കഴിഞ്ഞ 12 സാമ്പത്തിക വർഷത്തിനിടെ വൻകിട കോർപറേറ്റുകൾക്കും സേവനങ്ങൾക്കുമായി നൽകിയ ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ വായ്പകൾ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നു. വൻകിട വ്യവസായങ്ങൾക്കും സേവന മേഖലകൾക്കുമുള്ള കുടിശിക വായ്പകളെക്കുറിച്ചുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പങ്കുവെച്ചുകൊണ്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാർലമെന്റിൽ വ്യക്തമാക്കിയത്. ഇത് വെറുമൊരു കോർപറേറ്റ് സഹായം എന്ന നിലക്ക് മാത്രം കാണാനാവില്ല. ഉയർന്ന പലിശയായും, കുറഞ്ഞ നിക്ഷേപ വരുമാനമായും, അധിക ബാങ്ക് ചാർജുകളായും രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചേക്കാവുന്ന അതിഗുരുതര സ്ഥിതിവിശേഷമാണ് ഇതെന്ന് കൂടി അറിയേണ്ടതുണ്ട്.
2025 സാമ്പത്തിക വർഷത്തിൽ കുടിശിക വായ്പ 63,19,057 കോടി രൂപയിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 69,21,734 കോടി രൂപയായി വർധിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി. 1,48,753 കോടി രൂപ എഴുതിത്തള്ളിയ 2018-19 സാമ്പത്തിക വർഷം മുതലാണ് ഓരോ വർഷങ്ങളിലും വായ്പ എഴുതിത്തള്ളൽ ഉയർന്ന് തുടങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാണിജ്യ ബാങ്കുകൾക്കായി പുറപ്പെടുവിച്ച ആർബിഐ റെസല്യൂഷൻ ഓഫ് സ്ട്രെസ്ഡ് അസറ്റ്സ് ഡയറക്ഷൻസ് 2025 പ്രകാരം ഉള്ള നടപടികളാണിത്. എഴുതിത്തള്ളൽ എന്നത് ഒരു ബാങ്ക് അതിന്റെ ബാലൻസ് ഷീറ്റുകൾ ക്രമീകരിക്കുന്നതിന് ഏറ്റെടുക്കുന്ന അക്കൗണ്ടിംഗ് നടപടിക്രമം മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേക്കുന്നുണ്ട്. വായ്പകൾ പൂർണ്ണമായും നഷ്ടപ്പെടുന്നില്ലെന്നും കുടിശിക തിരിച്ചുപിടിക്കാനുള്ള നിയമനടപടികൾ ബാങ്കുകൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിക്കുന്നു. 2025 സെപ്റ്റംബർ 30 വരെയുള്ള കഴിഞ്ഞ അഞ്ചര സാമ്പത്തിക വർഷങ്ങളിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 6.15 ലക്ഷം കോടി രൂപയുടെ മൊത്തം വായ്പ എഴുതിത്തള്ളിയതായി കഴിഞ്ഞ വർഷം ഡിസംബറിൽ മന്ത്രി പാർലമെന്റിൽ അറിയിച്ചിരുന്നു. കോർപ്പറേറ്റുകളുടെ കിട്ടാക്കടങ്ങൾ നിങ്ങളുടെ നിക്ഷേപങ്ങളെയും ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.
സാധാരണക്കാരെയും പ്രവാസികളെയും പെൻഷൻകാരെയും സംബന്ധിച്ച് അവരുടെ ജീവിതസമ്പാദ്യം മുഴുവൻ സൂക്ഷിക്കുന്നത് ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളിലാണ് . കോർപ്പറേറ്റ് വായ്പകൾ വലിയ തോതിൽ കിട്ടാക്കടമാകുമ്പോൾ ബാങ്കുകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. ഈ നഷ്ടം നികത്താൻ ബാങ്കുകൾ ആദ്യം ചെയ്യുന്നത് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് വെട്ടിക്കുറയ്ക്കുക എന്നതാണ്. ബാങ്കിലെ പലിശവരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരന്മാരുടെയും മറ്റും ജീവിതം ഇതോടെ ബുദ്ധിമുട്ടിലാകുന്നു. മാത്രമല്ല, ബാങ്കുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ നിക്ഷേപങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന വലിയൊരു ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യയിൽ നിയമപ്രകാരം പരമാവധി 5 ലക്ഷം രൂപ വരെ മാത്രമാണ് ഒരു അക്കൗണ്ട് ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളത്. അതായത്, വൻകിടക്കാരുടെ കിട്ടാക്കടം മൂലം ഒരു ബാങ്ക് തകർന്നാൽ, നിങ്ങളുടെ അക്കൗണ്ടിൽ 50 ലക്ഷം രൂപ ഉണ്ടെങ്കിലും നിങ്ങൾക്ക് തിരികെ ലഭിക്കാൻ നിയമപരമായി ഉറപ്പുള്ളത് 5 ലക്ഷം രൂപ മാത്രമായിരിക്കും. കോർപ്പറേറ്റുകളുടെ വീഴ്ചകൾ നിങ്ങളുടെ ജീവിതസമ്പാദ്യത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
ബാങ്കിന്റെ പ്രധാന വരുമാനം വായ്പകളിൽ നിന്നുള്ള പലിശയാണ്. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നതിനൊപ്പം ബാങ്കുകൾ ചെയ്യുന്ന ഏറ്റവും വലിയ ഇരുട്ടടി പുതിയ വായ്പകളുടെ പലിശ കൂട്ടുക എന്നതാണ്. ആയിരക്കണക്കിന് കോടികൾ ഒരു കോർപ്പറേറ്റ് കമ്പനി തിരിച്ചടയ്ക്കാതിരിക്കുമ്പോൾ സ്വാഭാവികമായും ആ ബാങ്കിന്റെ വരുമാനത്തിൽ വലിയൊരു ആഘാതമുണ്ടാകും. ഈ നഷ്ടം ബാങ്കുകൾ നികത്തുന്നത് സാധാരണക്കാർ എടുക്കുന്ന ഭവന വായ്പ , വാഹന വായ്പ , വ്യക്തിഗത വായ്പകൾ , വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശ നിരക്ക് വലിയ തോതിൽ വർദ്ധിപ്പിച്ചുകൊണ്ടാണ്. ചുരുക്കത്തിൽ, കോർപ്പറേറ്റ് കമ്പനികൾ അടയ്ക്കാതെ പോകുന്ന പണത്തിന്, സാധാരണക്കാരൻ തന്റെ സ്വന്തം പോക്കറ്റിൽ നിന്ന് ഇരട്ടിപ്പലിശ പിഴയായി നൽകേണ്ടി വരുന്നു. ആയിരങ്ങളോ ലക്ഷങ്ങളോ വായ്പയെടുക്കുന്ന സാധാരണക്കാരന്റെ വീടിനു മുന്നിൽ ജപ്തി നോട്ടീസ് പതിക്കുന്ന ബാങ്കുകൾ, ആയിരക്കണക്കിന് കോടികൾ കുടിശ്ശിക വരുത്തുന്ന വൻകിടക്കാർക്ക് വലിയ ഇളവുകൾ നൽകുന്നു എന്ന തോന്നൽ സമൂഹത്തിൽ വളരെ ശക്തമാണ്. 'എഴുതിത്തള്ളൽ' എന്നാൽ കടം പൂർണ്ണമായി മാപ്പാക്കലല്ലെന്നും, കണക്കുപുസ്തകത്തിൽ നിന്നുള്ള മാറ്റൽ മാത്രമാണെന്നും സാമ്പത്തിക വിദഗ്ധർ പറയാറുണ്ടെങ്കിലും, ഇതിന്റെ യഥാർത്ഥ ദുരിതം അനുഭവിക്കുന്നത് ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ തന്നെയാണ്.
വൻകിട വായ്പകൾ കിട്ടാക്കടമായി മാറിത്തുടങ്ങുമ്പോൾ ബാങ്കുകൾ കൂടുതൽ സുരക്ഷാ നടപടികളിലേക്ക് കടക്കും. ഇതിന്റെ ഫലമായി പുതിയ വായ്പകൾ നൽകുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തും. വലിയ കമ്പനികൾക്ക് പോലും വായ്പ നൽകാൻ ഭയക്കുന്ന ബാങ്കുകൾ കടുത്ത നിബന്ധനകൾ വെക്കാൻ തുടങ്ങും. ഇതിന്റെ യഥാർഥ ഇരകൾ ചെറിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുകിട വ്യവസായികളും സംരംഭകരുമാണ്. ചെറിയ തുകകളുടെ ബിസിനസ്സ് വായ്പയ്ക്കോ വ്യക്തിഗത വായ്പയ്ക്കോ വേണ്ടി ബാങ്കുകൾ സാധാരണക്കാരെ പലവട്ടം ഓഫീസുകൾ കയറ്റി ഇറക്കും. പലപ്പോഴും മതിയായ ഈടുണ്ടെങ്കിൽ പോലും വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഇത് രാജ്യത്തെ തൊഴിലവസരങ്ങളെയും പുതിയ സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കും.
വരുമാനം എങ്ങനെയെങ്കിലും കൂട്ടുക എന്ന ലക്ഷ്യത്തിലേക്ക് ബാങ്കുകൾ എത്തുമ്പോൾ, അവർ സാധാരണ ഉപഭോക്താക്കളുടെ മേൽ വിവിധ തരത്തിലുള്ള അധിക ചാർജുകൾ അടിച്ചേൽപ്പിക്കാൻ തുടങ്ങും. ഒറ്റനോട്ടത്തിൽ ചെറുതെന്ന് തോന്നുമെങ്കിലും, രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഇടപാടുകാരിൽ ഈടാക്കുമ്പോൾ അതൊരു വലിയ തുകയായി മാറും.. എടിഎം ഉപയോഗിക്കുന്നതിനുള്ള പ്രതിമാസ ചാർജ് വർദ്ധിപ്പിക്കുക, അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ വലിയ പിഴ ഈടാക്കുക, എസ്എംഎസ് അലേർട്ടുകൾ, ഡെബിറ്റ് കാർഡ് വാർഷിക ഫീസ്, ചെക്ക് ബുക്ക് ഫീസ്, വായ്പാ പ്രൊസസിംഗ് ഫീസുകൾ എന്നിവയെല്ലാം കുത്തനെ കൂടും. ഒരു തെറ്റും ചെയ്യാത്ത കോടിക്കണക്കിന് സാധാരണക്കാരിൽ നിന്നും ഇത്തരം ചെറിയ തുകകൾ ഈടാക്കിയാണ് ബാങ്കുകൾ തങ്ങളുടെ വമ്പൻ കിട്ടാക്കടങ്ങളുടെ കുറവ് നികത്തുന്നത്. സ്വകാര്യ ന്യൂജൻ ബാങ്കുകളാണ് കൂടുതലായും ഉപഭോക്താക്കളെ പിഴിയുന്നതിൽ മുൻപന്തിയിലാണുള്ളത്.
കിട്ടാക്കടങ്ങൾ പെരുകി വൻകിട പൊതുമേഖലാ ബാങ്കുകൾ തകർച്ചയുടെ വക്കിലെത്തുമ്പോൾ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് ബാധിക്കുമെന്നതിനാൽ സർക്കാരിന് നേരിട്ട് ഇടപെടേണ്ടി വരും. ബാങ്കുകളെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ 'റീകാപ്പിറ്റലൈസേഷൻ' എന്ന പേരിൽ സർക്കാർ കോടിക്കണക്കിന് രൂപ ബാങ്കുകൾക്ക് നൽകും. ഈ പണം എവിടെ നിന്നാണ് വരുന്നത്? നമ്മൾ ജനങ്ങൾ ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും അടയ്ക്കുന്ന ജിഎസ്ടിപോലെയുള്ള നികുതിപ്പണത്തിൽ നിന്നുതന്നെടുക്കുന്നതാണ് ആ തുക. സാധാരണക്കാരുടെ ക്ഷേമ പദ്ധതികൾക്കോ, ഗ്രാമങ്ങളിലെ റോഡ് വികസനത്തിനോ, സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്താനോ ഉപയോഗിക്കേണ്ട ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് കോർപ്പറേറ്റുകൾ വരുത്തിയ ബാങ്കുകളുടെ നഷ്ടം നികത്താൻ മാറ്റിവെക്കേണ്ടി വരുന്നത്.
ഇതിന്റെ മറ്റൊരു വശം ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന കടുത്ത സമ്മർദ്ദമാണ്. കിട്ടാക്കടം മൂലം ബാങ്കിന്റെ ലാഭം കുറയുമ്പോൾ, പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിർത്തലാക്കും. ഉള്ള ജീവനക്കാരുടെ മേൽ കൂടുതൽ ബിസിനസ്സ് കൊണ്ടുവരാനുള്ള സമ്മർദ്ദം ഏറും. ഇത് പലപ്പോഴും ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരം തകർക്കുന്നു.. മാത്രമല്ല, ചെലവ് ചുരുക്കലിന്റെ ഭാഗമായി പല ഗ്രാമീണ മേഖലകളിലെയും ബാങ്ക് ശാഖകൾ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യും. ഇത് സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ദുഷ്കരമാക്കുന്നു.
സാധാരണക്കാരെ പിഴിയുന്നതിന് പകരം വൻകിട കോർപ്പറേറ്റുകളിൽ നിന്ന് പണം വേഗത്തിൽ തിരിച്ചുപിടിക്കാൻ സർക്കാരിന് സ്വീകരിക്കാവുന്ന ചില പുതിയ നിയമങ്ങളും നടപടികളും ഉണ്ട്. പാപ്പരത്വ നിയമം എന്ന ഐ.ബി.സി വഴി കമ്പനികൾ ലേലം ചെയ്യുമ്പോൾ ബാങ്കുകൾക്ക് 80% വരെ നഷ്ടം സഹിക്കേണ്ടി വരാറുണ്ട്. ഇത് ഒഴിവാക്കാൻ പരമാവധി 'ഹെയർകട്ട്' ശതമാനം നിയമം മൂലം നിശ്ചയിക്കേണ്ടതുണ്ട്... ഉദാഹരണത്തിന്, യഥാർത്ഥ കടത്തിന്റെ 40% ത്തിൽ കൂടുതൽ ഇളവ് ബാങ്കുകൾ നൽകാൻ പാടില്ല എന്ന കർശന നിയമം കൊണ്ടുവരണം. കമ്പനി പൊട്ടിപ്പോയാലും അതിന്റെ ഉടമകൾ വിദേശത്തും മറ്റും വലിയ ആഡംബര ജീവിതം നയിക്കുന്നതാണ് നാം കാണുന്നത്.. കമ്പനിയുടെ കടത്തിന് ഉടമകളുടെ സ്വന്തം പേരിലുള്ള ബിനാമി സ്വത്തുക്കളും കുടുംബാംഗങ്ങളുടെ പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന ശക്തമായ നിയമം പാസാക്കണം... പണം ഉണ്ടായിട്ടും ബോധപൂർവ്വം ബാങ്കിനെ പറ്റിക്കുന്നവരെ വെറുതെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിന് പകരം, അവർക്കെതിരെ കർശന ക്രിമിനൽ കേസെടുത്ത് ജയിലിലടക്കാനും അവരുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട് ഉടനടി റദ്ദാക്കാനും നിയമം വേണം.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി മാത്രം പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുകയും, പരമാവധി 6 മാസത്തിനുള്ളിൽ വിധി പറയണമെന്ന വ്യവസ്ഥ കൊണ്ടുവരികയും വേണം. വൻകിട കോർപ്പറേറ്റുകൾ വായ്പാ തുക മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുന്നതാണ് കിട്ടാക്കടങ്ങളുടെ പ്രധാന കാരണം.. ഇത് തടയാൻ, വലിയ തുക വായ്പ നൽകുന്നതിന് മുൻപും കമ്പനികളുടെ കണക്കുകൾ കൃത്യമായി നിരീക്ഷിക്കാൻ സ്വതന്ത്ര ഏജൻസികളെക്കൊണ്ട് ഫോറൻസിക് ഓഡിറ്റിംഗ് നടത്തുന്നത് നിർബന്ധമാക്കണം. ഏതായാലും ഒരു വൻകിട കോർപ്പറേറ്റ് കമ്പനി അവരുടെ വായ്പ തിരിച്ചടയ്ക്കാതെ വരുമ്പോൾ ചെറിയ ഒരു നടുക്കം നമുക്കും ഉണ്ടാവേണ്ടതുണ്ട്. അതായത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പലിശ കുറയുന്നതിലും, നിങ്ങളുടെ വായ്പാ തിരിച്ചടവ് തുക കൂടുന്നതിലും, നിങ്ങൾ നൽകുന്ന നികുതിപ്പണം പാഴാകുന്നതിലൂടെയും അത് നിങ്ങളുടെ വീടിനുള്ളിലേക്ക് നേരിട്ട് കടന്നുവരുന്നുണ്ട്. അതിനാൽ കോർപ്പറേറ്റുകളുടെ വായ്പാ വീഴ്ചകൾ യഥാർത്ഥത്തിൽ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റം തന്നെയാണ്.