IN DEPTH

ജാതിയുടെ ജനിതകം തേടുമ്പോൾ...

പശ്ചിമേഷ്യൻ, യൂറേഷ്യൻ ആഫ്രിക്കൻ ഇറാനിയൻ ജനിതക ഘടകങ്ങളും,ചരിത്രപരമായ വ്യാപാരബന്ധങ്ങളിലൂടെ വിദേശ ജനിതക ഘടകങ്ങളുടെയും സ്വാധീനം. ജാതി മേൽ കോയ്മയുടെ കെട്ടുകഥകൾ പൊളിച്ച് ജനിതക പഠനം

Author : പി.പി. പ്രശാന്ത്

ചരിത്രം എന്നത് കേവലം പുസ്തകങ്ങളിലെ എഴുത്തുകളോ ശേഷിപ്പുകളോ മാത്രമല്ല; അത് മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ, പ്രത്യേകിച്ച് ഡി.എൻ.എ-യിൽ നൂറ്റാണ്ടുകളായി രേഖപ്പെടുത്തിവെക്കപ്പെട്ടിട്ടുള്ള ഒരു ജീവചരിത്രമാണ്! അച്ഛനമ്മമാരിൽ നിന്ന് മക്കളിലേക്ക് കണ്ണുകളുടെ നിറം, ഉയരം തുടങ്ങിയ സവിശേഷതകൾ കൈമാറ്റം ചെയ്യപ്പെടുന്ന ഡിഎൻഎ ഘടന എന്നത് ഒരു ജനിതക മൊസൈക് ആണ് എന്ന് വേണമെങ്കിൽ പറയാം. പലതരം ചെറിയ കഷ്ണങ്ങൾ ചേർത്ത് മനോഹരമായ ഒരു ചിത്രം ഉണ്ടാക്കുന്നതാണ് 'മൊസൈക്' . ഭൂശാസ്ത്രപരമായി മലബാർ തീരവും തെക്കേ ഇന്ത്യയും പണ്ടേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്രസഞ്ചാരികളെയും വ്യാപാരികളെയും ആകർഷിച്ചിരുന്നതിനാൽ, കേരള ജനതയുടെ ജനിതക ഘടന വളരെ സവിശേഷവും വൈവിധ്യപൂർണ്ണവുമാണ്. പല രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വന്നെത്തിയ ജീനുകൾ ചേർന്നൊരു കൂട്ടായ്മ. ലോകത്തെ ജനിതക കുതുകികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ഘടകം കൂടിയാണ് ഇത്. തദ്ദേശീയമായ ദ്രാവിഡ വേരുകൾ ആഴത്തിൽ നിലനിൽക്കുമ്പോൾ തന്നെ, നൂറ്റാണ്ടുകളായുള്ള സമുദ്ര വ്യാപാരവും, മാതൃദായ സമ്പ്രദായങ്ങളും, വിവിധ ദേശങ്ങളിൽ നിന്നുള്ള കുടിയേറ്റങ്ങളും ചേർന്ന് കേരള സമൂഹത്തെ ജനിതകപരമായി ലോകത്തിലെ ഏറ്റവും വൈവിധ്യപൂർണ്ണമായ ഒന്നാക്കി മാറ്റിയിരിക്കുന്നു.

കേരളത്തിലെ വിവിധ കുടുംബപ്പേരുകളും സമുദായങ്ങളും കേവലം സാമൂഹികമായ അടയാളങ്ങൾ മാത്രമല്ല; അവയുടെ പിന്നിൽ സവിശേഷമായ ജനിതക ചരിത്രമുണ്ട്. ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും കുടുംബപ്പേരുകളും പാരമ്പര്യവും പിതൃവഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ, കേരളത്തിൽ നായർ, ഈഴവ തുടങ്ങിയ സമുദായങ്ങളിൽ നിലനിന്നിരുന്ന മരുമക്കത്തായം കാരണം മാതൃവഴിയാണ് സ്വത്തും കുടുംബപ്പേരുകളും കൈമാറ്റം ചെയ്യപ്പെട്ടത്. അതിനാൽ ഈ സമുദായങ്ങളുടെ മാതൃവഴിയിലെ ജനിതകഘടന പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള തദ്ദേശീയ ദ്രാവിഡ ബന്ധത്തെ മാറ്റമില്ലാതെ പിന്തുടരുന്നതായി ഈ പഠനങ്ങൾ കാണിക്കുന്നു.

മനുഷ്യൻ ചരിത്രാതീത കാലത്ത് നടത്തിയ പലായനങ്ങളെ കണ്ടെത്താൻ ശാസ്ത്രജ്ഞർ പ്രധാനമായും ഹാപ്ലോഗ്രൂപ്പുകളാണ് ഉപയോഗിക്കുന്നത്. പൂർവ്വികർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നടത്തിയ യാത്രാവഴികൾ അടയാളപ്പെടുത്തുന്ന പ്രത്യേക ജനിതക അടയാളങ്ങളാണിവ. ഈ മേഖലയിൽ ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസർ ഡേവിഡ് റീച്ച് ലാബും, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്‍റ് മോളിക്യുലർ ബയോളജിയിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. കെ. തങ്കരാജും ചേർന്ന് നടത്തിയ പഠനങ്ങൾ ഇന്ത്യൻ ജനിതക ചരിത്രത്തിൽ വലിയ നാഴികക്കല്ലാണ്. 'നേച്ചർ' പോലുള്ള പ്രശസ്ത ജേണലുകളിൽ ഇവർ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെ മുസിരിസ് തുറമുഖ നഗരമായ പട്ടണത്തിൽ നിന്ന് ലഭിച്ച പുരാതന അസ്ഥികൂടങ്ങളിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചെടുത്ത് ഈ ശാസ്ത്രജ്ഞർ നടത്തിയ പഠനം, കേരളത്തിന്റെ പുരാതന സാംസ്കാരിക വൈവിധ്യങ്ങളിലേക്കും പശ്ചിമേഷ്യൻ ബന്ധങ്ങളിലേക്കും വെളിച്ചം വീശുന്നു.

ആധുനിക ആന്ത്രോപോളജിക്കൽ ജനിതക പഠനങ്ങൾ, പ്രത്യേകിച്ച് 2019-ൽ 'സയൻസ്' മാഗസിനിൽ പ്രസിദ്ധീകരിച്ച “The formation of human populations in South and Central Asia” എന്ന ഗവേഷണ പ്രബന്ധം വ്യക്തമാക്കുന്നത്, ഇന്ത്യയിലെ ജനങ്ങൾ പ്രധാനമായും മൂന്ന് ജനിതക സ്രോതസ്സുകളുടെ സങ്കലനത്താലാണ് രൂപപ്പെട്ടിരിക്കുന്നത് എന്നാണ്. ഒന്ന്, ദക്ഷിണേന്ത്യയുടെ തദ്ദേശീയരായ ആദ്യകാല മനുഷ്യരുടെ ജനിതക അടിത്തറയായ പ്രാചീന ദ്രാവിഡ വേരുകൾ അഥവാ AASI എന്ന് വിളിക്കുന്ന Ancient Ancestral South Indian എന്ന ഘടകമാണ്. ഏകദേശം 50,000 മുതൽ 65,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് പുറത്തുവന്ന ജനങ്ങൾ ദക്ഷിണേഷ്യയിൽ സ്ഥിരതാമസമാക്കിയതിന്റെ ജനിതക അടയാളമാണിത്. ലോകത്ത് മറ്റെവിടെയും കാര്യമായ അളവിൽ കാണപ്പെടാത്ത, ഈ തനതായ ദക്ഷിണേഷ്യൻ ഘടകം ദക്ഷിണേന്ത്യയിലെ പ്രധാന ഗോത്രവിഭാഗങ്ങളായ പണിയർ, ഇരുള, കാടർ തുടങ്ങിയവരുടെ ജനിതക ഘടനയിൽ 70 മുതൽ 80 ശതമാനം വരെ കാണാം.

സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ടെത്തിയ Ancient South Indian എന്ന ഇറാനിയൻ അല്ലെങ്കിൽ പശ്ചിമേഷ്യൻ ജനിതക ഘടകമാണ് രണ്ടാമത്തേത്. ബി.സി.ഇ 7000-ത്തിനും 4000-ത്തിനും ഇടയിലാണ് ഇവർ എത്തിയത്. കൃഷിയും മൃഗപരിപാലനവും പഠിച്ച ഈ ജനങ്ങൾ പടിഞ്ഞാറൻ ഏഷ്യയിൽ നിന്ന് കുന്നുകളും താഴ്‌വരകളും താണ്ടി പതുക്കെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്നു. കേരളത്തിലെ നായർ, തിയ്യ, ഈഴവ തുടങ്ങിയവരിൽ ഈ ഇറാനിയൻ ജനിതക ഘടകം താരതമ്യേന കൂടുതലാണ്. മൂന്നാമത്തേത് യൂറേഷ്യൻ സ്റ്റെപ്പി പാസ്റ്ററലിസ്റ്റുകളുടെ ജനിതക ഘടകമാണ്. റഷ്യയുടെയും കസാഖ്സ്ഥാന്റെയും പുൽമേടുകളിൽ നിന്ന് ബി.സി.ഇ 2000-നും 1500-നും ഇടയിൽ നടന്ന കുടിയേറിയവരാണ് ഇവർ. സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചക്ക് ശേഷം തെക്കൻ ഇന്ത്യയിലെത്തി പുരാതന തദ്ദേശീയ ജനങ്ങളുമായി കലരുകയായിരുന്നു. തങ്ങളോടൊപ്പം ഇൻഡോ-ആര്യൻ ഭാഷകളും സംസ്കാരവും അവർ കൊണ്ടുവന്നു. കേരളത്തിൽ മധ്യ യൂറേഷ്യൻ സ്റ്റെപ്പ് ജനിതക സ്വാധീനം താരതമ്യേന ഏറ്റവും കൂടുതലുള്ളത് നമ്പൂതിരി ബ്രാഹ്മണർ പോലുള്ള ജാതി സമുദായങ്ങളിലാണ്.

സിഥിയൻ കുതിരപ്പടയാളികളിൽ നിന്നോ നേപ്പാളിലെ നെവാർ വംശജരിൽ നിന്നോ ഉത്ഭവിച്ചവരാണ് നായന്മാർ എന്ന വാമൊഴി മിത്തുകൾക്ക് ചരിത്രത്തിൽ വലിയ പ്രചാരം ലഭിച്ചിരുന്നു... എന്നാൽ ആധുനിക ജനസംഖ്യാ ജനിതകശാസ്ത്രം ഈ കഥകളെ തിരുത്തുന്നുണ്ട്. പ്രമുഖ ശാസ്ത്ര ജേണലുകളിൽ വന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്, നായന്മാർ വലിയ തോതിൽ തദ്ദേശീയ ദക്ഷിണേന്ത്യൻ വേരുകൾ ഉള്ളവരാണ് എന്നാണ്. അതേസമയം വടക്കുപടിഞ്ഞാറൻ ഇന്ത്യക്കാരുമായി കാണപ്പെടുന്ന ചെറിയ ജനിതക സാമ്യം യുദ്ധങ്ങളിലൂടെയല്ല, പുരാതന കാലത്തെ വ്യാപാരത്തിലൂടെയും ജനസമ്പർക്കത്തിലൂടെയും സംഭവിച്ചതാണ്.

ഏറ്റവും കൗതുകകരമായ കാര്യം, പുറത്തുനിന്നുള്ള ഈ ജനിതക ഘടകം ഇവരിലേക്ക് എത്തിയത് പുരുഷന്മാരിലൂടെയല്ല, മറിച്ച് സ്ത്രീ പരമ്പരയിലൂടെയാണ് എന്നതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന 'ജീനോം ബയോളജി ആൻഡ് എവല്യൂഷൻ' പോലുള്ള പ്രമുഖ പിയർ-റിവ്യൂഡ് ശാസ്ത്ര ജേണലുകളിലെ ഡോക്ടർ കെ. തങ്കരാജ് അടക്കമുള്ള പ്രമുഖ ശാസ്ത്രജ്ഞരുടെ പഠന വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായവും സംബന്ധ വിവാഹങ്ങളും തലമുറകളായി സ്ത്രീകളിലൂടെ ഈ ജനിതക മാറ്റം കൈമാറപ്പെടാൻ ഇടയാക്കിയിരിക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. ഈഴവ, തീയ്യ സമൂഹങ്ങളുടെ ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നത് അവയ്ക്ക് ദക്ഷിണേന്ത്യയുടെ തദ്ദേശീയമായ ആഴത്തിലുള്ള പുരാതന ദക്ഷിണേന്ത്യൻ വേരുകളുണ്ടെന്നാണ്. മലബാർ മേഖലയിലെ തീയ്യരും മധ്യ-തെക്കൻ കേരളത്തിലെ ഈഴവരും തമ്മിലുള്ള ചെറിയ വ്യതിയാനങ്ങൾ അതാത് പ്രദേശങ്ങളിലെ ചരിത്രപരമായ കുടിയേറ്റങ്ങളുടെ ഫലമാണ്.

പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടാക്കിയ നാട്ടിലേക്ക് വടക്കുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു എന്ന ഐതിഹ്യമൊക്കെ ഉണ്ടെങ്കിലും ഇവർ കേരളത്തിലേക്ക് എത്തിയത് ഒറ്റപ്പെട്ട ഒരു അമാനുഷിക സംഭവത്തിലൂടെയല്ല, സിന്ധു-ഗംഗാ സമതലങ്ങളിൽ നിന്ന് ഗുജറാത്തും കൊങ്കൺ തീരവും തുളുനാടും വഴി നൂറ്റാണ്ടുകളിലൂടെ തെക്കോട്ട് നീങ്ങിയ കുടിയേറ്റത്തിന്റെ ഭാഗമായായിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിൽ സ്റ്റെപ്പി പുൽമേടുകളിൽ നിന്നുള്ള ജനിതക ഘടകം വെറും 5 മുതൽ 8 ശതമാനം മാത്രമായിരിക്കുമ്പോൾ, നമ്പൂതിരിമാരിൽ ഇത് 25 ശതമാനം വരെയും, ഇന്തോ-ആര്യൻ വംശവുമായി ബന്ധപ്പെട്ട ജനിതക സ്വാധീനം 45 ശതമാനം വരെയും ഉയർന്ന അളവിൽ കാണപ്പെടുന്നുണ്ട്. കടുത്ത സ്വജാതി വിവാഹങ്ങളിലൂടെയും മൂത്തമകന്റെ വേളിയിലൂടെയും ഈ വടക്കൻ ജനിതകം അവർ വലിയ കലർപ്പില്ലാതെ കാത്തുസൂക്ഷിച്ചപ്പോൾ, ഇളയ പുത്രന്മാർക്ക് നായർ സ്ത്രീകളുമായുണ്ടായിരുന്ന 'സംബന്ധ'ത്തിലൂടെ ഇതിന്റെ ഒരു പങ്ക് നായർ വിഭാഗത്തിലേക്കും വ്യാപിച്ചു. ചുരുക്കത്തിൽ, ഈ ജനിതക പ്രത്യേകത ജൈവികമായ യാതൊരു ശ്രേഷ്ഠതയുമല്ല കാണിക്കുന്നത്, മറിച്ച് നൂറ്റാണ്ടുകളോളം അവർ നിലനിർത്തിപ്പോന്ന സങ്കീർണ്ണമായ വിവാഹ നിയമങ്ങളുടെയും അധികാര-സാമൂഹിക ക്രമങ്ങളുടെയും സ്വാഭാവികമായ ശാസ്ത്രീയ അടയാളപ്പെടുത്തൽ മാത്രമാണ്.

സുറിയാനി ക്രിസ്ത്യാനികളുടെയും മാപ്പിളമാരുടെയും അടിസ്ഥാന ജനിതകഘടന കേരളത്തിലെ മറ്റ് തദ്ദേശീയ ദക്ഷിണേന്ത്യൻ ജനവിഭാഗങ്ങൾക്ക് സമാനമാണെങ്കിലും, ചരിത്രപരമായ വ്യാപാരബന്ധങ്ങളിലൂടെ ചെറിയ തോതിലുള്ള വിദേശ ജനിതക ഘടകങ്ങൾ അവരിൽ കലർന്നിട്ടുണ്ടെന്ന് ആധുനിക ഡി.എൻ.എ പഠനങ്ങൾ വ്യക്തമാക്കുന്നു. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി കേരളതീരത്ത് വന്നുപോയ അറബ്, പേർഷ്യൻ, മേഖലകളിൽനിന്നുള്ള വ്യാപാരികളുമായും കുടിയേറ്റക്കാരുമായും ഉണ്ടായ സമ്പർക്കമാണ് ഇതിന് കാരണം. എന്നിരുന്നാലും ഇവ പൂർണ്ണമായ വിദേശ ഉത്ഭവത്തെയല്ല, മറിച്ച് പ്രാദേശികമായ ജനതയുടെ അടിത്തറയിൽ ചരിത്രപരമായ വ്യാപാര സംസ്കാരം വരുത്തിയ ചെറിയ ജനിതക സ്വാധീനത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

SCROLL FOR NEXT