരുന്നു. അഞ്ചു സീറ്റുകളില്‍ എഐഎംഐഎം വിജയിച്ചപ്പോള്‍ ചിലയിടത്ത് പിടിച്ച വോട്ടുകള്‍ ഫലത്തെ സ്വാധീനിച്ചു. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സംസ്ഥാനമാകെ എന്‍ഡിഎ തരംഗം ആഞ്ഞുവീശിയപ്പോള്‍ ഒവൈസിയുടെ പാര്‍ട്ടി നേടിയ വോട്ടുകള്‍ വലിയ ചര്‍ച്ചയായില്ല. ബിഹാറിലേതു പോലെ സമാനമായ പല സാഹചര്യങ്ങളും യുപിയില്‍ കാണാം. അതിനാല്‍ വോട്ട് കട്ടര്‍ ആയേക്കാവുന്ന എഐഎംഐഎം -എ എസ് പി സഖ്യത്തെ പ്രതിരോധിക്കാന്‍ സമാജ് വാദി പാര്‍ട്ടി നയിക്കുന്ന സഖ്യത്തിനു കഴിയുമോ എന്നത് ചോദ്യമായി തുടരുകയാണ്.

SCROLL FOR NEXT