IN DEPTH

മഴകുറച്ച് ദുരിതം വിതക്കുന്നത് എല്‍ നിനോ പ്രതിഭാസമോ ?

വരാനിരിക്കുന്ന കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോ പ്രതിഭാസത്തിനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു

Author : പി.പി. പ്രശാന്ത്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും കാർഷിക മേഖലയുടെയും ജീവനാഡിയായ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ തുടക്കം രാജ്യത്ത് കടുത്ത ആശങ്ക പരത്തുകയാണ്. സാധാരണയായി കൃത്യസമയത്ത് എത്തിച്ചേരേണ്ട മൺസൂണിന്റെ പുരോഗതി മന്ദഗതിയിലായതോടെ, രാജ്യവ്യാപകമായി ജൂൺ മാസത്തിലെ ആദ്യഘട്ടത്തിൽ 35 ശതമാനത്തിന്റെ വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ മൺസൂൺ വിളകളുടെ കൃഷിയിറക്കലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. പസഫിക് സമുദ്രത്തിലെ ജലതാപനില ഉയരുന്ന 'എൽ നിനോ' പ്രതിഭാസം നിലനിൽക്കുന്ന വർഷമായതിനാലാണ് ഈ മഴക്കുറവ് കൂടുതൽ ഗൗരവത്തോടെ വീക്ഷിക്കപ്പെടുന്നത്. കേരളത്തിലാണെങ്കിൽ​ ​പ്രതീക്ഷിത മഴ ലഭിക്കാത്തതിനെത്തുടർന്ന് വൈദ്യുതി നിയന്ത്രണവും തുടങ്ങിക്കഴിഞ്ഞു.

സാധാരണയായി ജൂൺ ആദ്യവാരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കേണ്ട മൺസൂൺ മേഘങ്ങൾ, ആദ്യ ഘട്ടത്തിന് ശേഷം മുന്നോട്ടുള്ള പ്രയാണം താൽക്കാലികമായി നിർത്തിവെച്ച മട്ടാണ്.മൺസൂൺ സാധാരണ എത്തിച്ചേരേണ്ട തീയതി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ മഴ എത്തിയിട്ടില്ല.ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ സാധാരണയേക്കാൾ 5% കൂടുതൽ മഴ ലഭിച്ചതൊഴിച്ചാൽ, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത വരൾച്ച സമാനമായ സാഹചര്യത്തിലാണ്. മധ്യ ഇന്ത്യയിൽ 61 ശതമാനവും, കിഴക്കൻ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 43 ശതമാനവും, തെക്കൻ ഉപദ്വീപിൽ 14 ശതമാനവും മഴക്കുറവ് നിലവിലുണ്ട്. മഹാരാഷ്ട്ര, കൊങ്കൺ തീരം, മധ്യ ഇന്ത്യയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൺസൂണിന്റെ വടക്കോട്ടുള്ള പ്രയാണം ദിവസങ്ങളായി സ്തംഭിച്ചുനിൽക്കുകയാണ്.

പസിഫിക് സമുദ്രത്തിൽ രൂപംകൊള്ളുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ചെറിയ പയ്യൻ എന്നാണ് സ്പാനിഷിൽ എൽ നിനോ എന്ന പേരിനർഥം. പസഫിക് സമുദ്രത്തിന് മുകളിലൂടെ വീശുന്ന കാറ്റ്, ചൂടുള്ള ഉപരിതല ജലത്തെ തെക്കേ അമേരിക്കയിൽ നിന്ന് ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും ഭാഗത്തേക്ക് കൊണ്ടുവരുന്ന സാധാരണ അവസ്ഥയെയാണ് എൽ നിനോ തകിടംമറിക്കുന്നത്. എൽനിനോ സമയത്ത് ഈ കാറ്റുകൾ ദുർബലമാകുന്നു. അതോടെ ചൂടുവെള്ളം ഏഷ്യയിലേക്ക് വരുന്നതിന് പകരം തെക്കേ അമേരിക്കൻ തീരത്ത് തന്നെ കെട്ടിക്കിടക്കുന്നു. ഇത് അന്തരീക്ഷത്തിലെ മേഘങ്ങളുടെയും മഴയുടെയും ഗതി മാറ്റുന്നു. ഇതിന്‍റെ ഫലമായി കാറ്റ്, അന്തരീക്ഷ മർദ്ദം, മഴയുടെ ക്രമം എന്നിവക്ക് മാറ്റമുണ്ടാകും. ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കുന്ന എൽ നിനോ കാരണം മഴയുടെ ലഭ്യത കുറയുകയും വരൾച്ചയ്ക്ക് സാധ്യത കൂടുകയും ചെയ്യും.

1997ലും 2015ലും ലോകത്തെ നടുക്കിയ പ്രകൃതിക്ഷോഭങ്ങൾക്ക് സമാനമായ, അല്ലെങ്കിൽ അതിനേക്കാൾ തീവ്രമായ ഒരു ‘സൂപ്പർ എൽ നിനോ’ പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. സമുദ്രോപരിതലത്തിലെ ഈ താപവർധനവിനോട് അന്തരീക്ഷം ഇതിനകം തന്നെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ പൂർണ്ണമായും എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു കഴിഞ്ഞു.ഏപ്രിൽ-മെയ്-ജൂൺ മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. വരാനിരിക്കുന്ന കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോ പ്രതിഭാസത്തിനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. 2026 ഓഗസ്റ്റ് മാസത്തോടെ ഈ പ്രതിഭാസം ഇന്ത്യയുടെ മഴ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എൽ നിനോ എന്നാൽ ദുർബലമായ മൺസൂൺ കാറ്റാണ്. പസിഫിക്കിലെ താപനില വർധിക്കുമ്പോൾ, അത് ഇന്ത്യയിലേക്ക് വീശേണ്ട മഴമേഘങ്ങളെ തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. സാധാരണഗതിയിൽ ഇത് വടക്കൻ, മധ്യ ഇന്ത്യയിൽ കടുത്ത വരൾച്ചയ്ക്കും, തെക്കൻ തീരപ്രദേശങ്ങളിൽ അപ്രതീക്ഷിത പ്രളയത്തിനും കാരണമാകുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥനങ്ങളിൽ വരൾച്ചയ്ക്ക് സാധ്യതയേറും. മധ്യപ്രദേശിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിൽ താഴെ മാത്രമേ മഴ ലഭിക്കൂ. ഇൻഡോർ, ഉജ്ജൈൻ, ഗ്വാളിയോർ, ജബൽപൂർ, സാഗർ തുടങ്ങിയ നഗരങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നേക്കാം. കടുത്ത ചൂടിനൊപ്പം മൺസൂൺ മഴയുടെ കുറവ് കൂടി ചേരുന്നതോടെ ഡൽഹിയിൽ വായുമലിനീകരണവും ഉഷ്ണതരംഗവും രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ 60 ശതമാനം കർഷകരും ഇപ്പോഴും കൃഷിക്കായി മഴയെ നേരിട്ട് ആശ്രയിക്കുന്നവരാണ്. അതിനാൽ ഓഗസ്റ്റിലെ മഴക്കുറവ് വിളവെടുപ്പിനെ സാരമായി ബാധിക്കും.

ഈ വർഷത്തെ മൺസൂൺ മഴ ദീർഘകാല ശരാശരിയുടെ 92 ശതമാനം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ. സാധാരണ മൺസൂൺ ലഭ്യത ഏകദേശം 870 മില്ലിമീറ്റർ ആണ്. ഇത്തവണ മഴയുടെ അളവ് 90 ശതമാനത്തിൽ താഴെ പോകാൻ ,അതായത് ഏകദേശം 35 ശതമാനം സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ ലഭിക്കുമെങ്കിലും, മൺസൂണിന്റെ രണ്ടാം പകുതിയായ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരിക്കും എൽ നിനോയുടെ യഥാർഥ പ്രഹരം അനുഭവപ്പെടുക.എൽ നിനോയുടെ മറ്റൊരു മുഖം തീരദേശങ്ങളിലെ അമിത മഴയാണ്. വടക്ക് വരൾച്ച അനുഭവപ്പെടുമ്പോൾ തെക്കൻ ഉപദ്വീപിൽ കാറ്റ് അപ്രതീക്ഷിതമായി ശക്തമാകാൻ സാധ്യതയുണ്ട്. മുൻപത്തെ എൽ നിനോ വർഷങ്ങളെ വച്ച് നോക്കിയാൽ, ചെന്നൈ നഗരം കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളെ മറികടക്കുന്ന അതിശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും അമിത മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുൻകാല കണക്കുകൾ പ്രകാരം ജൂൺ മാസത്തിലെ മഴയുടെ അളവും എൽ നിനോയും തമ്മിൽ കൃത്യമായ ഒരു പാറ്റേൺ പ്രവചിക്കുക അസാധ്യമാണ്. 2015ൽ ഏറ്റവും ശക്തമായ എൽ നിനോ രേഖപ്പെടുത്തിയ വർഷമായിരുന്നിട്ടും ജൂണിൽ സാധാരണയേക്കാൾ 14% കൂടുതൽ മഴ ലഭിച്ചു. കടുത്ത വരൾച്ചയിലേക്ക് രാജ്യം നീങ്ങിയ 2002 , 2004 വർഷങ്ങളിൽ ജൂണിൽ സാധാരണ മഴ ലഭിച്ചെങ്കിലും, ജൂലൈ മാസത്തിന് ശേഷമാണ് കടുത്ത മഴക്കുറവ് ഉണ്ടായത്. 2009 ഉം 2014ലും വർഷങ്ങളിൽ മാത്രമാണ് നിലവിലെ സാഹചര്യത്തിന് സമാനമായി ജൂണിൽ യഥാക്രമം 47%, 44% എന്ന കണക്കിൽ വലിയ മഴക്കുറവ് അനുഭവപ്പെട്ടത്. 2023ലാണ് ഒടുവിൽ എൽ നിനോ ഉണ്ടായ വർഷം...അന്ന് ജൂണിൽ 8% കുറവ് മാത്രമാണ് ഉണ്ടായത്, ഇത് സാധാരണ പരിധിക്കുള്ളിലായിരുന്നു.ഈ വർഷം ഏപ്രിലിൽ ഐ.എം.ഡി പ്രവചിച്ച 92% മഴ എന്നത് മെയ് മാസത്തെ പുതുക്കിയ കണക്കിൽ 90% ആയി കുറച്ചിട്ടുണ്ട്. 2015-ന് ശേഷമുള്ള കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും നിരാശാജനകമായ പ്രവചനമാണിത്.

എല്‍നിനോ പ്രതിഭാസം ശക്തമായതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി അന്തരീക്ഷ താപനില ഉയരുകയും വൈദ്യുതി ലഭ്യതയില്‍ വന്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ മണ്‍സൂണ്‍ എത്തിയെങ്കിലും ചൂടിന് കാര്യമായ കുറവില്ലാത്തതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. പരമാവധി 4100 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലത് 4900 മെഗാവാട്ട് വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടർന്ന് രാത്രി സമയങ്ങളില്‍ ചിലയിടങ്ങളില്‍ നേരിയ തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കേണ്ട സാധാരണ മഴയുടെ അളവ് ഗണ്യമായി എൽനിനോ കുറയ്ക്കുന്നു. കൃത്യസമയത്ത് മഴ ലഭിക്കാത്തത് രാജ്യത്തെ കാർഷിക മേഖലയെയും ജലലഭ്യതയെയും ഭക്ഷ്യവിലയെയും ദോഷകരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് കടുത്ത ചൂടിനും വരണ്ട അന്തരീക്ഷത്തിനും ഇത് വഴിയൊരുക്കുന്നു. ചുരുക്കത്തിൽ, കേവലമൊരു കാലാവസ്ഥാ മാറ്റം എന്നതിലുപരി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജീവന്റെ നിലനിൽപ്പിനും നേരെയുള്ള കടുത്ത വെല്ലുവിളിയായി എൽ നിനോ മാറുകയാണ്. പ്രകൃതിയുടെ ഈ രൗദ്രഭാവത്തെ അതിജീവിക്കാൻ പഴുതടച്ച ആസൂത്രണവും അതിജാഗ്രതയും നമുക്ക് കൂടിയേ തീരൂ.

SCROLL FOR NEXT