LIFE

കുളിക്കാന്‍ പേടിയുണ്ടോ നിങ്ങള്‍ക്ക് ? എങ്കില്‍ അബ്ലൂട്ടോഫോബിയ ആകാം

അകാരണമായ ഭയം കൊണ്ട് മനുഷ്യരില്‍ സാധാരണമായി കണ്ടുവരുന്ന പലതരം ഫോബിയകള്‍ ഉണ്ടെങ്കിലും അബ്ലൂട്ടോഫോബിയ അസാധാരണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം

Author : ന്യൂസ് ഡെസ്ക്

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ഒരു കുളി പാസാക്കി ദൈനംദിന കാര്യങ്ങളിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട് രാവിലെ ഒരു കുളി കഴിഞ്ഞാലെ ഒരു ഉഷാറുള്ളു എന്ന്. എന്നാല്‍ കുളിക്കാന്‍ പേടിയുള്ള ചിലരും നമുക്കിടയിലുണ്ടെന്ന് അറിയാമോ ? മനശാസ്ത്ര വിദഗ്ദര്‍ അബ്ലൂട്ടോഫോബിയ എന്ന പേരിട്ട് വിളിക്കുന്ന ഈ അവസ്ഥ ഒരു മാനസിക പ്രശ്നമായാണ് വിലയിരുത്തുന്നത്.കുളിക്കാനോ ശരീരം വൃത്തിയാക്കാനോ ഒരു മനുഷ്യനുണ്ടാകുന്ന അമിത ഭയമാണ് അബ്ലൂട്ടോഫോബിയ എന്നറിയപ്പെടുന്നത്. അകാരണമായ ഭയം കൊണ്ട് മനുഷ്യരില്‍ സാധാരണമായി കണ്ടുവരുന്ന പലതരം ഫോബിയകള്‍ ഉണ്ടെങ്കിലും അബ്ലൂട്ടോഫോബിയ അസാധാരണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.

ആര്‍ക്കൊക്കെ ബാധിക്കും

പുരുഷൻമാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കുട്ടികളെ ബാധിക്കുന്ന ഫോബിയ ഭയം അവർ വളർച്ചയുടെ ഘട്ടങ്ങള്‍ പിന്നിടുന്നതോടെ ഇല്ലാതാകുന്നു. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും അബ്ലുട്ടോഫോബിയ ഇപ്പോള്‍ സർവസാധാരണമാണ്. മനുഷ്യര്‍ ആധുനിക ജീവിതശൈലി ശീലിച്ച് തുടങ്ങിയത് മുതല്‍ യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താമസിച്ചിരുന്ന ആളുകൾക്ക് ദിവസേന കുളിക്കുന്ന ശീലമില്ലായിരുന്നു. ഇതുകൊണ്ടാകാം ഈ സ്ഥലങ്ങളില്‍ അബ്ലൂട്ടോഫോബിയ എന്ന മാനസികവൈകല്യം സർവ്വസാധാരണമായി മാറിയത്. മാത്രമല്ല കൂടുതല്‍ തവണ കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന വിശ്വാസവും അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. കൂടാതെ കുളിക്കാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാന്‍ പെര്‍ഫ്യൂമുകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെ ഈ വ്യവസായ മേഖലയും വിപുലമായി.

ലക്ഷണങ്ങള്‍

  • കുളിക്കാനും സ്വയം വൃത്തിയാക്കുനുമുള്ള അമിതമായ ഭയം തന്നെയാണ് പ്രധാന ലക്ഷണം
  • കുളിമുറികള്‍ കാണുമ്പോള്‍ ഹൃദയമിടിപ്പ് കുടുക, അമിതമായി വിയര്‍ക്കുക,ശ്വാസം മുട്ടുക എന്നിവ അനുഭവപ്പെട്ട് പാനിക് അറ്റാക്കിലേക്ക് പോകുന്ന അവസ്ഥ.
  • ഇത്തരം സാഹചര്യങ്ങളില്‍ തീവ്രമായ ഭയവും അമിതമായ ഉത്കണ്ഠയും ഇവരില്‍ അനുഭവപ്പെടാം
  • ഭയപ്പെടുത്തുന്ന മുന്‍കാല അനുഭവങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മയിലേക്ക് വരുക.
  • വൃത്തിയ്ക്ക് പ്രാമുഖ്യം കൊടുക്കുന്ന സമൂഹത്തില്‍ അപമാനിതരാകുമോ എന്ന ഉള്‍ഭയം.

ചികിത്സ

  • വെള്ളവുമായി ബന്ധപ്പെട്ട അസുഖകരമായ മുന്‍കാല അനുഭവം, അല്ലെങ്കിൽ കുളിക്കുമ്പോഴോ, നീന്തുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഉണ്ടായ അപകടം, തീവ്രമായ ഭയം, ഉത്കണ്ഠ, പരിഭ്രാന്തി എന്നിവയെല്ലാം അബ്ലൂട്ടോഫോബിയയിലേക്ക് മനുഷ്യരെ നയിക്കുന്ന കാരണങ്ങളാണ്.ഒരു മാനസിക രോഗവിദഗ്ദന്‍റെ മേല്‍നോട്ടത്തിലുള്ള ചികിത്സയാണ് ഇതിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗം.
  • പൂര്‍ണമായും ഫോബിയ ആയി മാറിയ അവസ്ഥയില്‍ സപ്പോര്‍ട്ടീവ് കൗണ്‍സിലിംഗ്, എക്സ്പോഷര്‍ തെറാപ്പി, സിസ്റ്റമാറ്റിക് ഡിസെന്‍സിറ്റൈസേഷന്‍ തെറാപ്പി എന്നീ ചികിത്സാ രീതികള്‍ അവലംബിക്കാം.
  • ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്‍റി ആങ്സൈറ്റി മരുന്നുകള്‍ അനുവദനീയമായ അളവില്‍ ഉപയോഗിക്കാം. 
SCROLL FOR NEXT