LIFE

ജനിതക വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് ആദ്യം സംശയിച്ച ഡോക്ടര്‍; ഒരു നാടിന്റെ പ്രതിരോധമായി മാറിയ ഡോ. വൈ.എസ്. മോഹന കുമാര്‍

അക്കാലത്ത് ഡോക്ടര്‍ മോഹന കുമാര്‍ വ്യാജനാണെന്ന് പരാതിയുയര്‍ത്തി ഒരു കമ്പനി വക്താക്കളുടെ ലോബി രംഗത്ത് വന്നു.

Author : ന്യൂസ് ഡെസ്ക്

ഇന്ന് ലോക ഡോക്ടേഴ്‌സ് ദിനമാണ്. യഥാര്‍ഥത്തില്‍ നമ്മെ ചികിത്സിക്കുന്നവര്‍ മാത്രമല്ല ഡോക്ടര്‍മാര്‍, പ്രത്യാശയും ആത്മവിശ്വാസവും നല്‍കുന്ന വഴികാട്ടികള്‍ കൂടിയാണ്. എന്‍ഡോസള്‍ഫാന്‍ കാരണമുണ്ടായ തീരാദുരിതങ്ങള്‍ക്ക് നടുവില്‍ ഒരു നാടിന്റെ പ്രതിരോധമായി മാറിയ ഡോ. വൈ.എസ്. മോഹന കുമാര്‍ എന്ന കാസര്‍ഗോഡുകാരന്‍, ആരോഗ്യ ജാഗ്രതയുടെ വേറിട്ട അടയാളം കൂടിയാണ്.

ഒരു നാടിന്റെ കാലങ്ങള്‍ നീണ്ട നിന്ന, ഇന്നും തീരാത്ത ദുരിതങ്ങളെ ആദ്യം തൊട്ടറിഞ്ഞ മനുഷ്യന്‍. അങ്ങനെയാണ് ഡോ. വൈ.എസ്. മോഹനന്‍ കുമാറിന്റെ ജീവിതത്തെ കാണാനാവുക. 1982 ല്‍ മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഉടനെ എന്‍മകജെയിലെ വാണി നഗറില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ക്ലിനിക്കിടാന്‍ ആയിരുന്നു പിതാവിന്റെ നിര്‍ദ്ദേശം. ഇന്നും മോഹന കുമാറിന്റെ വീട്ടിലെ ക്ലിനിക്കില്‍ നാട്ടിന്‍പുറത്തെ രോഗികള്‍ എത്തുന്നുണ്ട്. പിതാവിന്റെ കാലത്ത് തുടങ്ങിയ പതിവ് മുടക്കാതെ നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും ഉള്ള ചികിത്സ മുടക്കാതെ മോഹന കുമാര്‍ ഇവിടെയുണ്ടാവും.

വാണി നഗറിലും സ്വര്‍ഗ്ഗയിലും പാദ്രെയിലും ഡോക്ടറുടെ ഒറ്റമുറി ക്ലിനിക്കിനു മുന്നില്‍ ആളുകള്‍ കാത്തിരിക്കും. 80കളില്‍ തന്റെ ക്ലിനിക്കിലെത്തിയ രോഗികളില്‍ കണ്ട ശാരീരിക വ്യത്യാസമാണ് ഡോക്ടറെ കൂടുതല്‍ പഠനം നടത്തുന്നതിലേക്ക് വഴി തിരിച്ചുവിട്ടത്. അവിടെയെത്തിയ കുട്ടികളില്‍ മാനസിക വളര്‍ച്ചക്കുറവ്, അപസ്മാരം, സെറിബ്രല്‍ പാള്‍സി, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ അസാധാരണമായ രീതിയില്‍ വര്‍ധിച്ചതായി അദ്ദേഹം കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയാണ് ഈ ജനിതക-നാഡീ രോഗങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം സംശയിച്ചു. ആ സംശയം ന്യായമാണെന്ന് പിന്നീടുള്ള പഠനങ്ങളും സംഭവങ്ങളും തെളിയിച്ചു. അങ്ങനെ ഒരു നാട് ഒരു നാട്ടിന്‍പുറത്തുകാരന്‍ ഡോക്ടര്‍ കണ്ടെത്തിയ വസ്തുതയില്‍ പ്രതിരോധത്തിനായി അണിചേര്‍ന്നു.

അക്കാലത്ത് ഡോക്ടര്‍ മോഹന കുമാര്‍ വ്യാജനാണെന്ന് പരാതിയുയര്‍ത്തി ഒരു കമ്പനി വക്താക്കളുടെ ലോബി രംഗത്ത് വന്നു. വിവാദം ചൂടുപിടിച്ചപ്പോള്‍ ഐഎംഎയുടെ പ്രതിനിധികള്‍ കാസറഗോഡ് നേരിട്ട് എത്തി . വൈ.എസ്. മോഹന്‍കുമാര്‍ ഡോക്ടര്‍ ആണെന്ന് രേഖകള്‍ പരിശോധിച്ച് ഉറപ്പിച്ചു. താന്‍ ശേഖരിച്ച പത്തു വര്‍ഷത്തെ വിവരങ്ങള്‍ ക്രോഡീകരിച്ച് 1997 ഫെബ്രുവരിയില്‍ ഒരു മെഡിക്കല്‍ ജേണലില്‍ ഡോക്ടര്‍ എഴുതിയ ലേഖനമാണ് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിന്റെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ദേശീയതലത്തില്‍ നടന്ന ആദ്യത്തെ തുറന്ന ചര്‍ച്ചകളില്‍ ഒന്ന്. രാസ കീടനാശിനി ലോബികളുടെ മുന്‍പില്‍ സൗമ്യമായി നിന്ന് രോഗികളുടെ ദുരിത ജീവിതത്തെ പറ്റി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ഈ മനുഷ്യന്‍.

SCROLL FOR NEXT