മഹാത്മ അയ്യങ്കാളി ഫയൽ ചിത്രം
IN DEPTH

അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ധം; ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 84ാം ചരമദിനം

മനുഷ്യാവകാശത്തിനു വേണ്ടി ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയാണ് അയ്യങ്കാളി

Author : ന്യൂസ് ഡെസ്ക്

വര്‍ഷം 1893. തിരുവിതാംകൂറിലെ പൊതുവഴിയിലൂടെ നടക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അയിത്തം കല്പിച്ചിരുന്ന ഇരുണ്ടയുഗം. അറിയാതെ പോലും പൊതുവഴിയിലൂടെ നടന്നുപോയ താഴ്ന്ന ജാതിക്കാര്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് ക്രൂരമായ ശിക്ഷകള്‍ ആണ്. അപ്പോഴാണ് നഗരത്തിലെ തെരുവിലൂടെ രണ്ട് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടി മണി മുഴക്കി പൊടിപറപ്പിച്ച് പാഞ്ഞുവന്നത്.

തമ്പ്രാക്കളും പ്രമാണിമാരും മാത്രം ഉപയോഗിച്ചിരിക്കുന്ന വില്ലുവണ്ടിയില്‍ രാജാവിനെപ്പോലെ വരുന്നയാളെ കണ്ട് കൂടിനിന്നവര്‍ ഞെട്ടി. വെള്ള അരക്കയ്യന്‍ ബനിയൻ, മേല്‍മുണ്ട്, തലപ്പാവ്. മേലാളന്‍മാരെപ്പോലെ വേഷവിധാനത്തിൽ വണ്ടിയില്‍ ഒരു അധഃകൃതന്‍. തമ്പ്രാക്കന്‍മാര്‍ കോപംകൊണ്ട് വിറച്ചു. വണ്ടി തടഞ്ഞ് ധിക്കാരിയെ പിടിച്ചുകെട്ടാനായി തമ്പ്രാക്കന്മാരുടെ ഗുണ്ടകള്‍ പാഞ്ഞടുത്തു. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ ആള്‍ക്ക് കൂസലുമുണ്ടായില്ല.

മേല്‍മീശയും തടവി അയാള്‍ അരയില്‍ തിരുകിയിരുന്ന കഠാരയുമെടുത്ത് മുന്നോട്ട് നീങ്ങി. കഠാരയുടെ തിളക്കവും അത് വീശുന്നവന്റെ കണ്ണിലെ നിശ്ചയദാര്‍ഢ്യവും കണ്ട തമ്പ്രാക്കളും ഗുണ്ടകളും പരക്കംപാഞ്ഞു. ചരിത്രത്തിൽ ആ സംഭവം വില്ലുവണ്ടിയാത്രയെന്ന് അറിയപ്പെട്ടു. അന്ന് ജാതിക്കോമരങ്ങളെ വിറപ്പിച്ച മഹാത്മ അയ്യങ്കാളിയുടെ 84ാം ചരമദിനമാണ് ഇന്ന്. ജാതിയിരുട്ടിൻ്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടി ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയാണ് അയ്യങ്കാളി. അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട, മനുഷ്യരുടെ ശബ്ദമായിരുന്നു അത്.

1937 ജനുവരി 14നു വെങ്ങാനൂരിൽ മഹാത്മാ ഗാന്ധി എത്തിയപ്പോൾ അയ്യങ്കാളി വരവേറ്റത് ഗാന്ധിത്തൊപ്പിയും ഖാദി ജുബ്ബയും ധരിച്ചായിരുന്നു. അന്ന് ഗാന്ധിജി അയ്യങ്കാളിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പാതി നേരംപോക്കിലും പാതി വാത്സല്യത്തിലും പുലയരാജാവ് എന്നു നിങ്ങൾ വിളിക്കുന്ന അയ്യങ്കാളിയിൽ അക്ഷീണനായ ഒരു പ്രവർത്തകനുണ്ട് എന്നായിരുന്നു.

ഇന്ന് കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു. തീണ്ടൽ പലകകളെ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞതാണ് നമ്മുടെ സമൂഹം. എന്നിട്ടും ജാതി മേൽക്കോയ്മ പലരുടെയും ഉള്ളിൽ ഇപ്പോഴും നിലനിൽക്കുന്നു. സാംസ്കാരിക കേരളത്തിൽ ഇന്നും ജാതി വിവേചനത്തിൻ്റെ ഇരകളുണ്ടാകുന്നു. അപ്പോഴൊക്കെ ഒന്നോർക്കാം, നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും, എവിടെയൊക്കെ മനുഷ്യൻ അരികു ചേർക്കപ്പെടുന്നുവോ അവിടെയൊക്കെ അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

SCROLL FOR NEXT