തൃശൂർ: ചെറുപ്രായത്തിലെ ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ വരച്ച് അത്ഭുതം സൃഷ്ടിക്കുകയാണ് തൃശൂർ സ്വദേശി ദേവ്‌യാൻ എന്ന കൊച്ചുമിടുക്കൻ. കയ്പ്പമംഗലം ഗ്രാമലക്ഷി സ്വദേശിയായ ദേവ്‌യാൻ പത്ത് വയസിനുള്ളിൽ നിരവധി ചിത്രങ്ങളാണ് വരച്ച് പൂർത്തിയാക്കിയത്. ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും ഈ പത്തുവയസ്സുകാരൻ വരച്ച ചിത്രങ്ങളൊക്കെയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്.
പെരിഞ്ഞനം ഗവൺമെൻ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ദേവ്‌യാൻ ചെറുപ്പം മുതലേ ചിത്രം വരയോട് കൂട്ട് കൂടി തുടങ്ങിയതാണ്. മൃഗങ്ങളുടെ ചിത്രങ്ങൾ നോക്കി വരച്ചായിരുന്നു തുടക്കം. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പെൻസിലും, വാട്ടർ കളറുമെല്ലാം വാങ്ങി നൽകി. കണ്ണിൽ കണ്ടതും, മനസിൽ പതിഞ്ഞതുമെല്ലാം ദേവ്‌യാൻ അത് ഉപയോഗിച്ച് വരച്ചു.
പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളറിങ്ങ്, പെൻ വർക്ക്, സ്കെച്ച് വർക്ക്, ലൈവ് സ്കെച്ചസ് തുടങ്ങിയവയിലെല്ലാം ഈ കൊച്ചു മിടുക്കൻ മികവ് തെളിയിച്ചു കഴിഞ്ഞു. ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും ചിത്രങ്ങളത്രയും കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. മോഹൻലാൽ ചിത്രമായ ബറോസിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചന മത്സരത്തിലുൾപ്പടെ നൂറിലധികം മത്സരങ്ങളിൽ ദേവ് യാൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വലുതാകുമ്പോൾ ഒരു വലിയ ചിത്രകാരനായി മാറമെന്നാണ് ദേവ്‌യാൻ്റെ ആഗ്രഹം.