റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് തുടങ്ങി പൊതു ഇടങ്ങളിലെ റീൽസ് ചിത്രീകരണം പലപ്പോഴും വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. കഴിവ് കാണിക്കാൻ ചുറ്റുമുള്ളവരെ ബുദ്ധിമുട്ടിക്കുന്നു, ഇത് പൊതുജനങ്ങൾക്ക് ശല്യമായി മാറുന്നു, ജീവൻ വകവെക്കാതെ വീഡിയോ ചിത്രീകരിക്കുന്നു ഇങ്ങനെ നീളുന്നു ആളുകളുടെ പരാതികൾ. എന്നാൽ ചീത്ത വിളിക്കുന്നവരെ കൊണ്ട് കയ്യടിപ്പിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു റെയിൽവേ സ്റ്റേഷനിൽ ഓടികൊണ്ടിരിക്കുന്ന ട്രെയ്നിന് സമീപം നൃത്തം ചെയ്യുന്ന പയ്യനെയാണ് വീഡിയോയിൽ ആദ്യം കാണുക. സ്കിപ് ചെയ്ത് പോകുന്നതിന് മുൻപ് ഒരു വമ്പൻ ട്വിസ്റ്റ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വീഡിയോ തുടങ്ങി അഞ്ച് സെക്കൻ്റിനകം ചീത്ത വിളിക്കാൻ എത്തിയവരുടെ മനസ് മാറും. വേഗതയിലോടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണ വൃദ്ധനെ ഡാൻസർ രക്ഷിക്കുന്നതോടെയാണ് സീൻ മാറുന്നത്. തൻ്റെ നൃത്തം മതിയാക്കി ഓടി ചെന്ന് വൃദ്ധനെ സഹായിക്കുകയാണ്. ഒരു പക്ഷേ യുവാവ് അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ അദ്ദേഹത്തിൻ്റെ ജീവൻ തന്നെ അപകടത്തിലായേനെ.
എന്നാൽ സംഭവം നടന്നെതെവിടെയാണെന്നതും എപ്പോഴാണെന്നതിലും കൃത്യതയില്ല. ബിൻചർ പൂജ എന്ന എക്സ് യൂസർ പോസ്റ്റ് ചെയ്ത വീഡിയോ ഏഴര ലക്ഷം ആളുകളാണ് ഇതിനോടകം കണ്ടത്. ഡാൻസറെ വിമർശിച്ചും പ്രശംസിച്ചുമുള്ള കമൻ്റുകളാണ് പോസ്റ്റിന് കീഴിൽ മുഴുവൻ. " ഇവൻ്റെ റീൽ ഇന്ന് ഒരാളുടെ ജീവൻ രക്ഷിച്ചു", ഇവർക്കെവിടെ നിന്നാണ് ഇത്രയധികം ആത്മവിശ്വാസം ലഭിക്കുന്നത്. അതേസമയം ഇയാളെ അടിക്കാനായാണ് വൃദ്ധൻ ട്രെയ്നിൽ നിന്ന് ചാടിയതെന്ന തരത്തിലുള്ള കമൻ്റുകളുമുണ്ട്.