ഡൽഹി: ഇന്ത്യയിലെ ചായപ്രേമികളിൽ വലിയ മാറ്റമുണ്ടാകുന്നതായി പുതിയ പഠനം. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരം ബെംഗളൂരുവാണെന്ന് പഠനം. എന്നാൽ, ചായ വിപണിയിൽ അതിവേഗ വളർച്ച രേഖപ്പെടുത്തുന്നത് കൊച്ചി, തിരുവനന്തപുരം, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു. 130-ലധികം നഗരങ്ങളിലെ ചായ ഓർഡറുകളെക്കുറിച്ചുള്ള ഇൻസ്റ്റാമാർട്ടിന്റെ പുതിയ പഠനമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
130ലധികം നഗരങ്ങളിലെ ചായ ഓർഡറുകൾ വിശകലനം ചെയ്തപ്പോൾ, ഏറ്റവും വലിയ ചായ പ്രേമികളുടെ നഗരമായി ബെംഗളൂരു മുന്നിലെത്തി. പിന്നാലെ മുംബൈയും ഹൈദരാബാദും സ്ഥാനമുറപ്പിച്ചു. ചായ ഓർഡറുകളിൽ വർഷംതോറും 64 ശതമാനം വളർച്ച രേഖപ്പെടുത്തി ഭുവനേശ്വർ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ചായ വിപണിയായി മാറി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളും വേഗത്തിൽ വളരുന്ന വിപണികളുടെ പട്ടികയിൽ ഇടം നേടി.
രുചിയുടെ കാര്യത്തിൽ ഇന്ത്യക്കാർ ഇപ്പോഴും പരമ്പരാഗത ചായകളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇഞ്ചിച്ചായ രാജ്യത്തെ ഏറ്റവും ജനപ്രിയ ചായയായി തുടരുന്നു. ബ്ലാക്ക് ടീ, ഏലക്ക ചായ, ഗ്രീൻ ടീ, മസാല ചായ എന്നിവയും മുൻനിരയിലുണ്ട്. എന്നാൽ പുതുതലമുറയുടെ ഇഷ്ടങ്ങളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. റെഡി-ടു-ഡ്രിങ്ക് ടീ വിഭാഗം 109 ശതമാനം വളർച്ച നേടി. പീച്ച് ടീയുടെ ആവശ്യകത 62 മടങ്ങ് ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. തുളസി ടീ, ബ്ലൂ പീ ടീ, ഗ്രീൻ ടീ, കൊംബുച എന്നിവയ്ക്കും ആവശ്യക്കാർ വർധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.