മഴക്കാലമാണ്. മഴയും തണുപ്പും സുഖമുള്ളതു തന്നെ പക്ഷെ ഇടിയും മഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമൊക്കെയായി ആശങ്കകളുടെ കാലം കൂടിയാണിത്. അതിനു പുറമേ പകർച്ച വ്യാധികൾ ഉയർത്തുന്ന വെല്ലുവിളി വേറെയും.വ്യക്തി ശുചിത്വം മുതൽ പ്രതിരോധ മരുന്നുകൾ വരെ ഉപയോഗിച്ച് പകർച്ച വ്യാധികളെ തടയാൻ പോരാടുമ്പോൾ ഭക്ഷണം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗം വരുന്നതിനു മുൻപും ശേഷവും രോഗാവസ്ഥയിലും ആഹാരക്രമത്തിൽ ശ്രദ്ധ വേണ്ടതാണ്. ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കൃത്യമായ ആഹാരക്രമം സഹായിക്കും. കൊവിഡ് മഹാമാരി പല പകർച്ചവ്യാധികളും രോഗികളുടെ ശരീരത്തില്‍ വൈറസിന്റെ പ്രഭാവം രോഗമുക്തിക്കു ശേഷവും നിലനിർത്തുന്നവയാണ്. രോഗമുക്തി നേടിയാലും ആളുകളുടെ ആരോഗ്യാവസ്ഥ പൂർവ സ്ഥിതിയിലാകാൻ സമയമെടുക്കും.
അതുകൊണ്ടു തന്നെ ഈ സമയത്ത് ഭക്ഷണക്രമം തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധ നൽകേണ്ടതാണ്.
ഭക്ഷണത്തിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുവാനും, പേശികളും കലകളും നിർമിക്കുവാനും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രോട്ടീനുകൾ അനിവാര്യമാണ്. മുട്ടയുടെ വെള്ള, കോഴി ഇറച്ചി, മറ്റു മാംസങ്ങൾ പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, പാലും പാല്‍ ഉല്‍പ്പന്നങ്ങളും, സോയ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഡയറ്റിൻ്റെ ഭാഗമായി കാർബോ ഹൈഡ്രേറ്റ് കുറയ്ക്കുന്നവർ രോഗാവസ്ഥയിൽ അത് പൂർണമായും ഒഴിവാക്കുന്നത് ഉചിതമല്ല. ഗോതമ്പ്, ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ തവിട് നീക്കം ചെയ്യാത്ത അരി, മറ്റ് ധാന്യങ്ങള്‍, നട്ട്‌സ്, ധാന്യ വര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ നിശ്ചിത അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
അതുപോലെ തന്നെ വൈറ്റമിനുകളേയും മറക്കരുത്. വൈറ്റമിന്‍ സി, വൈറ്റമിൻ ഡി എന്നിവ ലഭിക്കുന്ന വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. മത്തി, അയല,പാല്‍, ഓറഞ്ച് , ധാന്യങ്ങള്‍ എന്നിവയെ വൈറ്റമിൻ ഡി ലഭിക്കാൻ ആശ്രയിക്കാം.
ഓറഞ്ച് , മാങ്ങ, പൈനാപ്പിള്‍,പേരയ്ക്ക, കിവി, നെല്ലിക്ക, നാരങ്ങ, പപ്പായ എന്നിവ വൈറ്റമിൻ സി ലഭിക്കാൻ സഹായിക്കും. വൈറ്റമിൻ്റെ അളവുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം സപ്ലിമെൻ്റുകൾ ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ശരീരത്തിൻ്റെ ആവശ്യാനുസരണം വെള്ളം കുടിക്കാനും വിട്ടുപോകരുത്.
കൃത്യമായ ഡയറ്റ് പ്ലാനുകൾ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം വേണം തയ്യാറാക്കാൻ. ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും കൃത്യമായ സമയക്രമം പാലിക്കുക. കഴിവതും ചെറിയ അളവില്‍ പല തവണകളായുളള ഭക്ഷണ രീതിയാകും ഗുണകരം.