LIFE

'വിഐപി റസ്റ്റ്റൂം' ഉപയോഗിക്കാൻ 1000 രൂപയുടെ ബില്‍ നിർബന്ധം: സംഭവം ബംഗളൂരുവിലെ മാളിൽ

ആ തുകയ്ക്ക് ബില്‍ കാണിക്കാത്തവരോട് മറ്റു നിലകളിലുള്ള ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യും

Author : ന്യൂസ് ഡെസ്ക്

ബംഗളൂരുവിലെ ഒരു മാളിൽ താഴത്തെ നിലയിലെ വിഐപി ശുചിമുറി ഉപയോഗിക്കാൻ ചെന്ന വ്യക്തിയോട് ബില്ല് കാണിക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ. ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിലാണ് സംഭവം നടന്നത്. റെഡ്‌ഡിറ്റിൽ ഒരു വ്യക്തി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. താൻ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിൽ ഷോപ്പിംഗിനായി ചെന്നെന്നും ഷോപ്പിംഗിനു ശേഷം താൻ വാഷ്‌റൂം ഉപയോഗിക്കുവാൻ ചെന്നപ്പോൾ സെക്യൂരിറ്റിയായ സ്ത്രീ തന്നോട് ബില്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് കുറിപ്പിൽ പങ്കുവെച്ചത്.

അതും കുറഞ്ഞത് 1000 രൂപക്കെങ്കിലും സാധനങ്ങൾ വാങ്ങണം. ആ തുകയ്ക്ക് ബില്‍ കാണിക്കാത്തവർക്ക് 'വിഐപി റസ്റ്റ്റൂം' ഉപയോഗിക്കാൻ സാധിക്കില്ല. അവരോട് മറ്റു നിലകളിലുള്ള ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ, മറ്റു നിലകളിലുള്ള ശുചിമുറികൾ ശോചനീയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഇതുവരെ ഇത്തരത്തിലൊരു പോളിസി ഒരു മാളിലും കണ്ടിട്ടില്ലെന്നും, ഇത് അനാവശ്യമായി ഒരു സാമൂഹിക വിഭജനം ഉണ്ടാക്കാനുള്ള മാർഗം മാത്രമാണെന്നും അദ്ദേഹം റെഡ്‌ഡിറ്റിൽ കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് താഴെ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിൽ തങ്ങൾക്ക് ഉണ്ടായ അനുഭവം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT