LIFE

10 മണിക്ക് ഉറങ്ങാറുണ്ടോ? എങ്കില്‍ ഇതെല്ലാമാണ് ഗുണങ്ങള്‍

രാത്രി വൈകി ഉറങ്ങുന്നത് ഉറക്കമില്ലായ്മ, വിഷാദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

നേരത്തെ ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ തിരക്കുള്ള ജീവിതത്തില്‍ പലപ്പോഴും നേരത്തെ ഉറങ്ങുക എന്നത് അസാധ്യമായ കാര്യമാണ്. നേരത്തെ ഉറങ്ങുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഹൃദയാരോഗ്യം മാനസികാരോഗ്യം എന്നിവയ്‌ക്കെല്ലാം നേരത്തെ ഉറങ്ങുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം രാത്രി വൈകി ഉറങ്ങുന്നത് ഉറക്കമില്ലായ്മ, വിഷാദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ നേരത്തെ ഉറങ്ങുന്നതിലൂടെ കൂടുതല്‍ നേരം നല്ല നിലവാരമുള്ള ഉറക്കം ലഭിക്കുകയും അത് നിങ്ങള്‍ക്ക് ദിവസം കുറച്ച് നേരത്തെ ആരംഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. യുറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രാത്രി 10 മുതല്‍ 11 വരെ ഉറങ്ങുന്നത് ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഈ സമയം കഴിഞ്ഞ് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രാത്രി 10 മണിക്ക് ഉറങ്ങുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. നേരത്തെ കിടക്കുന്നതിലൂടെ 8-9 മണിക്കൂര്‍ സമയം ഉറങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അതിലൂടെ നിങ്ങളുടെ ശരീരത്തിന് പൂര്‍ണ്ണ വിശ്രമം നേടാന്‍ സാധിക്കും. അതോടൊപ്പം ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗത്തിനുള്ള മറ്റ് അപകട സാധ്യതകളും കുറയ്ക്കുന്നു. കറന്റ് കാര്‍ഡിയോളജി റിവ്യൂസ് ജേണല്‍ പ്രകാരം ഉറക്കക്കുറവിന് ഹൈപ്പര്‍ടെന്‍ഷന്‍, കൊറോണറി ഹൃദ്രോഗം, ഡയബറ്റിസ് മെലിറ്റസ് എന്നിവയുമായി ബന്ധമുണ്ട്.

നിങ്ങളുടെ ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യുന്നതിലും നേരത്തെയുള്ള ഉറക്കം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കൂടാതെ രാത്രി ഉണര്‍ന്നിരിക്കുന്നവരെ അപേക്ഷിച്ച് നേരത്തെ ഉറങ്ങുന്നവര്‍ക്ക് ജോലി സ്ഥലത്തും മറ്റും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് ക്രോണോബയോളജി ഇന്റര്‍നാഷണല്‍, പിയര്‍-റിവ്യൂഡ് ജേണല്‍ പറയുന്നത്. തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നേരത്തെ ഉറങ്ങുന്നത് പ്രധാനമാണ്.

മെച്ചപ്പെട്ട പ്രതിരോധശേഷിയാണ് നേരത്തെ ഉറങ്ങുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു ഗുണം. നേരത്തെ ഉറങ്ങുന്നതും ആവശ്യത്തിന് വിശ്രമിക്കുന്നതും അണുബാധയ്ക്കുള്ള സാധ്യതയും പൊതുവെ അസുഖം വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെയുള്ള ഉറക്കം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ രോഗങ്ങള്‍ വരുന്നതില്‍ നിന്നും സംരക്ഷിക്കുന്നു.

SCROLL FOR NEXT