നമ്മളില്‍ മിക്കവര്‍ക്കും, ചോക്ലേറ്റ് ആശ്വാസം നല്‍കുന്ന സന്തോഷകരമായ ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിനാല്‍, മുതിര്‍ന്നവരെന്ന നിലയില്‍, നമുക്ക് വിഷമം തോന്നുമ്പോഴെല്ലാം, ചോക്ലേറ്റ് പല രൂപങ്ങളിലായി നമ്മുടെ രക്ഷയ്ക്കെത്താറുണ്ട്. ചോക്ലേറ്റ് നമ്മുടെ ഉള്ളിലെ കുട്ടിയെ ഉണര്‍ത്താനും സന്തോഷം എന്ന വികാരത്തിലേക്ക് എത്തിച്ചേരാനും സഹായിക്കുന്നു.
നമ്മുടെ വികാരങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്ന തിയോബ്രോമിന്‍, ഫെനൈലെതൈലാമൈന്‍, ട്രിപ്‌റ്റോഫാന്‍, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയ സംയുക്തങ്ങളുടെ സങ്കീര്‍ണ്ണമായ മിശ്രിതമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നു. കൂടാതെ ഈ സ്വാദിഷ്ടമായ ട്രീറ്റില്‍ മുഴുകുന്നതിന്റെ സെന്‍സറി അനുഭവം ഗൃഹാതുരത്വത്തിന്റെ ആ നിമിഷങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തലച്ചോറിന്റെ പ്രതിഫല വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. അതിലൂടെ നമ്മുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും ചെയ്യുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡാര്‍ക്ക് ചോക്ലേറ്റുകള്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളായ സെറോടോണിന്‍ , ഡോപാമൈന്‍ , എന്‍ഡോര്‍ഫിന്‍സ് തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ റിലീസ് ചെയ്യാന്‍ സഹായകനാകുന്നു. അത് നമ്മളെ സന്തോഷിപ്പിക്കാന്‍ കാരണമാകുന്നു. കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ (സ്‌ട്രെസ് ഹോര്‍മോണ്‍) സാന്നിദ്ധ്യം കുറയ്ക്കുന്നു. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റുകളുടെ മിതമായ ഉപയോഗം, തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ (ചോക്ലേറ്റിലെ ഫ്‌ലേവനോയ്ഡുകള്‍ പ്രേരിപ്പിക്കുന്നത്) വൈജ്ഞാനിക പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.