നമ്മുടെ നാട്ടിലെ റോഡുകളിലൂടെ പ്രൈവറ്റ് ബസുകളും , ഓട്ടോകളും കാറുകളുമൊക്കെ അങ്ങനെ കുതിച്ചു പായുമ്പോൾ കൗതുകത്തോടെ പലരും നോക്കിയിരുന്നത് അതിനു പിറകിലും ഗ്ലാസിലുമെല്ലാം എഴുതിയിരുന്ന വാചകങ്ങളായിരുന്നു. എഞ്ചിനിൽ ചവിട്ടല്ലേ?, കയ്യും തലയും പുറത്തിടരുത്, ചില്ലറ തരിക, കടം പറയരുത് തുടങ്ങിയ എഴുത്തകളൊക്കെ ഒരു കാലത്ത് സ്ഥിരമായിരുന്നു.
പിന്നീട് ആളുകളെ ആകർഷിക്കുവാനും ചിരിപ്പിക്കുവാനും വേറെ പലതും എഴുതി തുടങ്ങി, ഈ പാവം പോയ്ക്കോട്ടെ, ചിരിക്കല്ലേ മുത്തേ സീസി മുടങ്ങും തുടങ്ങി പല വാചകങ്ങളും എഴുതി പല വാഹനങ്ങളും നാട്ടിലും സോഷ്യൽ മീഡിയയിലും വൈറലായി. ഇതൊക്കെ ഒരു സമയത്ത് നിൽക്കുമെന്ന് കരുതിയിരുന്നവരുണ്ടെങ്കിൽ അറിയുക ഇതൊക്കെ കൂടുതൽ രസകരമായി തുടരുകയാണ്.
ബസ് ഡ്രൈവർമാരുടെ അനായാസേനയുള്ള സ്റ്റിയറിംഗ് വളയ്ക്കലും, സ്റ്റൈലുമെല്ലാം പെൺകുട്ടികൾക്ക് ഒരു ക്രഷ് എങ്കിലും തോന്നാനുള്ള വകയുണ്ട്. പാട്ടിന്റെ അകമ്പടിയോടെ അത്തരം റീലുകൾ ഇന്ന് ട്രെന്റാണ്. ഒരു സൂചി കുത്താൻ ഇടമില്ലാത്തിടത്ത് ഫുട്ബോളുകളിക്കാൻ സ്ഥലം തരുന്ന കണ്ടക്ടർ ചേട്ടൻമാർ, ബസിനൊപ്പം പറക്കുന്ന, അതിനുമുൻപേ ലാൻഡ് ചെയ്യുന്ന കിളികൾ, നാട്ടു വഴികളിലെ പ്രൈവറ്റ് ബസ് യാത്രകളിൽ കഥകളും കാഴ്ചകളും ഏറെയാണ്. അതിൽ പ്രണയങ്ങളും ഉണ്ടാകും. ഓവർ സ്പീഡും അല്ലറ ചില്ലറ പ്രശ്നങ്ങളുമെല്ലാം വില്ലൻമാരാകുന്നുണ്ട് പലയിടത്തും എങ്കിലും ഒട്ടേറെ പേരുടെ യാത്രാമാർഗം തന്നെയാണിവ.
എരഞ്ഞിക്കൽ ബട്ടർ ഫ്ലെ എന്ന പ്രൈവറ്റ് ബസ് ഇപ്പോൾ യാത്രക്കാരിൽ കൗതുകം നിറയ്ക്കുകയാണ്.ആ കൗതുകം ബസിലെഴുതിയിരിക്കുന്ന ഒരു വരിയാണ്. 'പ്രേമിച്ച് കളയരുത് കഷ്ടപ്പെട്ട് കിട്ടിയ പണിക്കാരാണ് ' എന്നാണ് ബസിനകത്ത് എഴുതി വച്ചിരിക്കുന്നത്. സ്ഥിരം യാത്രക്കാരിൽ പലരും പറയുന്നത് ബസിൽ കയറുന്ന സുന്ദരിമാരോട് മുതലാളിയുടെ അപേക്ഷയാണെന്നാണ്. ഒരു മൊതലാളിയുടെ രോദനം എന്ന് ട്രോളുന്നവരുമുണ്ട്.
മമ്പാടിന്റെ മൊഞ്ചൻ എന്ന വിശേഷണത്തിലാണ് ആശാൻ മലപ്പുറത്തെ റോഡുകളിൽ വിഹരിക്കുന്നത്. മുണ്ടേരി - പെരിന്തൽമണ്ണ റൂട്ടിലാണ് സഞ്ചാരം. കഴിഞ്ഞ 28 വർഷമായി ഈ റൂട്ടിലെ സ്ഥിരം ഓട്ടക്കാരനാണ് കക്ഷി.1997 ലാണ് ആദ്യ സർവീസ് തുടങ്ങുന്നത്. മമ്പാട് സ്വദേശിയായിരുന്നു അന്ന് ഓണർ. SNA ട്രാവൽസ് എന്ന പേരിലാണ് ആദ്യം സർവീട് നടത്തിയിരുന്നത്. പിന്നീട് പല കൈ മറിഞ്ഞു. ഇപ്പോൾ മമ്പാട് സ്വദേശി ഫായിസാണ് എരഞ്ഞിക്കൽ ബട്ടർഫ്ലൈയുടെ മുതലാളിയും , സാരഥിയുമൊക്കെ.
കഷ്ട്ടപ്പെട്ട് കിട്ടിയ പണിക്കാരെ പ്രേമിച്ച് കളയരുതെന്നു മറ്റും എഴുതി വച്ച് വൈബാക്കിയത് കൂടെയുള്ള തൊഴിലാളികളാണെന്നാണ് ഫായിസ് പറയുന്നത്. പിന്നെയും പല തമാശകളും എഴുതിവച്ചിരുന്നുവത്രേ. എതായാലും സംഭവം ഹിറ്റായെന്നു വേണം പറയാൻ. ബട്ടർഫ്ലൈയിലെ ഈ ഡലോഗ് ഇപ്പോൾ സ്ഥിരം യാത്രക്കാർക്ക് തമാശയും, ആദ്യമായെത്തുന്നവർക്ക് കൗതുകവുമാണ്.