കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ എന്നത് യാതൊരു പുതുമയും ഉള്ള വാര്‍ത്തയല്ല. അഭിപ്രായ ഭിന്നതകളും പരസ്യമായ ഗ്രൂപ്പ് പോരുകളും കോണ്‍ഗ്രസിന്റെ ജീനിനകത്ത് തന്നെ ഉള്ളതാണ്. പഴയ ഗ്രൂപ്പ് സമവാക്യങ്ങളൊക്കെ ഇപ്പോള്‍ മാറിയിരിക്കുന്നു. പണം, പരിചയം, പ്രവര്‍ത്തനം എന്നീ മാനദണ്ഡങ്ങളില്‍ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള യോഗ്യത അളക്കുമ്പോള്‍ സ്വാഭാവികമായും അനുയായി വൃന്ദങ്ങളും ഹൈക്കമാന്‍ഡിലെ പിടിപാടികളുമൊക്കെ ഘടകങ്ങളായി വരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ചരിത്രം.
ഓര്‍മയിലുണ്ട്; കോണ്‍ഗ്രസ് വിഭാഗീയതയുടെ ഇന്നലെകള്‍
നമുക്ക് ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ നിന്ന് തുടങ്ങാം. പോരാട്ടം നയിച്ച രമേശ് ചെന്നിത്തലയെ അവഗണിച്ച് പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി.സതീശന് ഹൈക്കമാന്‍ഡ് നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി'യില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.
'മെയ് 22നാണ് എംഎല്‍എമാരുടെ അഭിപ്രായം ആരായാന്‍ കേന്ദ്ര പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തുന്നത്. അതിനു മുമ്പ് ഹൈക്കമാന്‍ഡിൻ്റെ മനസില്‍ എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ഞാനാഗ്രഹിച്ചു. അന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്നു. എന്തെങ്കിലും നിർദേശം ഡല്‍ഹിയില്‍ നിന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇതുവരെ ഒന്നുമില്ല എന്നായിരുന്നു മറുപടി. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയുടെ ദിവസം ഞാന്‍ മസ്‌കറ്റ് ഹോട്ടലിലെ മുറിയില്‍ ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു. ഒരു നിര്‍ദേശവുമില്ലെന്നും ആര്‍ക്കും ആരുടെ പേരും നിര്‍ദ്ദേശിക്കാമെന്ന് ഖാര്‍ഗെ പറഞ്ഞു. അതിന് ശേഷമാണ് ഞങ്ങള്‍ രമേശിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച്ചയ്ക്കു തൊട്ടുമുമ്പ് ആരുടെ കാര്യത്തിലെങ്കിലും ഹൈക്കമാന്‍ഡിന് താല്പര്യമുണ്ടോ എന്ന് രമേശ് ചെന്നിത്തലയും ഖാര്‍ഗേയോടു ചോദിച്ചിരുന്നു. നിഷേധാര്‍ഥത്തിലായിരുന്നു മറുപടി. 21 എംഎല്‍എമാരില്‍ ഭൂരിപക്ഷവും രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാല്‍ ഹൈക്കമാൻഡിൻ്റെ മനോഗതം വേറെയായിരുന്നു എന്നു വ്യക്തമാക്കിക്കാണ്ട് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ താല്പര്യം നേരത്തേ സൂചിപ്പിച്ചിരുന്നെങ്കില്‍ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിക്കുമായിരുന്നു'.
ഈ അവസാന വരിയില്‍ പറയാതെ പറഞ്ഞുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ അതൃപ്തിയും പ്രതിഷേധവും വ്യക്തം. ഇങ്ങനെയാണ് പലപ്പോഴും ഹൈക്കമാന്‍ഡ് തീരുമാനം വരാറുള്ളത്. ഇന്നത്തെ അവസ്ഥയും സമാനമാണ്. മുഖ്യമന്ത്രിയെയാണ് അവര്‍ നിശ്ചയിക്കുന്നത് എന്ന് മാത്രം.
കേരള സംസ്ഥാനം രൂപീകരിച്ച് 1962 ല്‍ ഭരണം ലഭിച്ചതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായി. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറും ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയും ഒരു ഭാഗത്തും കെപിസിസി പ്രസിഡന്റ് ആയിരുന്ന സി.കെ. ഗോവിന്ദന്‍ നായര്‍ നയിക്കുന്ന മറുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരസ്യമായിരുന്നു. 1963 ഒക്ടോബര്‍ 6-ാം തിയതി നടക്കാനിരുന്ന പിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അടിയുടെ വക്കിലെത്തിയതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നു. കെ.പി. മാധവന്‍ നായരായിരുന്നു സംഘടനാ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. ശങ്കര്‍-ചാക്കോ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി എ.സി. ചാക്കോയും. റിട്ടേണിങ് ഓഫീസറായി എത്തിയ ഹരിഹര കംബോന്‍ജക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ തുര്‍ന്ന് കേരളം വിട്ടുപോകേണ്ടിവന്നു. പിന്നീട് ഒക്ടോബര്‍ 27ന് മത്സരം നടന്നപ്പോള്‍ മാധവന്‍ നായര്‍ എം.സി. ചാക്കോയെ 87നെതിരെ 98 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
കേരളത്തിലെ കോണ്‍ഗ്രസിലെ ആദ്യത്തെ വലിയ പൊട്ടിത്തെറിയുണ്ടാകുന്നത് ആര്‍. ശങ്കറും പി.ടി. ചാക്കോയും തമ്മിലാണ്. അതിലേക്ക് നയിച്ച സംഭവ പരമ്പരകളുടെ തുടക്കം ഒരു കാര്‍ യാത്രയിലൂടെയാണ്. 1963 ഡിസംബര്‍ എട്ടാം തിയ്യതി പീച്ചിയിലേക്ക് പോവുകയായിരുന്ന ആഭ്യന്തരമന്ത്രി പി.ടി.ചാക്കോയുടെ കാര്‍ ഒരു ഉന്തുവണ്ടിയുമായി കൂട്ടിമുട്ടി. കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നു എന്ന് വാര്‍ത്ത പരന്നു. ചാക്കോ ആഭ്യന്തര മന്ത്രി പദം രാജിവെക്കണമെന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും രഹസ്യമായി ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. വിവാദ പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകളും കയ്യൊഴിയണമെന്ന് ചാക്കോയോട് ശങ്കര്‍ ആവശ്യപ്പെട്ടു. ശങ്കറില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ച് ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചു. കുറ്റ്യാടിയില്‍വെച്ച് പി.ടി. ചാക്കോ ഹൃദയാഘാതം മൂലം അന്തരിച്ചപ്പോള്‍ നേതാവായിരുന്ന കെ.എം. ജോര്‍ജിനെ മന്ത്രിയാക്കാതെ, ടി.എം. തൊമ്മനെ ശങ്കര്‍ മന്ത്രിയാക്കിയത് ശക്തമായ ഗ്രൂപ്പ് പോരില്‍ കലാശിച്ചു.
1975 ജൂണ്‍ 25ാം തീയതി ഇന്ദിരാഗാന്ധി അടിന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ അന്ന് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ സര്‍വ പ്രതാപിയായിക്കഴിഞ്ഞിരുന്നു. എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പാര്‍ട്ടിയിലെ മറുചേരിയായി വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളെ നയിച്ച കാലഘട്ടം. എ ഗ്രൂപ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായി കഴിഞ്ഞിരുന്ന വയലാര്‍ രവിയായിരുന്നു ഗ്രൂപ്പിന്റെ പ്രധാന ശക്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നയിച്ച ഐക്യമുന്നണി 111 സീറ്റുകള്‍ നേടി വന്‍ വിജയം നേടി. കെ. കരുണാകരന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഒരു മാസത്തിനകം തന്നെ കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ തിരോധാനം സംബന്ധിച്ച് അദ്ദേഹത്തിന്റെ പിതാവ് സര്‍പ്പിച്ച ഹര്‍ജിയില്‍, വ്യാജ സത്യവാങ്മൂലം നല്‍കിയതിന് കരുണാകരന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കെഎസ്‌യു ആണ്. വൈകാതെ കെ.കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. എഐസിസി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ മാനിച്ച് ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
പരസ്പരം പോരടിച്ച് ഇരു ഗ്രൂപ്പുകളും രണ്ട് പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് 1987ലെ തെരഞ്ഞെടുപ്പ് നടന്നത്. തോല്‍വിക്ക് ശേഷം കരുണാകരന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നപ്പോള്‍ ആന്റണി കെപിസിസി പ്രസിഡന്റായി തിരിച്ചെത്തി. ഇതിനിടെ കരുണാകരന്റെ മകന്‍ കെ.മുരളീധരനെ രാഷ്ട്രീയത്തില്‍ സജീവമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ കെ.കരുണാകരന് മന്ത്രിസഭാ രൂപീകരണം വലിയ പൊട്ടിത്തെറികളാണ് സമ്മാനിച്ചത്. ആന്റണി നിര്‍ദേശിച്ച വി.എം. സുധീരന്റെ പേര് കരുണാകരന്‍ തള്ളി. മാളയില്‍ തന്നെ തോല്‍പ്പിക്കാന്‍ സുധീരന്‍ ശ്രമിച്ചു എന്നായിരുന്നു കരുണാകരന്റെ ആരോപണം. എ ഗ്രൂപ്പില്‍നിന്ന് ഉമ്മന്‍ചാണ്ടിയും കെപി വിശ്വനാഥനും മന്ത്രിമാരായി. എ ഗ്രൂപ്പ് മന്ത്രിസഭയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് വി.എം. സുധീരന്‍ ഗ്രൂപ്പ് വിട്ടു.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് വൈര്യം പരസ്യ യുദ്ധമായി മാറി. എ ഗ്രൂപ്പ് കെപിസിസിയുമായി പൂര്‍ണ നിസഹകരണം പ്രഖ്യാപിച്ചു. കെ.മുരളീധരന് ഭരണത്തിലും പാര്‍ട്ടിയിലും വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും അസ്വസ്ഥരായിരുന്നു. ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവര്‍ ഐ ഗ്രൂപ്പ് വിട്ട് തിരുത്തല്‍ വാദി ചേരിയായി നിലകൊണ്ടു. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അടുത്ത പൊട്ടിത്തെറി ഉണ്ടാവുന്നത്. കരുണാകരന്‍ മുസ്ലീം ലീഗിനെകൊണ്ട് സീറ്റിന് അവകാശവാദം ഉന്നയിപ്പിച്ചുവെന്നാരോപിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് കരുണാകരനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ കരുണാകര വിഭാഗവും കരുണാകര വിരുദ്ധരും എന്ന നിലയിലേക്ക് എത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഉയര്‍ന്നു വരുന്നത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നവര്‍ക്ക് കിട്ടിയ വജ്രായുധമായി ചാരക്കേസ് മാറി. അദ്ദേഹം രാജി സമര്‍പ്പിച്ചതോടെ പതിനാറു വര്‍ഷത്തിന് ശേഷം എ.കെ. ആന്റണി വീണ്ടും കേരള മുഖ്യമന്ത്രിയായി.
തീര്‍ന്നില്ല, ഗ്രൂപ്പുകളിയുടെ ഏറ്റവും മാരകമായ പ്രകടനമായിരുന്നു 1996ലെ തെരഞ്ഞെടുപ്പില്‍ നടന്നത്. തൃശൂരില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച കരുണാകരന്‍ ആയിരം വോട്ടുകള്‍ക്ക് സിപിഐയിലെ വി.വി. രാഘവനോട് തോറ്റു. കരുണാകര പക്ഷത്തുനിന്നും കൂറുമാറിയ എല്ലാവരെയും ഐ ഗ്രൂപ്പുകാരും തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു. കരുണാകരന്റെ തോല്‍വി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറി. കരുണാകരനില്‍നിന്നും പൂര്‍ണമായും അകന്ന ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ചേര്‍ന്ന് മൂന്നാം ഗ്രൂപ്പും വയലാര്‍ രവിയുടെ നേതൃത്വത്തില്‍ നാലാം ഗ്രൂപ്പുമുണ്ടായത് ഈ കാലയളവിലാണ്. വി.ഡി. സതീശന്‍ മൂന്നാം ഗ്രൂപ്പിന്റെയും കെ.സുധാകരന്‍ നാലാം ഗ്രൂപ്പിന്റെയും ഭാഗമായിരുന്നു.
2001ലെ തെരഞ്ഞെടുപ്പിന്റെ കേളി കൊട്ടുയരുന്നത് കോണ്‍ഗ്രസിനുള്ളില്‍ വന്‍ കോളിളക്കത്തോടെയാണ്. സ്ഥാനാര്‍ഥി പട്ടികയുടെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു പടപ്പുറപ്പാട്. പട്ടികയ്ക്കെതിരെ കരുണാകരന്‍ പരസ്യമായി പൊട്ടിത്തെറിച്ചു. പത്മജ വേണുഗോപാലിനെ പട്ടികയില്‍നിന്ന് പുറത്താക്കിയതായിരുന്നു കരുണാകരനെ പ്രകോപിപ്പിച്ചത്. പ്രഖ്യാപിച്ച മൂന്ന് സ്ഥാനാര്‍ഥികളെ മാറ്റി കരുണാകരന്‍ നിര്‍ദേശിച്ചവരെ സ്ഥാനാര്‍ഥികളാക്കി പ്രശ്നം പരിഹരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കാമെന്നും ധാരണയായി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടി. ആന്റണി മുഖ്യമന്ത്രിയും മുരളീധരന്‍ കെപിസിസി പ്രസിഡന്റുമായി.
തുടര്‍ന്ന് വന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച രണ്ട് സീറ്റില്‍ ആദ്യത്തേത് എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്ന വയലാര്‍ രവിക്ക് നിര്‍ദേശിക്കപ്പെട്ടു. രണ്ടാമത്തെ സീറ്റിലേക്ക് കരുണാകരന്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ കോടോത്ത് ഗോവിന്ദന്‍ നായരെ നിര്‍ദേശിച്ചു. പക്ഷെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് മുരളിക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്ന തെന്നല ബാലകൃഷ്ണ പിള്ളയെ ആണ്. കരുണാകരന്‍ കോടോത്തിനെ മത്സര രംഗത്ത് നിലനിര്‍ത്തി. രണ്ട് ഔദ്യോഗിക സ്ഥാനാര്‍ഥികളും വിജയിച്ചെങ്കിലും കാര്യങ്ങള്‍ തുറന്ന പോരിലേക്ക് നീങ്ങി. ജോര്‍ജ് ഈഡന്‍ മരിച്ചതിന് പിന്നാലെ നടന്ന എറണാകുളം പാര്‍ലമെന്റ് തെരഞ്ഞെടുപ്പും തുറന്ന ബലപരീക്ഷണത്തിന്റെ വേദിയായി. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിന്റെ വിജയം കരുണാകരന്റെ കൂടി വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേയാക്കിയപ്പോള്‍ 20ല്‍ 19 സീറ്റിലും യുഡിഎഫ് പരാജയപ്പെട്ടു. നിയമസഭയിലേക്ക് മത്സരിച്ച മുരളീധരന്‍ വടക്കാഞ്ചേരിയില്‍ തോറ്റു. പത്മജയുടെയും കരുണാകരന്റെയും പരാജയം ലക്ഷം വോട്ടിനായിരുന്നു. കരുണാകരന്‍ പൂര്‍ണമായി ദുര്‍ബലനായി. താമസിയാതെ പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ. കരുണാകരന്‍- എ.കെ. ആന്റണി എന്ന ദ്വന്ദ്വങ്ങള്‍ നിയന്ത്രിച്ചിരുന്ന 30 വര്‍ഷം നീണ്ട കാലഘട്ടം 2004 ഓടുകൂടി അവസാനിക്കുകയായിരുന്നു.
പറഞ്ഞാലൊടുങ്ങില്ല, പാര്‍ട്ടിയിലെ വിഭാഗീയതയുടെ കഥകള്‍. എ, ഐ ഗ്രൂപ്പ് പോര് ഇപ്പോള്‍ കോണ്‍ഗ്രസില്‍ അത്ര സജീവമല്ല, പകരം വ്യക്തി കേന്ദ്രീകൃതമായ അനുചരവൃന്ദത്തിന്റെ ശക്തിപ്രകടനമാണ് കാണുന്നത്. വിശാല ഐയായും കെ.സി ഗ്രൂപ്പായും ചെന്നിത്തല ഫാന്‍സായും മറ്റും അറിയപ്പെടുന്നു എന്നു മാത്രം. എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡിന്റെതാണ് അന്തിമവാക്ക്. ആര് , എന്തൊക്കെ അനുകൂലഘടകങ്ങള്‍ കണക്ക്കൂട്ടിവെച്ചാലും തീര്‍പ്പുണ്ടാക്കുക ആ വാക്കായിരിക്കും.