ചുട്ടുപൊള്ളിച്ച വേനലിന് ശേഷം കേരളത്തില്‍ ഇപ്പോള്‍ മണ്‍സൂണ്‍ കാലമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഈ കാലയളവ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെത് കൂടിയാണ്. കൃത്യമായ മുന്‍കരുതലും ജാഗ്രതയും ഇല്ലെങ്കില്‍ ഈ ദിവസങ്ങള്‍ ആശുപത്രിക്കിടക്കിയിലാകും നമുക്ക് ആഘോഷിക്കേണ്ടി വരിക. മാലിന്യസംസ്കരണവും വെള്ളക്കെട്ട് നിവാരണവും പ്രധാന പങ്കുവഹിക്കുന്ന മഴക്കാലപൂര്‍വ ശുചീകരണം എത്രത്തോളം കാര്യക്ഷമമാകുന്നുവോ അത്രത്തോളം രോഗവ്യാപനത്തിന്‍റെ തോതും കുറയ്ക്കാനാകും എന്നതാണ് മുന്‍കാല അനുഭവം. പോസ്റ്റ് കോവിഡ് രോഗങ്ങള്‍ ബാധിച്ചവരില്‍ മഴക്കാലരോഗങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാവുന്ന ബുദ്ധിമുട്ട് ഒട്ടും ചെറുതല്ല.
ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി, വയറിളക്കരോഗങ്ങൾ കൂടാതെ കൊതുക് പരത്തുന്ന ഡെങ്കിപ്പനി ചിക്കുന്‍ ഗുനിയ എന്നിവയാണ് കേരളത്തില്‍ കണ്ടുവരാറുള്ള മഴക്കാലരോഗങ്ങൾ.
കരുതിയിരിക്കണം ഡെങ്കിപ്പനിയെ
കഠിനമായ പനി, ദേഹം വേദന, കണ്ണിനു പുറകിൽ വേദന, തലവേദന,ഛർദി, ശരീരത്തിൽ ചുവന്ന കുരുക്കൾ, ഓക്കാനം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി കുറയാതെ തുടരുന്ന സാഹചര്യമാണെങ്കില്‍ രക്തപരിശോധനയിലൂടെ രോഗം നിർണയിക്കാം.രോഗം പിടിപെട്ടാല്‍ മൂന്നാം ദിവസം മുതൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞു തുടങ്ങും.രക്തസമ്മർദ്ദം കുറയുന്നത് മറ്റ് അവയവങ്ങളെയും ബാധിക്കാം.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
നിസാരക്കാരനല്ല എലിപ്പനി
എലി മൂത്രം കലർന്ന മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് എലിപ്പനി മനുഷ്യരിലേക്ക് പടരുന്നത്.ചെരുപ്പ് ഇല്ലാതെ രോഗാണു കലർന്ന വെള്ളത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകളിലൂടെയും മലിനമാക്കപ്പെട്ട കുടിവെള്ളത്തിലൂടെയും രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കും.
രോഗാണു ശരീരത്തിൽ കടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. കഠിനമായ പനി,മഞ്ഞപ്പിത്തം,തലവേദന, കണ്ണിനു ചുവപ്പ്, കൈകാൽ കഴപ്പ്, മസിലുകളിൽ തൊടുമ്പോൾ പോലും വേദന, ചുവന്ന കുരുക്കൾ എന്നിവയാണ് രോഗബാധിതരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാൽ തലച്ചോർ, ഹൃദയം, കിഡ്നി, കരൾ, തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ കെട്ടികിടക്കുന്ന വെള്ളവുമായി സമ്പർക്കം വന്നാൽ എലിപ്പനി പ്രതിരോധ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. രോഗം വരാനുള്ള സാഹചര്യത്തെ ഇതുമൂലം ഒഴിവാക്കാം.
തടയാം ടൈഫോയിഡിനെ
Salmonella Typhi എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ടൈഫോയിഡ്. മലിനമാക്കപ്പെട്ട ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുക.ചെറിയ പനി ആയിട്ടാണ് ആദ്യം തുടങ്ങുന്നത് എങ്കിലും പിന്നീട് പനി കൂടി കൂടി വരും. മനംപുരട്ടൽ, ഓക്കാനം, വിശപ്പില്ലായ്മ, ക്ഷീണം,മലബന്ധം, വയറിളക്കം എന്നിവയും പനിക്കൊപ്പം ഉണ്ടാകാം. ബ്ലഡ് ടെസ്റ്റ് വഴി രോഗം കണ്ടുപിടിക്കുന്നതും ആന്റിബയോട്ടിക് ചികിത്സ നൽകുന്നത് വഴി രോഗം പൂർണ്ണമായി സുഖപ്പെടുത്താവുന്നതാണ്.
മഞ്ഞപ്പിത്തം മാരകം ആകാം
മലിന ജലം,ഭക്ഷണം എന്നിവയിൽനിന്നും ശരീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ് A വൈറസ് 10 മുതൽ 50 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. പനി, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന,ഛർദ്ദി, വയറിളക്കം,ചർമത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഒരു ശതമാനത്തിൽ താഴെ കുട്ടികളിൽ കരളിനെ മാരകമായി ബാധിക്കാം. രക്തപരിശോധന SerumIgM HAV ആന്റിബോഡി പരിശോധനയിലൂടെ രോഗനിർണയനം കൃത്യമായ ചികിത്സയിലൂടെ പൂർണമായി സുഖപ്പെടുത്താവുന്നതാണ്.
വയറിളക്കരോഗങ്ങൾ ഗുരുതരമാകാം
ഈച്ച മുതലായ പ്രാണികൾ മൂലം വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് വയറിളക്ക രോഗമുണ്ടാകുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഇത്.ശരീരത്തില്‍ അനുഭവപ്പെടുന്ന നിർജലീകരണം തടയൽ ആണ് പ്രധാന ചികിത്സ. ഓ.ആർ.എസ് ലായനി ആണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം.
മഴക്കാല രോഗങ്ങള്‍ തടയാന്‍ ചില മുന്‍കരുതലുകള്‍
കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക (തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക, പ്രത്യേകിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്)
പാകം ചെയ്യാത്ത ചട്ണികള്‍, സലാഡുകള്‍, ഫ്രഷ് ജ്യൂസുകള്‍, വെള്ളം എന്നിവ പുറത്ത് നിന്ന് കഴിക്കുന്നത് ഒഴിവാക്കുക.
ഉപയോഗിക്കുന്നതിന് മുമ്പ് പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക എന്നീ കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
പുറത്ത് പോയി വന്നതിനു ശേഷം കൈകളും കാലുകളും നന്നായി കഴുകുക. നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കുക.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി (vitamin c) അടങ്ങിയ ഭക്ഷണം കഴിക്കുക.
മുളപ്പിച്ച ധാന്യങ്ങള്‍, പച്ച നിറത്തിലുള്ള പച്ചക്കറികള്‍, ഓറഞ്ച് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന സ്ട്രീറ്റ്ഫുഡുകള്‍ ഒഴിവാക്കണം.
കുളിക്കുന്ന വെള്ളത്തില്‍ ഒരു അണുനാശിനി (disinfectant) (ഡെറ്റോള്‍, സാവ്ലോണ്‍, ബെറ്റാഡിന്‍) ഒഴിക്കുക
ധരിക്കുന്നതിന് മുമ്പ് എല്ലാ വസ്ത്രങ്ങളും ഇസ്തിരിയിടുക.
ഭിത്തികളിലും മേല്‍ക്കൂരകളിലും ഉണ്ടാകുന്ന ഈര്‍പ്പം പൂപ്പല്‍ രൂപപ്പെടുന്നതിനും അത് പിന്നീട് അലര്‍ജിക്കും ആസ്മക്കും കാരണമാകുകയും ചെയ്യും. വീടുകളിലെ ചോര്‍ച്ച പരിഹരിക്കുന്നത് ഉചിതം.