ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴി Source: guinness world record
LIFE

ആർത്രൈറ്റിസ്, ചിക്കൻ പോക്സ് എല്ലാം അതിജീവിച്ച 'കോഴി മുത്തശ്ശി'; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയായി ഗിന്നസ് റെക്കോർഡ് നേടിയ പേളിൻ്റെ കഥ

റാക്കൂൺ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് എന്നിങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് പേൾ 14ാം വയസിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

മൂന്ന് മുതൽ പത്ത് വർഷം വരെയാണ് വളർത്തു കോഴികളുടെ ശരാശരി ആയുസ്സ്. എന്നാൽ യുഎസിലെ ടെക്സാസിലുള്ള പേൾ എന്ന കോഴി മുത്തശ്ശിക്ക് 14 വയസ് കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം മെയ് മാസത്തിൽ 14 വയസ്സും 69 ദിവസവും പ്രായമായ പേൾ, ഏറ്റവും പ്രായം കൂടിയ കോഴിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡും നേടി.

റാക്കൂൺ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് എന്നിങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് പേൾ 14ാം വയസിലെത്തിയത്. 2011 മാർച്ച് 13 ന് ടെക്സസിൽ വീട്ടിലെ ഇൻകുബേറ്ററിലാണ് പേൾ വിരിഞ്ഞതെന്ന് ഉടമയായ സോണിയ ഹൾ പറയുന്നു. പേൾ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ചെറിയ കോഴിയെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് കോഴികൾ എപ്പോഴും അവളെ പിന്തുടരാറുമുണ്ടായിരുന്നു.

പേളിന് പ്രായമായി തുടങ്ങിയതോടെ, കുടുംബം അവളെ കോഴിക്കൂട്ടിൽ നിന്ന് പുറത്തിറക്കാൻ തീരുമാനിച്ചു. ജീവിതകാലം മുഴുവൻ വീടിനുള്ളിൽ തന്നെ ജീവിക്കാനും അവർ അനുവദിച്ചു. "അവളുടെ നീണ്ട ജീവിതത്തിനിടയിൽ അവൾ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്, എന്നാൽ പേളിന് അതിലൊന്നും ഒട്ടും വിഷമമുണ്ടെന്ന് തോന്നുന്നില്ല."ഉടമ പറയുന്നു.

ഗിന്നസ് റെക്കോർഡ് ഉണ്ടെങ്കിലും, സോണിയ ഹളിൻ്റെ അലക്കുമുറിയിലാണ് പേൾ മിക്ക ദിവസവും താമസിക്കുന്നത്. എല്ലാ ദിവസവും തൂവലുകൾ വിരിത്ത് വെയിൽ കായാനിറങ്ങുന്ന പേളിന്, അധിക നേരം പുറത്തുനിൽക്കാൻ കഴിയാറില്ല. ഒരു മോപ്പിന് പിന്നിൽ മറഞ്ഞാണ് പേൾ ഇരിക്കാറ്. അത് അവളുടെ ഉറ്റ സുഹൃത്താണെന്നും ഉടമ പറയുന്നു.

SCROLL FOR NEXT