ഫെബ്രുവരി എന്നാൽ പ്രണയത്തിൻ്റെ മാസമാണെന്നാണ് കമിതാക്കളുടെ പറച്ചിൽ. അതായത് കമിതാക്കളുടെ ദിനമായ വാലൻ്റൈൻസ് ഡേ ഫെബ്രുവരി 14 ആണ്. 7 ാംതീയതിമുതൽ വാലൻ്റൈൻ ആഴ്ച തുടങ്ങുകയും ചെയ്യും . പിന്നെ ഓരോ ദിനവും ഓരോ പ്രത്യേകതകളാണ്. ക്രമത്തിൽ പറഞ്ഞാൽ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, , ഹഗ് ഡേ, കിസ് ഡേ, പ്രോമിസ് ഡേ വാലൻ്റൈൻസ് ഡേ എന്നിങ്ങനെയാണ് ആ ഏഴു ദിവസങ്ങൾ.
ഇന്ന് അതായത് ഫെബ്രുവരി ഒൻപത് ചോക്ലേറ്റ് ഡേയാണ്. വാലൻ്റൈൻസ് വീക്കിലെ മൂന്നാമത്തെ ദിവസമാണ് ചോക്ലേറ്റ് ഡേ. ഈ ദിവസം പേരുപോലെ തന്നെ ചോക്ലേറ്റുകളുമായാണ് ആഘോഷിക്കുന്നത്. സന്തോഷങ്ങളുടെയോ ആഘോഷങ്ങളുടേയോ സമയത്ത് ചോക്ലേറ്റുകളും, മറ്റ് മധുരങ്ങളുമൊക്കെ നാം കൈമാറുന്നത് പതിവാണ്. അതിനു വേണ്ടി പ്രത്യേകം ഒരു ദിവസം കൂടിയുണ്ടെന്ന് ഓർക്കണം .
ചോക്ലേറ്റ് ഡേയിൽ പ്രിയപ്പെട്ടവർക്കായി ചോക്ലേറ്റ് സമ്മാനിക്കുന്നു. ചോക്ലേറ്റ് കമ്പനികൾ അതിനായി പ്രത്യേകം ഉത്പന്നങ്ങൾ വരെ ഇറക്കുന്നത് പതിവാണ്. പ്രിയ്യപ്പെട്ടവരുടെ കയ്യിൽ നിന്ന് സമ്മാനമായി ലഭിക്കുന്നതുകൊണ്ട് തന്നെ എത്ര താൽപര്യമില്ലാത്തവർക്കും ചോക്ലേറ്റ് ഈ ദിനം ആസ്വദിക്കാനാകും.
ഇതൊക്കെയാണെങ്കിലും ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഈ ചോക്ലേറ്റ് ആളൊരു വില്ലനാണോ എന്ന സംശയം പലർക്കും കാണും. അതുകൊണ്ടു തന്നെ കഴിക്കാൻ മടിക്കുന്നവരും ഉണ്ട്.എന്നാൽ മിതമായ ആളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഇപ്പോൾ പഠനങ്ങൾ പറയുന്നത്. മധുരം മാത്രമല്ല ആരോഗ്യത്തെ സംരക്ഷിക്കാനുള്ള ചില ഗുണങ്ങളും ചോക്ലേറ്റിൽ ഉണ്ടത്രേ.
പ്രധാന ചേരുവയായ കൊക്കോയുടെ മധുരത്തോടൊപ്പം നിരവധി ഗുണങ്ങളും ചോക്ലേറ്റിലുണ്ട്. മഗ്നീഷ്യം, സിങ്ക്, കാത്സ്യം, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാനുംഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓർമശക്തിക്കും ബുദ്ധി വികാസത്തിനും ചോക്ലേറ്റ് കഴിക്കുന്നത് ഏറേ നല്ലതാണ്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ചോക്ലേറ്റ് കഴിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്.