Image: The BMJ 
LIFE

സ്പൂണുകള്‍, സ്‌ക്രൂ, കത്തികള്‍, നാണയങ്ങള്‍; കടുത്ത വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ കണ്ടെത്തിയത് ഇവയൊക്കെ

അഞ്ച് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം അഞ്ച് തവണ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോഹങ്ങള്‍ അടക്കം വയറ്റിനുള്ളില്‍ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കടുത്ത വയറുവേദനയുമായി എത്തിയ 56 കാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് നിരവധി ലോഹങ്ങള്‍. ഫ്രാന്‍സിലാണ് സംഭവം. വിവിധ ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയയില്‍ നൂറ് കണക്കിന് ലോഹങ്ങളാണ് പുറത്തെടുത്തത്. ബിഎംജി കേസ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

കടുത്ത മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന രോഗി നഖങ്ങള്‍, കത്തി, സ്‌ക്രൂ, നാണയങ്ങള്‍, നട്ടുകള്‍, സ്പൂണുകള്‍ എന്നിവ വിഴുങ്ങുന്ന അവസ്ഥയുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വയറുവേദനയും രക്തം ഛര്‍ദിക്കുന്നതുമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം അഞ്ച് തവണ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോഹങ്ങള്‍ അടക്കം വയറ്റിനുള്ളില്‍ കണ്ടെത്തിയത്.

നാല് തവണയാണ് പല ഘട്ടങ്ങളിലായി ശസ്ത്രക്രിയ നടത്തിയത്. വയറ്റില്‍ നടത്തിയ സ്‌കാനിങ്ങില്‍ ലോഹങ്ങള്‍ ആന്തരികാവയവങ്ങളില്‍ കൂടിച്ചേര്‍ന്ന് ദ്വാരമുണ്ടാക്കിയ നിലയിലായിരുന്നു.

ബിഎംജി റിപ്പോര്‍ട്ട് അനുസരിച്ച്, 2012 മെയ് മാസത്തിലാണ് ലാണ് ഇദ്ദേഹം ആദ്യമായി ആശുപത്രിയില്‍ എത്തിയത്. ഗുരുതരമായ മനോരോഗമുള്ള രോഗി വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ വയറ്റിനുള്ളില്‍ ലോഹ വസ്തുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയിലൂടെ ഇവ നീക്കം ചെയ്തു. ലോഹവസ്തുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യാനാകാത്തതിനെ തുടര്‍ന്ന് എട്ട് മാസത്തിനു ശേഷം രോഗിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നഖങ്ങള്‍, കത്തികള്‍, സ്‌ക്രൂ, ആണികള്‍, സ്പൂണ്‍ കഷ്ണങ്ങള്‍, സ്‌ക്രൂഡ്രൈവറിന്റെ ഭാഗങ്ങള്‍, കല്ലുകള്‍, നാണയങ്ങള്‍ എന്നിവയൊക്കെയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ഇത്തരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം നാല് തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ലോഹ വസ്തുക്കള്‍ പുറത്തെടുത്തതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമാനമായ കേസുകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആണികളും താക്കോലുകളും അടക്കം 37 കാരന്റെ വയറ്റില്‍ നിന്ന് 450 ലോഹ വസ്തുക്കള്‍ പുറത്തെടുത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 2.9 കിലോ ഭാരമുള്ള ലോഹങ്ങളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ഇറാനില്‍ 37 കാരനില്‍ നടത്തിയ ശസ്ത്രക്രിയയില്‍ 400 ലോഹവസ്തുക്കള്‍ പുറത്തെടുത്തതും വാര്‍ത്തയായിരുന്നു. കടുത്ത മാനസിക രോഗങ്ങള്‍ നേരിടുന്ന വ്യക്തികളിലാണ് ലോഹങ്ങള്‍ വിഴുങ്ങുന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.

SCROLL FOR NEXT