തേങ്ങ പൊട്ടിക്കാൻ വ്യത്യസ്തമായ ഒരു ആയുധം കയ്യിലുണ്ട് കണ്ണൂർ പൂമംഗലത്തെ ബാലകൃഷ്ണന്. നിരവധി അഭ്യാസങ്ങൾ വശമുള്ള ബാലകൃഷ്ണന്റെ ഈ അഭ്യാസം അനുകരിച്ചവരാരും വിജയിച്ചിട്ടില്ല. വെള്ളത്തിൽ മണിക്കൂറുകളോളം പൊങ്ങിക്കിടക്കുക, കാൽ മടക്കി വെള്ളത്തിലിരിക്കുക... ഇങ്ങനെ പല അഭ്യാസങ്ങളും കയ്യിലുണ്ടെങ്കിലും പൂമംഗലത്തെ ബാലകൃഷ്ണന്റെ യഥാർഥ കഴിവിനെക്കുറിച്ച് കേട്ടാൽ ആരും വിശ്വസിക്കില്ല.
വാക്കത്തികൊണ്ടാണ് എല്ലാവരും തേങ്ങ പൊട്ടിക്കുക. അത്യാവശ്യം വന്നാൽ ചിലപ്പോൾ കൂർത്ത കല്ലോ മറ്റോ ഉപയോഗിച്ചേക്കാം. എന്നാൽ ഈ മനുഷ്യൻ 40 വർഷമായി ചില്ല് ഗ്ലാസാണ് തേങ്ങ പൊട്ടിക്കാൻ ഉപയോഗിക്കുന്നത്. വെറുതേ ഒരു പരീക്ഷണം നടത്തിയതാണ്. ഗ്ലാസ്സ് പൊട്ടുമെന്നായിരുന്നു കരുതിയത്. പക്ഷേ പൊട്ടിയത് തേങ്ങ. അങ്ങനെ ഇതൊരു ശീലമായി.
ഒറ്റ ദിവസം 120ലധികം തേങ്ങകൾ ഗ്ലാസ് ഉപയോഗിച്ച് പൊട്ടിച്ചിട്ടുണ്ട് ബാലകൃഷ്ണൻ. ചായക്കട നടത്തുന്ന ബാലകൃഷ്ണന് അങ്ങനെ ചായയടിക്കാനും തേങ്ങയടിക്കാനും ഗ്ലാസ് മതിയെന്നാണ് ഇപ്പോൾ. എന്ന് കരുതി നമ്മളാരും ഈ പണിക്ക് പോകേണ്ട. നിത്യാഭ്യാസി ആനയെ എടുക്കുന്നത് പോലെയാകില്ല. ബാലകൃഷ്ണനെ കണ്ട് അനുകരിച്ചവർക്കാർക്കും ഗ്ലാസ് പൊട്ടിയതല്ലാതെ തേങ്ങ പൊട്ടിയ അനുഭവം ഉണ്ടായിട്ടില്ല.