LIFE

ഇന്‍സ്റ്റഗ്രാമിലെ ഫുഡ് റീലുകള്‍ നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്നുണ്ടോ ?

പലതരം ഭക്ഷണവിഭവങ്ങളുടെ ഉറവിടങ്ങള്‍ തേടിയും പാചക രീതി വിശദമാക്കുകയും ചെയ്യുന്ന റീലുകള്‍ കാണാനും നിരവധി ആളുകള്‍ ഉണ്ടെന്നാണ് കണ്ടന്‍റ് ക്രിയേറ്റേഴ്സിന്‍റെ പക്ഷം

Author : ന്യൂസ് ഡെസ്ക്

ഇന്‍സ്റ്റഗ്രാം , ഫേസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ റീലുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പേര്‍ നമുക്കിടയിലുണ്ട്. ഫാഷനും നൃത്തവും സംഗീതവുമൊക്കെ പ്രമേയമാകുന്ന ഇത്തരം വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ചക്കാരുമുണ്ട്. ഇതിനിടയില്‍ ട്രെന്‍ഡിംഗായി മാറിയതാണ് ഫുഡ് വ്ളോഗുകള്‍. പലതരം ഭക്ഷണ വിഭവങ്ങളുടെ ഉറവിടങ്ങള്‍ തേടിയും, പാചകരീതി വിശദമാക്കുകയും ചെയ്യുന്ന റീലുകള്‍ കാണാനും നിരവധി ആളുകള്‍ ഉണ്ടെന്നാണ് കണ്ടന്‍റ് ക്രിയേറ്റേഴ്സിന്‍റെ പക്ഷം.

അതേസമയം, ഇത്തരം ഫുഡ് വ്ളോഗുകള്‍ പതിവായി കാണുന്നവരില്‍ ശരീരഭാരം വര്‍ധിക്കുന്നവെന്ന ഒരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി ഫുഡ് റീലുകള്‍ ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇത്തരം റീലുകള്‍ കാണുന്നവരുടെ മനസിനെ അതിലെ ഉള്ളടക്കം പലതരത്തില്‍ സ്വാധീനിക്കുന്നുവെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. കാഴ്ചക്കാരന് മാനസിക ഉല്ലാസം നല്‍കുന്നതിനൊപ്പം, ഇടവേളകള്‍ ആനന്ദകരമാക്കാനും റീലുകള്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം പാചകത്തിലെ നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ പ്രചോദിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, ഫുഡ് റീലുകള്‍ കാഴ്ചക്കാരില്‍ ശക്തമായ ആസക്തി ഉണ്ടാക്കാന്‍ കഴിയും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും അനാരോഗ്യകരമായ ഭക്ഷണ രീതികളിലേക്കോ നയിക്കുന്നു.

ഭക്ഷണങ്ങളുടെ ആകര്‍ഷകമായ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണുന്നത് തലച്ചോറിലെ ഡോപമൈന്‍ സിസ്റ്റത്തെ സജീവമാക്കി സന്തോഷകരമായ വികാരങ്ങള്‍ സൃഷ്ടിക്കുന്നു. അതേസമയം, വീഡിയോയില്‍ കണ്ട ഭക്ഷണം വാങ്ങാന്‍ കഴിയാതെ വരികയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താല്‍ നിരാശയിലേക്കും നഷ്ടബോധത്തിലേക്കും നയിക്കും. ഉദാഹരണമായി ഹോട്ടല്‍ മെനുവില്‍ രേഖപ്പെടുത്തിയ ഭക്ഷണത്തിന്‍റെ പേരിന് പകരം ചിത്രം നോക്കി ഓര്‍ഡര്‍ ചെയ്യുന്നത് കാണാറുണ്ട്. അതുമല്ലെങ്കില്‍ തൊട്ടടുത്ത ടേബിളിലേക്ക് നോക്കി ആളുകള്‍ കഴിക്കുന്നത് എന്താണോ അത് ഓര്‍ഡര്‍ ചെയ്യുന്ന പ്രവണതയും കാണാറുണ്ട്. മനുഷ്യന്‍റെ ആത്മനിയന്ത്രണമാണ് ഇവിടെ ബാധിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മാനസിക സമ്മര്‍ദവും വിരസതയും മറികടക്കാനുള്ള ഒരു പ്രതിവിധിയായും പലരും ഭക്ഷണം കഴിക്കുന്നതിനെ പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഇതൊരു താല്‍ക്കാലിക ആശ്വാസം മാത്രമാണ് സമ്മാനിക്കുന്നത്. ഇത്തരം മാനസികാവസ്ഥയെ നേരിടുമ്പോഴെല്ലാം ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും.

ഇത്തരം വീഡിയോകള്‍ കാണുന്നത് നിയന്ത്രിക്കുകയാണ് ഈ പ്രശ്നം പരിഹാരിക്കാനുള്ള പ്രധാന പോംവഴി. ആരോഗ്യകരമായ ഭക്ഷണ തെരഞ്ഞെടുപ്പുകളും സന്തുലിത ഭക്ഷണ ക്രമങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ ഫോളോ ചെയ്യുക. വീഡിയോകളില്‍ കാണുന്നത് അനുകരിക്കുന്നതിന് പകരം വിശപ്പ് അറിഞ്ഞ് കഴിക്കാന്‍ ശീലിക്കുക. അമിതമായ കലോറി നിയന്ത്രിക്കാന്‍ ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ഭക്ഷണത്തോട് അമിത ആസക്തി ഉണ്ടായാല്‍ സ്വയം നിയന്ത്രിക്കാന്‍ ശീലിക്കണം.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടയ്ക്കിടെ അവധിയെടുക്കാന്‍ ശ്രമിക്കുക. ഫോൺ ഇടയ്ക്കിടെ പരിശോധിക്കുന്നത് ഒഴിവാക്കുക. നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്ത് വെക്കാം. ഇല്ലെങ്കില്‍ ഫോണ്‍ ആവർത്തിച്ച് പരിശോധിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വ്യക്തിപരമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ ആശയവിനിമയം നടത്തുന്നത് ഒഴിവാക്കുക. അമിത ഉപയോഗം ട്രാക്ക് ചെയ്യാനും മുന്നറിയിപ്പ് നൽകാനും സ്ക്രീൻ ടൈം റിമൈന്‍ഡറുകള്‍ ഉപയോഗിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്‌ക്രീനുകൾ ഒഴിവാക്കണമെന്ന് ഓർമിക്കുക.

SCROLL FOR NEXT