ആംബുലൻസ് ഡ്രൈവർ സജീർ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ  Source: News Malayalam 24x7
LIFE

വാഹനാപകടത്തിൽപ്പെട്ട് കുട്ടിയുടെ കാലൊടിഞ്ഞു; ഉടുമുണ്ട് അഴിച്ച് പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസ് ഡ്രൈവർ

അടിവസ്ത്രം മാത്രം ധരിച്ച് ആംബുലൻസ് ഓടിച്ചാണ് കണ്ണൂർ കാപ്പാട് സ്വദേശി സജീർ നാലകത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ വാഹനാപകടത്തിൽ കാൽ ഒടിഞ്ഞു തൂങ്ങിയ കുട്ടിക്ക് ഉടുമുണ്ടഴിച്ച് പ്രാഥമിക ചികിത്സ നൽകി ആംബുലൻസ് ഡ്രൈവർ. അടിവസ്ത്രം മാത്രം ധരിച്ച് ആംബുലൻസ് ഓടിച്ചാണ് കണ്ണൂർ കാപ്പാട് സ്വദേശി സജീർ നാലകത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സജീറിൻ്റെ സമയോചിതമായ ഇടപെടൽ ചികിത്സയ്ക്ക് സഹായകമായെന്ന് ഡോക്ടർമാർ പറഞ്ഞു.

അടി വസ്ത്രം മാത്രം ധരിച്ചാണ് ഡ്രൈവർ ആംബുലൻസിൽ നിന്നിറങ്ങിയത്. കയ്യിൽ കിട്ടിയൊരു ബെഡ് ഷീറ്റ് എടുത്തുടുത്ത് രോഗിയുമായി അതിവേഗം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തു. വിവരം അറിഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ, ധരിച്ച വേഷം മാറാൻ പോലും നിൽക്കാതെ സജീർ വണ്ടിയുമായി അപകട സ്ഥലത്തെത്തുകയായിരുന്നു.

ജൂൺ 30 ന് രാത്രി 11.10 ഓടെയാണ് കണ്ണൂർ കാപ്പാട് വെച്ച് ഒരു കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അമ്മയും രണ്ട് മക്കളുമടങ്ങിയ കുടുംബം കാറിൽ കുടുങ്ങുകയായിരുന്നു. പകൽ മുഴുവനുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ നല്ല ഉറക്കമായിരുന്നു.11.25 നാണ് ആംബുലൻസ് ഡ്രൈവറായ സജീർ അപകടവിവരം അറിയുന്നത്. എങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ, ധരിച്ച വേഷം മാറാൻ പോലും നിൽക്കാതെ സജീർ വണ്ടിയുമായി അപകട സ്ഥലത്തെത്തി.

നാട്ടുകാർക്കൊപ്പം ചേർന്ന് കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകി തുടങ്ങിയപ്പോഴാണ് ഒടിഞ്ഞ കാൽ കെട്ടിവെക്കാൻ ഒരു തുണി ആവശ്യമായി വന്നത്. അപ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ ഉടുത്ത മുണ്ട് അഴിച്ച് കുട്ടിയുടെ കാലുകൾ കൂട്ടിക്കെട്ടിയത്.

അടിവസ്ത്രം ധരിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് എത്തിയ സജീറിന് പുറത്തിറങ്ങാൻ ആവാതെ നിന്നപ്പോൾ കൈയ്യിൽ കിട്ടിയത് ഒരു ബെഡ് ഷീറ്റായിരുന്നു. അതെടുത്തുടുത്ത് അത് ധരിച്ച് കുട്ടിയുമായി എമർജൻസി വിഭാഗത്തിലേക്ക് പോയി.

സജീറിൻ്റെ ഇടപെടൽ ചികിത്സയ്ക്ക് സഹായകമായെന്ന് ബിഎംഎച്ച് എമർജൻസി മെഡിസിൻ ഇൻചാർജ് ഡോക്ടർ നിധിൻ അക്കൽ പറഞ്ഞു. നേരത്തെയും നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ കാപ്പാട് ലൈവ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തകനാണ് സജീർ.

SCROLL FOR NEXT