LIFE

അമീബിക് മസ്തിഷ്ക ജ്വരം; ശ്രദ്ധിക്കണം മഴക്കാലമാണ്

സൂക്ഷ്മ ജീവിയായ അമീബയ്ക്ക് ഒരാളുടെ ജീവനെടുക്കാനുള്ള ശേഷിയുണ്ട്

Author : പ്രിയ പ്രകാശന്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കണ്ണൂരിൽ ചികിത്സയിലിരിക്കെ 13 വയസ്സുകാരി മരണപ്പെട്ടതിന് കാരണം അമീബിക് മസ്‌തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. സൂക്ഷ്മ ജീവിയായ അമീബയ്ക്ക് ഒരാളുടെ ജീവനെടുക്കാൻ മാത്രം ശേഷിയുണ്ട്.

പനി തലവേദന ഛർദി, അപസ്മാരം, കാഴ്ച മങ്ങൽ എന്നിവയുമുണ്ടാകും. ഇതാണ് അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ. തലച്ചോറിലേക്ക് പ്രവേശിക്കുന്നതിലൂടെ തലച്ചോറിലെ കോശങ്ങൾ പെട്ടെന്ന് തകരാറിലാവുകയും ഗുരുതര രോഗ ബാധയെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

കെട്ടിക്കിടക്കുന്ന വെള്ളം, ഒഴുക്കില്ലാത്ത ജലാശയം, വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകൾ-കനാലുകള്‍ എന്നിവിടങ്ങളിൽ നിന്നാണ് രോഗാണുക്കൾ ശരീരത്തിലേക്ക് എത്തുന്നത്. മൂക്കിലെ നേർത്ത തൊലിയിലൂടെ പ്രവേശിക്കുന്ന രോഗാണുക്കൾ തലച്ചോറിനെ കാർന്നു തിന്നുന്നു. അണുബാധയേറ്റാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക മാത്രമേ രക്ഷയുള്ളു. രോഗം വരാനുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.

കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ട്. ക്ലോറിനേഷൻ നടത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന് പുറമേ മറ്റു ജലാശയങ്ങളിൽ കുളിക്കുമ്പോൾ വെള്ളം കുടിച്ചതു കൊണ്ട് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. മൂക്കിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. നീന്തുമ്പോഴോ മറ്റോ, അബദ്ധത്തിൽ വെള്ളം മൂക്കിൽ കയറുമ്പോഴാണ് അതിനൊപ്പം രോഗാണുക്കളും ശരീരത്തിൽ എത്തുന്നത്.

SCROLL FOR NEXT