എല്ലാവരും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്ന ഒരു സംവിധാനത്തിലേക്ക് ഇതിനകം മാറിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലേക്കുള്ളതടക്കമുള്ള വസ്തുക്കള്‍ പത്ത് മിനിട്ടിനകം വീട്ടിലെത്തുമെന്നതാണ് ആളുകളെ കൂടുതലും ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ആകര്‍ഷിക്കുന്നത്.
ഇപ്പോള്‍ സൊമാറ്റോയുടെ ബ്ലിങ്കിറ്റ് ആപ്പില്‍ നിന്ന് ഒരു യുവതിക്ക് വളരെ എളുപ്പത്തില്‍ പ്രിസ്‌ക്രിപ്ഷനോട് കൂടി മരുന്ന് ലഭിച്ചതിലെ ആശ്ചര്യം പങ്കുവച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
'കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ട് തവണ എനിക്ക് വയ്യാതായി. ബ്ലിങ്കിറ്റിലൂടെ ഡോക്ടറെ കാണിക്കാന്‍ എന്തെളുപ്പമാണ്! കുറച്ചു മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവര്‍ പ്രിസ്‌ക്രിപ്ഷന്‍ അപ്ലോഡ് ചെയ്യാനായി ആവശ്യപ്പെടും. നിങ്ങളുടെ പക്കല്‍ കുറിപ്പടി ഇല്ലെങ്കില്‍ അവര്‍ തന്നെ ഒരു ജനറല്‍ ഫിസീഷ്യനുമായി നിങ്ങള്‍ക്ക് കണക്ട് ചെയ്ത് തരും. അവര്‍ ഒരു മിനുട്ടിനകം നിങ്ങളെ വിളിക്കും. പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ ഡോക്ടര്‍ നിങ്ങള്‍ മരുന്ന് നിര്‍ദേശിക്കും. ആപ്പില്‍ തന്നെ കുറിപ്പടിയും അയച്ചു തരും! അതിന് എക്‌സ്ട്രാ ചാര്‍ജുകളും ഈടാക്കുന്നില്ല. ഒരു ഡോക്ടറെ കാണാന്‍ പോയി കാത്തുനില്‍ക്കുന്നത് വച്ചു നോക്കുമ്പോള്‍ അത് എന്തെളുപ്പം ആണ്,' നേഹ മൂല്‍ ചാന്ദനി എന്ന യുവതി എക്‌സില്‍ പോസ്റ്റ് ചെയ്തു.
ബ്ലിങ്കിറ്റിനെയും ദീപിന്ദര്‍ ഗോയലിനെയുമൊക്കെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഒപ്പം പ്രിസ്‌ക്രിപ്ഷന്റെ കോപ്പിയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ ചില മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തി. യഥാര്‍ഥ ഡോക്ടര്‍മാരായിരിക്കില്ല ഇതെന്നും പലപ്പോഴും മാര്‍ക്കറ്റിങ്ങിന്റെ ഭാഗം മാത്രമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
സംഭവം സ്ഥിരീകരിക്കുന്നതിനായി ഇന്ത്യ ടുഡേയില്‍ സമാനമായ രീതിയില്‍ മരുന്ന് ഓര്‍ഡര്‍ ചെയ്‌തെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിബയോട്ടിക് ആയ അസിത്രല്‍ 200 എംജി ലിക്വിഡ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ പ്രിസ്‌ക്രിപ്ഷന്‍ എന്ന ഓപ്ഷന്‍ വന്നു. അതുകൊണ്ട് ബ്ലിങ്ക് ഇറ്റ് ഉടന്‍ തന്നെ ജനറല്‍ ഫിസീഷ്യനുമായി കണക്ട് ചെയ്തു തന്നു. ഡോ. അയ്മന്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ ആള്‍ പ്രിസ്‌ക്രിപ്ഷനും അയച്ചു തന്നു.
എന്നാല്‍ അയാള്‍ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്, ക്വാളിഫിക്കേഷന്‍ എന്തൊക്കെയാണ് എന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും നല്‍കാതെ കട്ടാക്കിയെന്നും മരുന്ന് കുറച്ച് സമയത്തിന് ശേഷം ഓര്‍ഡര്‍ ആയി ലഭിച്ചുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു തരത്തിലും രോഗിയെ കാണുകയോ പരിശോധിക്കുകയോ ഒന്നും ചെയ്യാതെ ഇത്തരത്തില്‍ മരുന്നുകള്‍ ലഭിക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പലരും ഉന്നയിക്കുന്ന വാദം. മാത്രമല്ല പല ഡോക്ടര്‍മാരും ഇതിനെതിരെ രംഗത്തെത്തുന്നുമുണ്ട്.
ഒരു രോഗിയെ ഡോക്ടര്‍കണ്ട് അവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പഠിച്ചാണ് മരുന്ന് നല്‍കുക. ചിലപ്പോള്‍ ബ്ലഡ് റിസല്‍ട്ട് എടുത്തുകൊണ്ടായിരിക്കും, അല്ലെങ്കില്‍ ചിലപ്പോള്‍ മറ്റെന്തെങ്കിലും ടെസ്റ്റ് എടുത്തുകൊണ്ടായിരിക്കും. എന്നാല്‍ അത്തരത്തില്‍ ഒന്നുമില്ലാതെ മരുന്ന് ലഭിക്കുന്നത് ഈ ആപ്പിന്റെ വിശ്വാസ്യതയെ കൂടി ചോദ്യം ചെയ്യുന്നതാണെന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത് വളരെ മണ്ടന്‍ സേവനമാണെന്നും കൂടുതല്‍ അപകടകരമാണെന്നും മറ്റൊരു ഡോക്ടര്‍ പറയുന്നുണ്ട്. ബ്ലിങ്കിറ്റ് വഴി ഒരു പൊലീസിനെയോ അഭിഭാഷകനെയോ ഒന്നും കാണാന്‍ കഴിയില്ലല്ലോ. പിന്നെ എങ്ങനെയാണ് ഒരു ഡോക്ടറുടെ സേവനം ലഭിക്കുക എന്നും ഡോക്ടര്‍ ചോദിക്കുന്നുണ്ട്.