റീ യൂസബിൾ വാട്ടർബോട്ടിൽ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്  Source: News Malayalam 24x7
LIFE

റീ യൂസബിൾ വാട്ടർബോട്ടിൽ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നീറ്റായി സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

വൃത്തിയാക്കാനും ഉണക്കാനും എളുപ്പമുള്ള വിശാലമായ വായ് ഭാഗമുള്ള കുപ്പികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതാണ് ഏറെ അഭികാമ്യമെന്ന് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നു.

Author : പ്രിയ പ്രകാശന്‍

വേനൽക്കാലത്തെ അപേക്ഷിച്ച് മഴക്കാലമാകുമ്പോൾ വെള്ളം കുടിക്കുന്ന കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തവർ നമ്മുടെ കൂട്ടത്തിലും ഉണ്ടാകും. വേനൽക്കാലം ആയാലും മഴക്കാലം ആയാലും വെള്ളം കുടിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവിഴ്ചയും ചെയ്യരുതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വേനൽക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് ദാഹം അനുഭവപ്പെടുന്നത് കുറവാണെങ്കിലും വെള്ളം കുടിക്കാതിരിക്കുന്നത് അത്ര നല്ല ശീലമല്ല. കുടിക്കുന്ന വെള്ളത്തിൻ്റെ കാര്യത്തിൽ മാത്രം പോരാ കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പികളുടെ കാര്യത്തിലും വേണം പ്രത്യേക ശ്രദ്ധ.

പ്ലാസിറ്റ് കുപ്പികളേക്കാൾ റീ യൂസബിൾ ആയിട്ടുള്ള കുപ്പികൾ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതാണ് ഏറെ അഭികാമ്യം. അത് നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമാണ്. വെള്ളം കുടിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന നമ്മൾ അത് വൃത്തിയായി സൂക്ഷിക്കാൻ എത്രമാത്രം ശ്രദ്ധ കൊടുക്കാറുണ്ട് എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?.

കൃത്യമായി കഴുകി സൂക്ഷിക്കാത്ത കുപ്പികളിൽ സ്ട്രെപ്റ്റോകോക്കസ്, ഫെക്കൽ ബാക്ടീരിയ എന്നിവയുടെ പ്രജനന കേന്ദ്രമായിരിക്കാമെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ കഴുകുന്നത് പോലെ നാം കുടിവെള്ള കുപ്പികൾ കഴുകിവെക്കാറില്ലെന്ന് പറഞ്ഞാൽ,അത്. അങ്ങനെയല്ലെന്ന് പറയാൻ ഒന്ന് ആലോചിക്കേണ്ടി വരും.

കൃത്യമായി പറഞ്ഞാൽ കുടിവെള്ള കുപ്പികൾ വൃത്തിയാക്കാൻ നാം വലിയ ശ്രദ്ധ കൊടുക്കാറില്ലെന്ന് സാരം. നമ്മളിൽ പലരും മിക്കപ്പോഴും എവിടെ പോകുമ്പോഴായാലും കുടിവെള്ള കുപ്പിയും കൂടെ കൊണ്ടു പോകുന്നവരാണ്. ഉപയോഗ ശേഷം കുപ്പികൾ കഴുകില്ലെന്ന് പൂർണമായും പറയാൻ സാധിക്കില്ല. കുപ്പിയുടെ ഉൾവശവും വായ്ഭാഗവും കൂടുതൽ സമയമെടുത്ത് കഴുകിയില്ലെങ്കിലും പെട്ടെന്ന് ഒന്ന് കഴുകി ഒപ്പിക്കുന്നവരായിരിക്കും നമ്മുക്കിടയിൽ കൂടുതലും ളള്ളത്.

പർഡ്യൂ സർവകലാശാലയിലെ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്‌മെൻ്റ് സ്‌കൂളിലെ അസോസിയേറ്റ് പ്രൊഫസറായ ബെൻകെ തൻ്റെ കുടിവെള്ള കുപ്പി കഴുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ചതിൽ പിന്നെയാണ് ഇതിനു പിന്നിലെ സത്യാവസ്ഥ പുറംലോകം അറിയുന്നത്.

കൃത്യമായി കഴുകി സൂക്ഷിക്കാത്ത കുപ്പികൾ പരിശോധിച്ചപ്പോൾ അതിൽ 20% ത്തിലധികം സാമ്പിളുകളിലും കോളിഫോം ബാക്ടീരിയ ഉണ്ടായിരുന്നുവെന്ന വിവരമാണ് ബെൻകെ പുറത്തുവിട്ടത്. ഭക്ഷ്യസുരക്ഷയെ കുറിച്ച് ഇത്രയും വിവരമുള്ള ആളായ താൻ ഈ കാര്യത്തെ പറ്റി ചിന്തിക്കുകയോ, അതിന് വേണ്ട പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. എന്നാൽ ഇതൊന്നും അറിയാത്ത സാധാരണക്കാരുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന ആശങ്കയോടെയാണ് ബെൻകെ പഠനവിവരം പുറംലോകത്തെ അറിയിക്കുന്നത്.

സാധാരണയായി നാം കുടിക്കുന്ന വെള്ളം മാത്രമല്ല കുപ്പികളിൽ ബാക്ടീരികൾ വളരാൻ അവയിൽ ഉപയോഗിക്കുന്ന ഏത് തരം വെള്ളവും കാരണമാകുന്നുണ്ടെന്നാണ് പഠനം പറയുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടുപോകുന്ന കുപ്പികളിൽ ചായ, എനർജി ഡ്രിങ്കുകൾ മറ്റ് പാനീയങ്ങൾ എന്നിവ കൊണ്ടു പോകുകയും, അതിൻ്റെ ഉപയോഗം കഴിഞ്ഞാൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും, ബാക്ടീരിയകൾ പെരുകുന്നതിലേക്ക് വഴിവെക്കും.

ഈർപ്പം, താപനില, എന്നിവ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് വഴിവെക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ കൃത്യമായി വൃത്തിയാക്കാത്ത കുപ്പികൾ ഉപയോഗിക്കുന്നതിലൂടെ ദുർബലമായ പ്രതിരോധ ശേഷി ഉള്ളവരാണ് നിങ്ങളെങ്കിൽ,അത് നിങ്ങളെ രോഗിയാക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ പങ്കുവെയ്ക്കുന്നത്.

വാഹനങ്ങളിൽ ദിവസങ്ങളോളം സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. അന്തരീക്ഷ താപനിലയും വാഹനത്തിലെ തണുപ്പും ബാക്ടീരിയകളുടെ വളർച്ചയിലേക്കാണ് വഴിവെക്കുന്നത്. ഓരേ ദിവസവും കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം അന്നന്നത്തെ ദിവസം മാത്രം ഉപയോഗിക്കുക.

കുപ്പികൾ നന്നായി കഴുകണം, കഴുകിയാൽ മാത്രം പോരാ, അത് കമിഴ്ത്തിവെച്ച് ഉണക്കാനും ശ്രദ്ധിക്കണം. നനഞ്ഞ നിലയിൽ സൂക്ഷിക്കുന്ന കുപ്പികൾ രോഗാണുക്കൾക്ക് വളരാനുള്ള അനുകൂല സാഹര്യമാണ് ഒരുക്കുന്നത്. വൃത്തിയാക്കാനും ഉണക്കാനും എളുപ്പമുള്ള വിശാലമായ വായ് ഭാഗമുള്ള കുപ്പികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതാണ് ഏറെ അഭികാമ്യമെന്നും ആരോഗ്യ വിദഗ്ധർ അറിയിപ്പ് നൽകുന്നു.

SCROLL FOR NEXT