LIFE

AI ഇല്ലാതെ ഉറങ്ങാനാവില്ലെന്നോ? രാജ്യത്ത് 52 ശതമാനം പേരും നിർമിതബുദ്ധിയെ ആശ്രയിക്കുന്നുവെന്ന് പഠനം

കൂടുതലായും 35നും 45നും ഇടയിൽ പ്രായമുള്ളവരാണ് ഉറക്കത്തിനായി എഐയെ ആശ്രയിക്കുന്നത്

Author : അഹല്യ മണി

എന്തിനും ഏതിനും എഐയെ കൂട്ടുപിടിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, ഇന്ത്യക്കാ‍ർക്ക് ഉറങ്ങാനും എഐ വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിലെ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ 52 ശതമാനം പേരും ഉറക്കം കിട്ടാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നുവെന്ന റിപ്പോ‍ർട്ടാണ് അടുത്തിടെ പുറത്തുവന്നത്.

മാ‍ർച്ച് 14ന് അന്താരാഷ്ട്ര ഉറക്ക ദിനവുമായി ബന്ധപ്പെട്ടാണ് മാര്‍ക്കറ്റ് റീസേര്‍ച്ച് കമ്പനിയായ യൂഗോവും ആമസോണ്‍ അലക്‌സയും ചേ‍ർന്ന് ഇന്ത്യയിലെ ​ന​ഗരങ്ങളിൽ പഠനം നടത്തിയത്. കൃത്യമായ ഉറക്കക്രമം ലഭിക്കാൻ ഇന്ത്യയില്‍ രണ്ടില്‍ ഒരാള്‍ എഐ വോയിസ് അസിസ്റ്റന്‍സിനെ ആശ്രയിക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്.

കൂടുതലായും 35നും 45നും ഇടയിൽ പ്രായമുള്ളവരാണ് ഉറക്കത്തിനായി എഐയെ ആശ്രയിക്കുന്നത്. 45 ശതമാനം പേര്‍ ഉറങ്ങുന്നതിന് മുമ്പ് പാട്ടോ പോഡ്കാസ്‌റ്റോ ഓഡിയോ ബുക്കോ കേള്‍പ്പിക്കാനാണ് വോയിസ് അസിസ്റ്റന്‍സിനോട് ആവശ്യപ്പെടുക. അതേസമയം 23 ശതമാനം പേര്‍ ഉറങ്ങാനുള്ള റിമൈന്‍ഡറുകളും അലാമും വെക്കാനാണ് എഐ അസിസ്റ്റന്‌റുകളുടെ സഹായം തേടുന്നത്. 22 ശതമാനം പേരാകട്ടെ എസി, ലൈറ്റ് ഓട്ടോമേറ്റഡ് കര്‍ട്ടനുകളൊക്കെ പ്രവര്‍ത്തിപ്പിക്കാനാണ് എഐ ഉപയോഗിക്കുന്നത്.

എഐയുടെ സഹായത്താല്‍ തങ്ങള്‍ക്ക് നല്ല ഉറക്കം ലഭിച്ചുവെന്ന് 50 ശതമാനത്തിലധികം പേരും പറഞ്ഞുവെന്നും പഠനം പറയുന്നുണ്ട്.

SCROLL FOR NEXT