സൗന്ദര്യസംരക്ഷണത്തിന് തക്കാളി Source: Freepik
LIFE

തക്കാളി മാത്രം മതി; ചര്‍മം കണ്ടാല്‍ പിന്നെ പ്രായം തോന്നില്ല !

തക്കാളിയില്‍ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളി സ്ഥിരമായി കഴിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

തക്കാളി പച്ചക്കറി ആണോ പഴവര്‍ഗമാണോ? പച്ചക്കറിയായി പരിഗണിക്കുന്ന പഴമാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകളും, വിത്തുള്ള പഴമാണെന്ന് സസ്യശാസ്ത്രജ്ഞര്‍ രണ്ടു പക്ഷം നില്‍ക്കും. എന്നാല്‍, തക്കാളി സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാലോ? ഒരു എതിര്‍പ്പുമുണ്ടാകില്ല. അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ചര്‍മ സംരക്ഷണത്തില്‍ തക്കാളിയെ വെല്ലാന്‍ ആരുമില്ല. സൂര്യപ്രകാശമേറ്റ് മുഖത്തിനും കൈകള്‍ക്കും സംഭവിക്കുന്ന കരുവാളിപ്പ് മുതല്‍ താരന്‍ മാറ്റാനും മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുമൊക്കെ തക്കാളിക്ക് കഴിയും.

സണ്‍സ്‌ക്രീന്‍

തക്കാളിയില്‍ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളി സ്ഥിരമായി കഴിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്നതും ലൈകോഫീന്‍ ആണ്. നല്ലൊരു സണ്‍സ്ക്രീന്‍ ആയി പ്രവര്‍ത്തിക്കാന്‍ തക്കാളിക്ക് കഴിയും. സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തക്കാളി നീര് നന്നായി തേച്ചുപുരട്ടി, ഉണങ്ങുമ്പോള്‍ മുഖം കഴുകിയാല്‍ മതിയാകും.

പ്രായക്കുറവ് തോന്നിക്കാന്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും, പ്രായക്കുറവ് തോന്നിക്കാനും തക്കാളി നല്ലതാണ്. തക്കാളി വട്ടം മുറിച്ച് മുഖം മൃദുവമായി സ്ക്രബ് ചെയ്യുകയോ, തക്കാളി നീര് പുരട്ടിയശേഷം മുഖം കഴുകുകയോ ആകാം. ചര്‍മം വൃത്തിയാക്കാനുള്ള സ്വഭാവിക ക്ലെന്‍സര്‍ കൂടിയാണ് തക്കാളി.

ചര്‍മസൗന്ദര്യം

തക്കാളി നീരും തേനും യോജിപ്പിച്ച് മുഖത്തു നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയശേഷം കഴുകിയാല്‍ മുഖം മൃദുവാകും, തിളക്കം വര്‍ധിക്കും.

കരുവാളിപ്പ് കുറയാന്‍

വെയിലും ചൂടും പൊടിയുമൊക്കെ അടിച്ച് മുഖത്തിന് കരുവാളിപ്പ് സംഭവിക്കുന്നത് സ്വഭാവികമാണ്. അതിനെ ചെറുക്കാന്‍ തക്കാളിയുടെ നീര് മുഖത്തുപുരട്ടിയാല്‍ മതിയാകും. യാത്രയും ജോലിയുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയശേഷം തക്കാളിനീര് തേച്ച് ഉണങ്ങിയശേഷം, തണുത്തവെള്ളത്തില്‍ മുഖം കഴുകുക.

മുഖക്കുരുവിന് പരിഹാരം

തക്കാളി നീര് മുഖക്കുരുവിനും പരിഹാരമാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകിക്കളയാം.

ചര്‍മസുഷിരങ്ങള്‍

ചര്‍മത്തിലെ സുഷിരങ്ങള്‍ക്ക് വലുപ്പം കൂടുന്നത് കൂടുതല്‍ അഴുക്ക് മുഖത്ത് അടിയാന്‍ കാരണമാകും. തക്കാളിനീര് മുഖത്ത് പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ സഹായിക്കും.

മുടി

മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. തക്കാളി നീര് മുടിയില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് മൂല്യം നിലനിര്‍ത്തും. മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറം കാത്തു സൂക്ഷിക്കുകയും ചെയ്യും. തക്കാളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ മാറാനും നല്ലതാണ്.

SCROLL FOR NEXT