LIFE

മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തില്‍ പുതിയ ഹോംപോഡ് മിനി പുറത്തിറക്കി ആപ്പിള്‍

അമേരിക്കയില്‍ ജൂലൈ 17 മുതലും മറ്റു രാജ്യങ്ങളില്‍ 31 മുതലും മിഡ്‌നൈറ്റ് ഹോം പോഡ് മിനി സ്മാര്‍ട്ട് സ്പീക്കര്‍ ഓര്‍ഡര്‍ ചെയ്തു തുടങ്ങാം

Author : ന്യൂസ് ഡെസ്ക്

ആപ്പിളിന്റെ ഹോംപോഡ് മിനി സ്മാര്‍ട്ട് സ്പീക്കര്‍ പുതിയ നിറത്തില്‍ അവതരിപ്പിച്ച് ആപ്പിള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മിഡ്‌നൈറ്റ് ഹോം പോഡ് സെക്കന്‍ഡ് ജെനറേഷനോട് സാമ്യമുള്ള പുതിയ മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലാണ് സ്മാര്‍ട്ട് സ്പീക്കര്‍ പുറത്തിറക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ജൂലൈ 17 മുതലും മറ്റു രാജ്യങ്ങളില്‍ 31 മുതലും മിഡ്‌നൈറ്റ് ഹോം പോഡ് മിനി സ്മാര്‍ട്ട് സ്പീക്കര്‍ ഓര്‍ഡര്‍ ചെയ്തു തുടങ്ങാം. ഹോം പോഡ് മിനി ആദ്യം ലോഞ്ച് ചെയ്തത് സ്‌പേസ് ഗ്രേ, വെള്ള തുടങ്ങിയ നിറങ്ങളിലായിരുന്നു. പിന്നീട് മഞ്ഞ, ഓറഞ്ച് നീല തുടങ്ങിയ നിറങ്ങളിലും വിപണിയിലെത്തി.

പുതിയ വേരിയന്റ് നൂറ് ശതമാനവും പുനരുപയോഗം ചെയ്ത മെഷ് ഫാബ്രിക് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ ഗ്രേ വേരിയന്റ് 90 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചായിരുന്നു നിര്‍മിച്ചത്.

നിലവിലുള്ള ഹോം പോഡ് മിനിയിലുള്ളതു പോലെ തന്നെ, സിരി വോയിസ് അസിസ്റ്റന്റ് ഇതില്‍ ലഭ്യമാകും. കാലാവസ്ഥ അടക്കമുള്ള സേവനങ്ങളും ഇതിലൂടെ തുടര്‍ന്നും ലഭിക്കും. ടച്ച് സെന്‍സിറ്റീവ് ലൈറ്റ് എമിറ്റിംഗ് പാനലോട് കൂടിയുള്ള സ്പീക്കര്‍ ആണിത്. ശബ്ദം ഉപയോഗിച്ചും ടച്ച് സെന്‍സിറ്റീവ് ഉപയോഗിച്ചും ഇത് പ്രവര്‍ത്തിപ്പിക്കാനാവും.

2020ല്‍ ഐ ഫോണ്‍ 12 സീരീസിനൊപ്പമാണ് ഹോം പോഡ് മിനി അവതരിപ്പിച്ചത്. 360 ഡിഗ്രി ശബ്ദാനുഭവത്തിന് സ്ഥിരതയുള്ള രീതിയിലാണ് ഇതിന്റെ ഡിസൈന്‍ എന്നും ആപ്പിള്‍ അവകാശപ്പെടുന്നു. കമ്പനിയുടെ എസ്5 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്പീക്കറില്‍ അള്‍ട്രാ വൈഡ് ബാൻറിന് വേണ്ടി പ്രത്യേകം യു1 ചിപ്പും സ്ഥാപിച്ചിട്ടുണ്ട്.



SCROLL FOR NEXT