സംസ്ഥാനത്ത് ആദ്യമായി ഒരു ഗോത്ര ഭാഷയ്ക്ക് നിഘണ്ടു തയാറായി. മൺപാത്ര നിർമാണ തൊഴിൽ ചെയ്യുന്ന കുംഭാര സമുദായത്തിൽപെട്ടവർ സംസാരിക്കുന്ന 'കുമ്മറ' എന്ന ഭാഷയ്ക്കാണ് മലയാളത്തിൽ നിഘണ്ടു ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കക്കോടി സ്വദേശിയായ ബാബുവാണ് ഭാഷയെ ചേർത്തുപിടിക്കാനായി മുന്നോട്ടിറങ്ങിയത്. സമുദായത്തെക്കുറിച്ച് പുതുതലമുറയ്ക്ക് കൂടുതൽ അറിയാൻ കഴിയുന്ന വിധമാണ് നിഘണ്ടുവിന്റെ രൂപകൽപന.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആന്ധ്രാ പ്രദേശില്‍ നിന്ന് കുടിയേറിയവരാണ് കേരളത്തിലെ മൺപാത്ര നിർമാതാക്കളായ കുംഭാര സമുദായക്കാര്‍. ഇവര്‍ സംസാരിക്കുന്ന കുമ്മറ ഭാഷ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ നിന്നാണ് കുമ്മറ ഭാഷ ജനിക്കുന്നത്. എന്നാൽ ഈ ഭാഷയ്ക്ക് ലിപിയില്ല എന്നതാണ് ഇവർ നേരിടുന്ന വലിയ പ്രതിസന്ധി. അന്യംനിന്ന് പോകും എന്ന അവസ്ഥ വന്നപ്പോഴാണ് ഭാഷയെ സംരക്ഷിക്കാനായി കോഴിക്കോട് കക്കോടി സ്വദേശിയായ ബാബു ഇറങ്ങിയത്. അഞ്ച് വർഷം നീണ്ട യാത്രയ്ക്കും പഠനത്തിനും ശേഷമാണ് നിഘണ്ടു തയാറാക്കിയത്.
നിഘണ്ടു തയ്യാറാക്കുന്നതിന്റെ ഭാഗമായി ബാബു ആന്ധ്ര, തെലങ്കാന, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കറങ്ങി. പഴയ തലമുറയിൽപ്പെട്ടവരോട് സംസാരിച്ചു. വാമൊഴിയും ചരിത്രലിഖിതങ്ങളും അനുമാനങ്ങളുമെല്ലാം ശേഖരിച്ചു. 1,500 വാക്കുകളും അർഥപദങ്ങളും നിഘണ്ടുവിലുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുംഭാര സമുദായത്തിന്റെ ചരിത്രം നിഘണ്ടുവിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
നന്നായി മലയാളമറിയാമെങ്കിലും കുമ്മറ ഭാഷയേ ഇവര്‍ വീട്ടില്‍ സംസാരിക്കൂ. ഇന്നീ ഭാഷ അന്യം നിന്നു പോകുന്നതിന്‍റെ വിഷമത്തിലാണ് ഇവരില്‍ പലരും. അതുകൊണ്ടുതന്നെ ഭാഷയെ മുറുകെപ്പിടിക്കാൻ ആണ് തീരുമാനം. കാരണം നിഘണ്ടുവിന്റെ പേരുപോലെ തന്നെ ഈ ഭാഷ ഇവർക്ക് നിധിയാണ്.