ജൂത വിരുദ്ധന്‍, കഴിവില്ലാത്തവന്‍, 'കമ്മ്യൂണിസ്റ്റ്'... ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് നേതാവ് സൊഹ്റാന്‍ മംദാനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു. ഭയം കൊണ്ടാകാം, ട്രംപ് മംദാനിയെ നിരന്തരം 'കമ്മ്യൂണിസ്റ്റ്' എന്ന് വിളിച്ചു. ആ വാക്ക് പോലും ഒരു അധിക്ഷേപമാക്കി മാറ്റാന്‍ ശ്രമിച്ചു.
ഒരു 'കമ്മ്യൂണിസ്റ്റ്' തലപ്പത്തെത്തിയാല്‍ കാര്യങ്ങള്‍ മോശമാകും. ന്യൂയോര്‍ക്ക് സിറ്റി സാമ്പത്തികമായും സാമൂഹികമായും സമ്പൂര്‍ണ ദുരന്തത്തിലേക്ക് കൂപ്പു കുത്തും... ന്യൂയോര്‍ക്കിന്റെ പഴയ പ്രതാപം തിരിച്ചുകൊണ്ടു വരാന്‍ മംദാനിക്ക് കഴിയില്ല... തുടങ്ങി നിരന്തരം ആക്രമണം നടത്തീ ട്രംപ്. ജൂത വിരുദ്ധനായ മംദാനിക്ക് വോട്ട് ചെയ്യുന്ന ജൂതന്മാര്‍ വിഡ്ഢികളാണ് എന്നുവരെയും പറഞ്ഞു.
പക്ഷെ, വിധി മറ്റൊന്നായിരുന്നു. ട്രംപിന്റെ ആ 'ദുഃസ്വപ്‌നം' യാഥാര്‍ഥ്യമായിരിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലീം മേയറായി സൊഹ്റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോയെയും റിപ്പബ്ലിക്കന്‍ നേതാവ് കുര്‍ത്തിസ് സില്‍വയെയും പരാജയപ്പെടുത്തിയാണ് 34 കാരനായ സൊഹ്റാന്‍ മംദാനി ചരിത്രം കുറിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിന് ശേഷം ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവ്.
ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ മഹ്‌മൂദ് മംദാനിയുടെയും മകനായി യുഗാണ്ടയിലെ കംപാലയിലാണ് മംദാനിയുടെ ജനനം. പിന്നീട് ന്യൂയോര്‍ക്കിലേക്ക് കുടിയേറി. യുഎസ് പൗരത്വം സ്വീകരിച്ചു. തന്റെ പാത രാഷ്ട്രീയമാണെന്ന് ഏറെ വൈകാതെ തന്നെ തിരിച്ചറിഞ്ഞ മംദാനി 2020ല്‍ ആദ്യമായി ന്യയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയില്‍ മത്സരിച്ച് വിജയിച്ചു.
2024ല്‍ മേയര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി മംദാനിയുടെ പേര് ഉയര്‍ന്നപ്പോള്‍ മുതല്‍ ട്രംപിന്റെ അസഹിഷ്ണുതയും എങ്ങുനിന്നെന്നില്ലാതെ തൊലപൊക്കി തുടങ്ങിയിരുന്നു. വ്യവസായത്തിന്റേയും സാമ്പത്തികത്തിന്റേയും സാങ്കേതികവിദ്യയുടേയും വിനോദത്തിന്റേയും ഫാഷന്റേയും ശാസ്ത്രത്തിന്റേയും മീഡിയയുടേയുമൊക്കെ ആഗോള കേന്ദ്രമായി തന്നെ അറിയപ്പെടുന്ന ന്യൂയോര്‍ക്ക് സിറ്റിയെ എപ്പോഴും കൈപ്പിടിയിലാക്കുകയെന്നത് യുഎസ് പ്രസിഡന്റിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയായിരുന്നു. അതിനുവേണ്ടി എല്ലാ കുടിലതകളും ട്രംപ് നടത്തി.
താന്‍ മേയറായി വിജയിച്ചാല്‍ ട്രംപിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും മംദാനി പറഞ്ഞിരുന്നു. പിന്നാലെ ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പിന്റെ പ്രൈമറി മത്സരത്തില്‍ 56 ശതമാനം വോട്ട് നേടി മംദാനി വിജയിച്ചപ്പോഴേക്കും ട്രംപ് വിറളി പൂണ്ടു. മംദാനിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. വിദേശിയാണെന്നും അതുകൊണ്ട് പൗരത്വം റദ്ദാക്കുമെന്നടക്കം ഭീഷണിപ്പെടുത്തി.
എന്നാല്‍ രാഷ്ട്രീയം സംസാരിച്ചുകൊണ്ടായിരുന്നു മംദാനിയുടെ മറുപടി. ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ശക്തമായി എതിര്‍ത്തു. പലസ്തീന്‍ ജനതയെ പിന്തുണയ്ക്കുകയും ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് പറയുകയും ചെയ്തു. താന്‍ ട്രംപിന്റെ ഏറ്റവും വലിയ ദുഃസ്വപ്‌നമായിരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
മംദാനി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ന്യൂയോര്‍ക്ക് സിറ്റിയെ എങ്ങനെ കൂടുതല്‍ അഫോര്‍ഡബിള്‍ ആക്കി മാറ്റാമെന്നതിനെക്കുറിച്ചാണ്. രണ്ട് ലക്ഷം പൊതു വീടുകള്‍, യൂണിവേഴ്സല്‍ ചൈല്‍ഡ് കെയര്‍, ട്യൂഷന്‍ ഫ്രീ വിദ്യാഭ്യാസം, ഫെയര്‍ ഫ്രീ ബസുകള്‍, നഗരം നേരിട്ട് നടത്തുന്ന ഗ്രോസറി സ്റ്റോറുകള്‍, എല്‍ജിബിടിക്യു അവകാശങ്ങള്‍ തുടങ്ങി അതിനുതകുന്ന പദ്ധതികളാണ് പ്രചാരണത്തിലൂടെ മംദാനി മുന്നോട്ട് വച്ചത്. ഒടുവില്‍ ജനം മംദാനിക്ക് അനുകൂലമായി വിധിയെഴുതി.
ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജനങ്ങളെ അംഭിസംബോധന ചെയ്യവെ മംദാനി പറഞ്ഞു; ''ട്രംപിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ കാണിച്ചു തന്നിരിക്കുന്നു''... ''ഡൊണാള്‍ഡ് ട്രംപ്, നിങ്ങളിത് കേള്‍ക്കുന്നുണ്ടെന്ന് എനിക്ക് അറിയാം, നിങ്ങളോട് നാലേ നാല് വാക്കുകളേ എനിക്ക് പറയാനുള്ളൂ.. ആ ശബ്ദം കൂട്ടി വയ്ക്കൂ...''
''ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാര്‍ നിര്‍മിച്ച, കുടിയേറ്റക്കാര്‍ എല്ലാം നല്‍കിയ, ഇന്ന് മുതല്‍ ഒരു കുടിയേറ്റക്കാരന്‍ നയിക്കുന്ന ന്യൂയോര്‍ക്ക്....'' മംദാനിയുടെ ഓരോ വാക്കുകളും ന്യൂയോര്‍ക്കിലെ ജനത കരഘോഷത്തോടെ ഏറ്റെടുത്തു.
പ്രസംഗത്തിനിടെ മംദാനി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ, ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു;
'നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടു വയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ഏറെ നാള്‍ അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം വീണ്ടെടുക്കുമ്പോള്‍ ചരിത്രത്തില്‍ അവിചാരതിമെന്നോണം ആ നിമിഷം വരികയാണ്''
അതെ, മംദാനിയുെട വിജയം സുനിശ്ചിതമായിരുന്നു. അത് അംഗീകരിക്കാന്‍ കഴിയാത്ത ട്രംപും റിപ്പബ്ലിക്കന്‍സും ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളെയെല്ലാം വെല്ലുവിളിച്ച് മംദാനി വിജയിച്ചെങ്കില്‍ ട്രംപിനെ ന്യൂയോര്‍ക്ക് ജനത പരാജയപ്പെടുത്തിയിരിക്കുന്നു....