ബെർലിൻ: ഡിസംബർ അവസാനവാരം ജർമൻ പട്ടണങ്ങളിലെ കാഴ്ച അൽപ്പം ഭയാനകമാണ്. റോഡുകളിൽ പ്രേതവും പിശാചുക്കളും മന്ത്രവാദികളും സ്വതന്ത്രമായി വിഹരിക്കും. എന്താണെന്നല്ലേ? ജർമനിയിലെ ശൈത്യകാല ഉത്സവങ്ങളിലൊന്നാണിത്. ഹാലോവീൻ പോലെ പരമ്പരാഗത ആചാരങ്ങളിലൊന്നാണ് റോഹ്നാട്ട് എന്നറിയപ്പെടുന്ന ഈ ഉത്സവം.
തെരുവോരങ്ങളിൽ പരുക്കൻ മാസ്കിട്ട മുഖങ്ങൾ. ഭൂതവും പ്രേതവും പിശാചുക്കളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നീണ്ട നഖങ്ങളും തിളങ്ങുന്ന കണ്ണുകളുമുള്ള രാക്ഷസന്മാർ. ഹാലോവീൻ പ്രേതങ്ങളെക്കാൾ കുറച്ചുകൂടി ഭീകരരാണ് ഇവർ. കയ്യിൽ തീപ്പന്തമോ തീക്കനലോ ഉണ്ടാവും. രാക്ഷസ മാസ്കുകളും വേഷവിധാനങ്ങളും ഓസ്ട്രിയൻ നിർമിതമാണ്. വസ്ത്രങ്ങൾക്ക് 30 കിലോ ഭാരം വരും. കട്ടിയുള്ള ജാക്കറ്റും മഫ്ളറും ധരിച്ച് വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാരെ കയ്യിലെടുക്കാൻ തീകൊണ്ടുള്ള അഭ്യാസ പ്രകടനവും നൃത്തവുമാണ് ആഘോഷത്തിലെ പ്രധാന ഹൈലൈറ്റ്.
ജർമൻ നാടോടി പാരമ്പര്യത്തിലെ ഒരു പ്രധാനപ്പെട്ട ശൈത്യകാല ആചാരമാണ് റോഹ്നാട്ട് അഥവാ റഫ് നൈറ്റ്. ഡിസംബർ 25ന് ആരംഭിച്ച് ജനുവരി ആറ് വരെയാണ് റോഹ്നാട്ട് കാലം. പഴയ വർഷം അവസാനിക്കുകയും പുതിയത് തുടങ്ങുകയും ചെയ്യുന്നതിനിടയിലുള്ള 12 വിശുദ്ധ രാത്രികൾ. ഈ പന്ത്രണ്ട് രാത്രികൾ വരാനിരിക്കുന്ന പന്ത്രണ്ട് മാസങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വസം. ഈ ദിവസങ്ങളിൽ കാണുന്ന സ്വപ്നങ്ങളും അനുഭവങ്ങളും അടുത്ത വർഷത്തെ സ്വാധീനിക്കുമെന്നും വിശ്വാസമുണ്ട്.