2025 ല്‍ ഈ ലോകത്തേക്ക് ഒരു അതിഥി വന്നു. ഈ ലോകം എന്ന് പറഞ്ഞാല്‍ ഭൂമി ഉള്‍പ്പെടുന്ന നമ്മുടെ സോളാര്‍ സിസ്റ്റത്തിലേക്ക്. മറ്റൊരു നക്ഷത്രലോകത്തില്‍ നിന്നെത്തിയ ഒരു യാത്രക്കാരന്‍, പേര് 3I/അറ്റ്ലസ്. എന്താണിത്? ഇതെവിടെ നിന്ന് വന്നു? എത്ര ദൂരത്തു നിന്ന് വന്നു? എന്തിനു വന്നു? അന്യഗ്രഹപേടകമാണോ? അങ്ങനെ ഒട്ടനവധി ചോദ്യങ്ങളുമായി ശാസ്ത്രലോകം സൗരയൂഥത്തിനു പുറത്തു നിന്നെത്തിയ ഈ കൊമെറ്റിനു പിന്നാലെയാണ്.
ഇതൊരു സാധാരണ കൊമെറ്റ് അല്ലെങ്കില്‍ വാല്‍നക്ഷത്രമോ ധൂമകേതുവോ അല്ല. സൗരയൂഥത്തിനു വെളിയില്‍ നിന്നെത്തിയ ഇതുവരെ കണ്ടെത്തിയ മൂന്നാമത്തെ ഇന്റര്‍സെറ്റല്ലാര്‍ ഒബ്ജക്ടാണ് 3ക/അറ്റലസ്. അതുകൊണ്ടാണ് പേരില്‍ ഈ 3 വന്നത്. ഏറെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വേറൊരു നക്ഷത്ര സമൂഹത്തില്‍ ജനിച്ച് എപ്പോഴോ യാത്ര തുടങ്ങി ഇത്രയും ദൂരം സഞ്ചരിച്ച് ഈ 2025 ല്‍ നമുക്ക് മുന്നില്‍ എത്തിയതാണിത്.
ഈ കൊമെറ്റിന് 7 ബില്യണ്‍ വര്‍ഷത്തിലധികമെങ്കിലും പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നമ്മുടെ സൗരയൂഥത്തേക്കാള്‍ ഏകദേശം 3 ബില്യണ്‍ വര്‍ഷം പഴക്കമുണ്ടാകും. മാത്രമല്ല, ഇതുവരെ കണ്ടെത്തിയ ഇന്റര്‍സ്റ്റെല്ലാര്‍ ഒബ്ജക്ടുകളില്‍ വെച്ച് ഏറ്റവും വലതും ത്രീ ഐ അറ്റ്ലസ് ആകാനാണ് സാധ്യത. ഇത് മറ്റൊരു നക്ഷത്രവ്യവസ്ഥയില്‍ രൂപപ്പെടുകയും പിന്നീട് ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസിലേക്ക് തെറിച്ചുപോവുകയും ചെയ്ത ഒരു പ്രാചീന വാല്‍നക്ഷത്രമാണ്.
2025 ജുലൈ ഒന്നിനാണ് ചിലിയിലുള്ള അറ്റ്ലസ് ടെലിസ്‌കോപ്പിലൂടെ ഇത് ആദ്യം കണ്ടെത്തിയത്. പേരിനൊപ്പം അറ്റ്ലസ് എന്ന് ചേര്‍ന്നത് അങ്ങനെയാണ്. ആദ്യ കാഴ്ചയില്‍ തന്നെ സാധാരണ വാല്‍ നക്ഷത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകാശത്തിലുള്ള ചെറിയ മാറ്റം കൊണ്ടാണ് 3ക യെ ശ്രദ്ധിക്കുന്നതും കൗതുകം തോന്നുന്നതും.
നമ്മുടെ സോളാര്‍ സിസ്റ്റത്തിലുള്ളതെല്ലാം സൂര്യനെ ചുറ്റിയാണല്ലോ സഞ്ചരിക്കുന്നത്. എന്നാല്‍ 3ക/അറ്റ്ലസിന്റെ പാത ഒരു ഹൈപ്പര്‍ബോളയിലാണ്. അതായത് ഇത് സൂര്യനെ ഒരിക്കല്‍ കണ്ടിട്ട് മടങ്ങും. പിന്നെ ഒരിക്കലും തിരിച്ചു വരില്ല. ഒരു വണ്‍ടൈം വിസിറ്റ്.
എന്തുകൊണ്ടാണ് 3ക/അറ്റ്ലസിനെ ചുറ്റിപ്പറ്റി ഇത്രയേറെ ക്യൂരിയോസിറ്റി നിറയുന്നത്.? ചിലപ്പോള്‍ ഇത് പെട്ടെന്ന് പ്രകാശിക്കും, ചിലപ്പോള്‍ പെട്ടെന്ന് മങ്ങും. സാധാരണ കൊമറ്റിനെ പോലെ ഇതിന്റെ പ്രകാശം പ്രെഡിക്ട് ചെയ്യാന്‍ പറ്റുന്നില്ല. ഇതിന്റെ സഞ്ചാരപഥവും വേഗതയും രാസഘടനയുമെല്ലാം ഇത് നമ്മുടെ സൗരയൂഥത്തേക്കാള്‍ പഴക്കമുള്ളതും മറ്റൊരു നക്ഷത്രവ്യവസ്ഥയില്‍ രൂപപ്പെട്ടതുമാണെന്ന സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു.
ഒക്ടബോര്‍ 30 നാണ് ത്രീ ഐ അറ്റ്ലസ് സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. ഏകദേശം ചാവ്വയുടെ ഭ്രമണപഥത്തിനുള്ളിലായിരുന്നു അപ്പോള്‍. ആ സമയത്ത് കൊമെറ്റിനുണ്ടായ മാറ്റങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ സമയത്ത് കൊമെറ്റിനുണ്ടായ മാസ് ലോസ് വളരെ അണ്‍യൂഷ്വല്‍ ആയിരുന്നു. അപ്പോഴും സജീവമായിരിക്കുന്നതു പോലെയായിരുന്നു പെരുമാറ്റം.
സൂര്യന്റെ ഗുരുത്വാകര്‍ഷണ ബലത്തിന് പുറമെയുള്ള നോണ്‍ ഗ്രാവിറ്റേഷണല്‍ ആക്സിലറേഷന്‍ കൊമെറ്റില്‍ കാണപ്പെട്ടു. വാതകവും പൊടിപടലങ്ങളും പുറന്തള്ളുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു കിക്ക് ആണിതെന്നാണ് നാസയുടെ വിശദീകരണം. ഈ സമയത്ത് അറ്റ്ലസിനുണ്ടായ നിറംമാറ്റവും സവിശേഷമായിരുന്നു. സൂര്യനോട് അടുക്കുന്തോറും അതിന്റെ നിറം നീലയായി മാറി.
സൂര്യന്റെ ചൂടിനോടുള്ള പ്രതികരണമായി പുറത്തുവരുന്ന അയോണൈസ്ഡ് കാര്‍ബണ്‍ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കൊമെറ്റിന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ പല ദിശകളിലേക്ക് സങ്കീര്‍ണമായ ജെറ്റ് ഘടനകള്‍ പുറത്തുവരുന്നതും കണ്ടെത്തി. ഇത് ധൂമകേതുവിന്റെ ഉപരിതലത്തിലെ ഐസ് പോക്കറ്റുകള്‍ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്നതിന്റെ ഫലമാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നവംബര്‍ 11 ന് ശേഷം ഇത് സൂര്യന്റെ പിന്നില്‍ നിന്ന് കിഴക്കു ഭാഗത്തായി വീണ്ടും ദൃശ്യമായി.
മറ്റ് ഇന്റര്‍സ്റ്റെല്ലാര്‍ ഒബ്ജെക്ടുകള്‍ ഭൂരിഭാഗവും റാന്റം ആങ്കിളില്‍ പ്രവേശിക്കുമ്പോള്‍ അറ്റ്ലസ് കൃത്യമായി സോളാര്‍ സിസ്റ്റത്തിന്റെ ഓര്‍ബിറ്റല്‍ പ്ലാനിനെ പിന്തുടര്‍ന്ന് വന്നു. ഇത് തീര്‍ത്തും യാദൃശ്ചികമാണോ? അല്ലെങ്കില്‍ കൃത്യമായ ഗ്രാവിറ്റേഷണല്‍ ഷെപ്പേര്‍ഡിങ് ആണോ? ഇതൊക്കെയാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. ഇതിനൊന്നും ഇതുവരെ ഉത്തരങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ഇതിനു മുമ്പ് നമ്മുടെ സൗരയൂഥത്തിന് പുറത്തുനിന്ന് വന്ന രണ്ട് ഇന്റര്‍സെറ്റല്ലാര്‍ ഒബ്ജക്ടുകള്‍ ഔമുവാമുവ, ബോറിസോവ് എന്നിവയാണ്. ഇതില്‍ ഔമുവാമുവ ഒരു റോക്കി ഒബ്ജെക്ടായിരുന്നു. ബോറിസോവ് ഡസ്റ്റി കൊമെറ്റും. ത്രീ ഐ അറ്റ്ലസ് ഇവയില്‍ നിന്നെല്ലാം പൂര്‍ണമായും വ്യത്യസ്തനാണ്. അതായത് ഇന്റര്‍സ്റ്റെല്ലാര്‍ ഒബ്ജക്ടുകള്‍ക്ക് ഒരേ സ്വഭാവമായിരിക്കണമെന്ന് യാതൊരു നിയമവും ഇല്ല.
അറ്റ്ലസ് ഈ ലോകത്തില്‍ നിന്നുള്ളതല്ലെന്ന് തെളിയിക്കുന്ന മറ്റൊരു സൂചനയായിരുന്നു അതിന്റെ ഡസ്റ്റ് കംപോസിഷനും നേരത്തേ പറഞ്ഞ ഐസി പാര്‍ട്ടിക്കിള്‍സും. നമ്മുടെ സോളാര്‍ സിസ്റ്റത്തിലെ കൊമെറ്റുകളുമായി പൊരുത്തപ്പെടുന്നതല്ല ഇതിന്റെ കോംപോസിഷന്‍.
ഭൂമിക്ക് ഭീഷണിയാകുമോ എന്നായിരുന്നു മറ്റൊരു പ്രധാന ആശങ്കയും ചോദ്യവും. ത്രീ ഐ അപകടകാരിയല്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. ഭൂമിയുടെ ഏറ്റവും അടുത്ത് എത്തിയപ്പോള്‍ പോലും ഈ കൊമെറ്റുമായുള്ള അകലം 1.8 അസ്ട്രോണമിക്കല്‍ യൂണിറ്റാണ്. അതായത് ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ 1.8 ഇരട്ടി ദൂരം. ഡിസംബറില്‍ ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്തും. ഏകദേശം 269 ദശലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാകും സഞ്ചാരം.
ഇത്രയും അകലെയാണെങ്കിലും അറ്റലസ് ഭൂമിയിലെ ശാസ്ത്രജ്ഞരെ സംബന്ധിച്ച് ബിഗ് ബില്യണ്‍ ലോട്ടറിയാണ്. സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രലോകങ്ങളില്‍ എങ്ങനെ കൊമെറ്റുകള്‍ രൂപപ്പെടുന്നു. അവിടുത്തെ മെറ്റീരിയല്‍ എന്താണ്? അവയുടെ രാസഘടന നമ്മുടേതില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു. ചോദ്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ഇതൊക്കെ പഠിച്ചാല്‍ നമ്മുടെ ഗ്യാലക്സി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മറ്റ് ഗ്യാലക്സികള്‍ എങ്ങനെയായിരിക്കും എന്നതിലൊക്കെ ധാരണ ലഭിക്കും.
രഹസ്യങ്ങളുടേയും ചോദ്യങ്ങളുടേയും വലിയൊരു കെട്ടുമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറപ്പെട്ട് ഇപ്പോള്‍ മാത്രം നമ്മുടെ ആകാഗംഗയില്‍ എത്തിയ അതിഥി. ആ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ മനുഷ്യന് സാധിച്ചാല്‍ തുറക്കുന്നത് അറിവിന്റേയും അത്ഭുതങ്ങളുടേയും പുതിയൊരു ലോകമാകും.
ത്രീ ഐ അറ്റ്ലസ് വെറുമൊരു കോമെറ്റ് അല്ല, അത് മറ്റൊരു ലോകത്തു നിന്നെത്തിയ സൂചനയാണ്, നമ്മള്‍ കാണുന്നതിലും അറിയുന്നതിലും വളരെ അകലെയാണ് സത്യം എന്ന സന്ദേശവും നല്‍കി അത് മടങ്ങിപ്പോകും.