LIFE

ഐതിഹ്യങ്ങള്‍ക്കപ്പുറം ഓണം നമ്മുടെ കാര്‍ഷികോത്സവം കൂടിയാണ്

മേടപ്പത്തിനാണു പുതിയ തൈകൾ വെച്ച് കൃഷി ആരംഭിക്കുന്നത്. തുടര്‍ന്ന് ചിങ്ങത്തില്‍ ധാന്യങ്ങളുടെയും ദീര്‍ഘകാല കൃഷികളുടെയും വിളവെടുപ്പ് നടത്തും

Author : ന്യൂസ് ഡെസ്ക്

ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഓണം നമുക്ക് കാര്‍ഷികോത്സവം കൂടിയാണ്. കാർമേഘം മൂടി കിടന്ന കര്‍ക്കിടകത്തിന് പിന്നാലെ വിളവെടുപ്പിന്റെ ഉത്സവവുമായി എത്തുന്ന മാസമായത് കൊണ്ട് കൂടിയാണ് ചിങ്ങം മലയാളികള്‍ക്ക് വര്‍ഷാരംഭവും സമൃദ്ധവുമായിത്തീര്‍ന്നത്. ഓണത്തെ ഉത്സവമാക്കാനുള്ളതെല്ലാം കരുതിയാണ് ചിങ്ങത്തിന്റെ വരവ്.

പഴയകാലത്തെ കാര്‍ഷിക സമൃദ്ധിയുടെ ഓർമ്മകളിൽ നിന്ന് കൊണ്ടാണ് ചിങ്ങം ഒന്ന് നമ്മൾ കർഷക ദിനമായി ആചരിക്കുന്നത്. മേടവും ചിങ്ങവും കാര്‍ഷിക സമൃദ്ധിയുടെ രണ്ട് മാസങ്ങളാണ്. മേടപ്പത്തിനാണു പുതിയ തൈകൾ വെച്ച് കൃഷി ആരംഭിക്കുന്നത്. തുടര്‍ന്ന് ചിങ്ങത്തില്‍ ധാന്യങ്ങളുടെയും ദീര്‍ഘകാല കൃഷികളുടെയും വിളവെടുപ്പ് നടത്തും. ഏപ്രിലില്‍ തുടങ്ങുന്ന വിരിപ്പ് കൃഷിയുടെയും കൊയ്ത്തു കാലവും. വര്‍ഷ ഋതു കഴിയുന്നതിന്റെ പ്രാധാന്യവും ചിങ്ങത്തിനുണ്ട്.


അശ്വതി ഞാറ്റുവേലയില്‍ തുടങ്ങി മകം ഞാറ്റുവേലയില്‍ അവസാനിക്കുന്ന ഒരു കൃഷിക്കാലം. തെളിഞ്ഞ വെയില്‍ കിട്ടിത്തുടങ്ങുന്ന കാലമായിരുന്നു ചിങ്ങത്തിലുള്ളത്. കളികളും, ആഘോഷങ്ങളും തീര്‍ത്ത്, വയറു നിറച്ചുണ്ട് തൃപ്തിയായി അടുത്ത കാര്‍ഷിക കര്‍മ്മ പദ്ധതിയിലേക്ക് ഇറങ്ങാനുള്ള കാലം. ചിങ്ങത്തിലെ പുതുവത്സരം ചിട്ടയായി ക്രമപ്പെടുത്തേണ്ടതിന്റെ മുന്നോടിയായാണ് അത്തപത്തിനെ കണക്കാക്കുന്നത്. മഴയ്ക്കിടയില്‍ കരുപ്പിടിപ്പിച്ച് എടുത്ത ധാന്യം വിത്തായും അരിയായും സൂക്ഷിക്കണം.

അറയും പത്തായവും നിറയ്ക്കും കാലം. കര്‍ക്കടക മഴ വെള്ളം കൊണ്ട് ഭൂമി നിറച്ച ശേഷമാണ് ചിങ്ങമെത്തുന്നത്. ഒഴുക്കു വെള്ളം എക്കല്‍ കൊണ്ട് വന്ന് കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കും. പിന്നെ വേറെ വള പ്രയോഗങ്ങള്‍ പണ്ട് ഉണ്ടായിരുന്നില്ല. പുരുഷനും സ്ത്രീയും ഒരുമിച്ച് അധ്വാനിച്ച കാലമായിരുന്നു അത്.

ഓണകാലത്ത് പറമ്പും പാടവും വീടും തൊഴുത്തുമെല്ലാം വൃത്തിയാക്കും. പരാധീനതകളുടെ കര്‍ക്കിടക കാലം കഴിഞ്ഞുള്ള പ്രതീക്ഷയുടെ പുലരികളാണ് ഓണക്കാലം. ഈ സമയം ജലം ഒഴുകി പരന്ന് കൊയ്ത്ത് കഴിഞ്ഞ വയലുകളെ സമ്പുഷ്ടമാക്കും. കാര്‍ഷിക സംസ്‌കൃതിയുടെ നല്ല സ്മരണകള്‍ ഉണർത്തുന്ന നല്ല കാലവുമാണ് നമുക്ക് ഓണക്കാലം.


SCROLL FOR NEXT