ഉറക്കം എന്നത് മനുഷ്യരെ സംബന്ധിച്ച് വളരെ പ്രധാനമായ ഒന്നാണ്. ആരോഗ്യകരമായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാവുകയുള്ളു. അതായത് മനസിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ പ്രക്രിയയാണ് ഉറക്കം. എന്നാൽ മാറുന്ന ജീവിത രീതിയും ഭക്ഷണക്രമവും, വർക്ക് കൾച്ചറും കൊണ്ടും പലർക്കും ശരീയായ ഉറക്കം ലഭിക്കാറില്ല. മാത്രവുമല്ല രാത്രിയിൽ ഇടയ്ക്കിടെ ഉറക്കം ഞെട്ടുന്നവരും കുറവല്ല. എന്നാൽ എന്താണ് ഇതിൻ്റെ കാരണമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇങ്ങനെയുണ്ടാകുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
രാത്രിയിൽ ഇടയ്ക്കിടെ ഉറക്കമുണരുന്നതിന് വിവിധ ഘടകങ്ങൾ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദ്ദം, ഉത്കണ്ഠ, ഉറങ്ങുന്നതിനുമുമ്പുള്ള കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം, ചില മരുന്നുകൾ, ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവം അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമായേക്കാം.
ശരിയായ ഉറക്കരീതി ഇല്ലാത്തതാണ് ഇതിൻ്റെ പ്രധാനകാരണം. ശരിയായ സമയങ്ങളിൽ ഉറങ്ങാതിരിക്കുക, ഉറങ്ങുന്നതിനുമുമ്പുള്ള ഫോണിൻ്റെ ഉപയോഗം, തുടങ്ങിയ തെറ്റായ ഉറക്കരീതികൾ രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നതിന് കാരണമാകും. ശരീരത്തിന് ആവശ്യമായ വിശ്രമം എടുക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ തടയുന്നതു കൊണ്ടുതന്നെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. പ്രത്യേകിച്ച് തൊട്ടടുത്ത ദിവത്തെ മാനസികാവസ്ഥയെ ബാധിക്കുകയും ദിവസം മുഴുവൻ നിങ്ങളെ ക്ഷീണിതനും അസ്വസ്ഥനാക്കുകയും ചെയ്യും.
രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ എന്തോ ശരിയായി അല്ല നടക്കുന്നതെന്നാണ് നിങ്ങളുടെ ശരീരം പറയുന്നത്. കാലക്രമേണ മെച്ചപ്പെട്ടേക്കാവുന്ന ഒരു ചെറിയ ബുദ്ധിമുട്ടായി ഒരിക്കലും ഈ പ്രശ്‌നങ്ങളെ അവഗണിക്കരുത്. ഉടൻ തന്നെ ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. എന്താണ് നിങ്ങളുടെ യഥാർഥ പ്രശ്നമെന്ന് അറിയാൻ ഇതിലൂടെ മാത്രമേ സാധിക്കൂ. കൃത്യമായ ഉറക്കരീതി, ഉറങ്ങുന്നതിനുമുമ്പുള്ള കഫീൻ ഉപയോഗം ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, രാത്രിയിലുള്ള ഫോണുപയോഗം നിയന്ത്രിക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളും പരീക്ഷിക്കാവുന്നതാണ്.
ശ്രദ്ധിക്കുക: ഈ ലേഖനം ആരോഗ്യ വിദഗ്ധരെയും മെഡിക്കൽ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഏതെങ്കിലും ദിനചര്യ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ തേടെണ്ടതാണ്.