LIFE

കുറഞ്ഞ കലോറി, പ്രോട്ടീനും നാരുകളും; ആരോഗ്യ സംരക്ഷണത്തിൽ ഗ്രീൻ പീസ് ഹീറോ

നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ പീസ്. പ്രത്യേകിച്ചും വെജിറ്റേറിയൻസിന് പ്രോട്ടീന്റെ മികച്ച ഉറവിടം.

Author : ന്യൂസ് ഡെസ്ക്



ഭൂരിഭാഗം പേരും ഭക്ഷണത്തിലുൾപ്പെടുത്തുന്ന ഒന്നാണ് ഗ്രീൻ പീസ്. സാധാരണ കറികൾ തുടങ്ങി സ്പെഷ്യൽ ഡിഷുകൾ വരെ തയ്യാറാക്കാവുന്ന വിരുതനാണ് ഈ പയറുവർഗം. രുചി മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ് ഗ്രീൻ പീസെന്ന് എത്ര പേർക്കറിയാം. അതെ ഗ്രീൻ പീസ് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന വിഭവമാണ്. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ പീസ്. പ്രത്യേകിച്ചും വെജിറ്റേറിയൻസിന് പ്രോട്ടീന്റെ മികച്ച ഉറവിടം.

പതിവായി ഗ്രീൻ പീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം തടയുകയും കുടലിനെ ആരോ​ഗ്യകരമായ നിലനിർത്തുന്നതിനും ഇത് ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കും. താരതമ്യേന കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് ഗ്രീൻ പീസ് ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ധൈര്യമായി ഗ്രീൻ പീസിനെ ഡയറ്റിൽ ഉൾപ്പെടുത്താം. ഗ്രീൻ പീസിൽ മൈക്രോഗ്രാം ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും കുറയ്ക്കുന്നു.

ഗ്രീൻ പീസിലടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ,വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ രക്ത സമ്മർദം,സ്‌ട്രെസ്, ഹൃദ്രോഗ സാധ്യത തുടങ്ങിയവ കുറയ്ക്കുന്നു.

SCROLL FOR NEXT