ചായയും, കാപ്പിയുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പാനീയങ്ങളാണ്. ശീലമായതുകൊണ്ടും, അഡിക്റ്റായതുകൊണ്ടും, ഇഷ്ടമായതുകൊണ്ടുമെല്ലാം ചായയും കാപ്പിയും പലർക്കും പലതരത്തിൽ, പല സമയത്ത് കുടിക്കുന്നതാകും പ്രിയം. ഇനി ചായയും കാപ്പിയുമൊക്കെ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദിച്ചാൽ ഗുണം പോലെ തന്നെ അമിതമായാൽ ദോഷവുമാണ്.
ലോകത്ത് ഭൂരിഭാഗം ജനങ്ങൾക്കും ശീലമുള്ള ചായ-കാപ്പി ഒഴിവാക്കുക എന്നാൽ അത് അത്ര എളുപ്പമല്ല. എന്നാൽ ഇതൊക്കെ കുടിക്കാൻ ഒരു സമയമുണ്ടെന്ന് പറഞ്ഞാൽ അത് ശ്രദ്ധിക്കേണ്ടതാണ്. ഒരു ചായയോ കാപ്പിയോ കുടിക്കാൻ പ്രത്യേക സമയമോ എന്നാണോ, അതെ ചായയ്ക്കും കാപ്പിക്കുമൊക്കെ ശരീരത്തിനകത്ത് ചെല്ലാൻ പറ്റിയ ഒരു സമയമുണ്ട്.
ഇഷ്ടമുള്ളപ്പോൾ, ചെറിയൊരു ക്ഷീണമോ ഉറക്കമോ വരുമ്പോൾ ഒരു ചായ കുടിക്കാതോന്നുക സ്വാഭാവികം. പക്ഷെ അങ്ങനെ തോന്നുന്ന സമയത്ത് കുടുക്കുന്നതാണ് പ്രശ്നം. ഉദാഹരണത്തിന് രാവിലെ എട്ട് മണിക്കും ഒമ്പതിനുമിടയിൽ ശരീരം ഉയർന്ന അളവിൽ നമ്മെ ഉറക്കത്തില്‍ നിന്നും ഉണർത്താൻ സഹായിക്കുന്ന കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സമയത്ത് കഫീനും, ചായയുമെല്ലാം അകത്ത് ചെന്നാൽ അത് പരിഭ്രാന്തിക്കും, ആശങ്കകൾക്കും ഇടയാക്കുമത്രേ.
എന്നാപ്പിന്നെ ഏത് സമയത്താണാവോ ഇതൊക്കെ കുടുക്കേണ്ടത് എന്നാകും സംശയം. അത് കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന 9.30ക്കും 11.30ക്കും ഇടയിലാണ്. ഇത് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ചായയും, കാപ്പിയും അകത്ത് ചെല്ലുന്നതിൽ അപകടമില്ല. ഉന്മേഷവും നൽകും. ഇനി ചായയും കാപ്പിയും മാത്രമല്ല, പ്രഭാത ഭക്ഷണത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന റോളുകളും പേസ്ട്രികളുമൊന്നും ഉൾപ്പെടുത്താതിരിക്കുക.