ചര്‍മ സംരക്ഷണം ഗൗരവമായി കാണുന്നവരാണ് ഇന്ന് പലരും. മോയ്സ്ചറൈസറുകളും ടോണറുകളും സണ്‍സ്‌ക്രീനുമൊക്കെ ഇന്ന് നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ മുഖത്ത് ഉപയോഗിക്കുന്ന പലതരത്തിലും ബ്രാന്‍ഡിലുമുള്ള സെറവും (serum) ചര്‍മസംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.
എന്നാല്‍ എല്ലാ തരം സെറവും എപ്പോഴും ഗുണകരമാകണമെന്നില്ല. ഇതുപോലെ എഎച്ച്എ/ബിഎച്ച്എ സെറങ്ങള്‍ ചര്‍മത്തിന് എപ്പോഴും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന സാന്ദ്രതകളുള്ള എഎച്ച്എ/ ബിഎച്ച്എ അടങ്ങിയ സെറങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കാനാണ് ഡോക്ടര്‍മാരുടെ നിർദേശം. മുഖത്തെ പാടുകളും ടാനും മാറാനാണ് പ്രധാനമായും എഎച്ച് എ/ബിഎച്ച്എ സെറം കൂടുതലായും ഉപയോഗിക്കുന്നത്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിനോടൊപ്പം ഇന്ന് ടോണറുകളും സെറങ്ങളും ഉപയോഗിക്കാനാണ് ചര്‍മസംരക്ഷണ ക്രീമുകളും വിപണിയില്‍ ഇറക്കുന്ന കമ്പനികളും പല ഡെര്‍മറ്റോളജിസ്റ്റുകളും നിര്‍ദേശിക്കുന്നത്.
എന്നാല്‍ ഉയര്‍ന്ന സാന്ദ്രതയുള്ള എഎച്ച്എ/ബിഎച്ച്എ സെറങ്ങള്‍ ബ്രേക്ക്ഔട്ടുകള്‍ക്കും ചര്‍മ്മത്തിന്റെ തൊലി വരളുന്നതിനും കാരണമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ന്, പെപ്‌റ്റൈഡുകള്‍, നിയാസിനാമൈഡുകള്‍, ഹൈലൂറോണിക് ആസിഡ് തുടങ്ങിയവ എല്ലാ ചര്‍മ്മസംരക്ഷണ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ്, ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
സൗന്ദര്യ വിപണിയില്‍ ഈയിടെയായി വളരെയധികം പ്രചാരം നേടിയ ഒരു ഉല്‍പ്പന്നമാണ് എഎച്ച്എ/ബിഎച്ച്എ സെറം. എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ പരസ്യമായി വില്‍ക്കുന്ന ഈ സെറങ്ങളെക്കുറിച്ച് വിദഗ്ധര്‍ വലിയ ആശങ്കയാണ് പങ്കുവെക്കുന്നത്.
എഎച്ച്എ കൂടുതലും പഴങ്ങള്‍, പാല്‍, കരിമ്പ് എന്നിവയില്‍ നിന്നും, ബിഎച്ച്എ വിന്റര്‍ഗ്രീന്‍ ഇലകളില്‍ നിന്നുമാണ് ലഭിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തിലെ ജീവനില്ലാത്ത കോശങ്ങളുടെ പുറംതള്ളല്‍, ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തല്‍, നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കൽ, ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കാനെല്ലാം എഎച്ച്എയും, സുഷിരങ്ങള്‍ നീക്കം ചെയ്യാനും എണ്ണമയം കുറയ്ക്കാനും മുഖക്കുരു ചികിത്സിക്കാനും ബിഎച്ച്എയും ആണ് പൊതുവെ ഉപയോഗിക്കാറുള്ളത് . അതേസമയം, സോഷ്യല്‍ മീഡിയയിലെ 'സ്‌കിന്‍ കെയര്‍ എഡ്യൂക്കേഷന്റെ' കുതിച്ചുചാട്ടം തെറ്റിധാരണ വർധിപ്പിച്ചതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ശരിയായ രീതിയില്‍ മാത്രം ഇത്തരം സെറങ്ങള്‍ ഉപയോഗിക്കുക.