LIFE

പിരിഡ്‌‌സ് സമയത്തെ അമിത രക്തസ്രാവം അവഗണിക്കല്ലേ...; ഇത് അത്ര നിസാരപ്രശ്നമല്ല

അമിതമായ ആര്‍ത്തവ രക്തസ്രാവം 30-50% സ്ത്രീകളെയും ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പിരിഡ്സ് സമയത്തെ അമിത രക്തസ്രാവം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗുരുതര പ്രശ്‌നമാണെന്ന് റിപ്പോർട്ട്. . ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം ഉള്ളത്. അത് സ്ത്രീകളിലെ ശാരീരിക, മാനസിക, ജീവിത സാഹചര്യത്തെ ദോഷകരമായി ബാധിക്കുന്നു. 30-50% സ്ത്രീകളെയും അമിതമായ ആര്‍ത്തവ രക്തസ്രാവം ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യുകെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിൻ്റെ പഠനത്തിലാണ് നിര്‍ണായക റിപ്പോര്‍ട്ടുള്ളത്.

അത് കേള്‍ക്കുമ്പോഴായിരിക്കുമല്ലേ, നമ്മളും അത് അത്ര വലിയ പ്രശ്‌നമാണോ എന്ന് ചിന്തിക്കുന്നുണ്ടാകുക. പിരിഡ്‌സ് സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, ഹോര്‍മോണ്‍ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന സാധാരണ പ്രക്രിയ ആണെന്ന ധാരണയാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്. ഓരോ 1ഓ-2ഓ മണിക്കൂറിലും പാഡുകള്‍ മാറ്റേണ്ടി വരുന്നതും, ഉറങ്ങുന്നതിനിടയില്‍ പോലും എഴുന്നേറ്റ് പാഡ് മാറ്റേണ്ടി വരുന്നതും എല്ലാം അമിത രക്തസ്രാവത്തിൻ്റെ ലക്ഷണങ്ങളാണ്.

അമിതരക്തസ്രാവം ക്ഷീണം, കിതപ്പ്, തലകറക്കം, വിളര്‍ച്ച എന്നിവയ്ക്ക് കാരണമാകും. ഇത് ശരീരത്തിലെ അയേണിൻ്റെ കുറവിന് വഴിവയ്ക്കുകയും, വിളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. 2025 ലെ ഒരു പഠനം പറയുന്നത് വിളര്‍ച്ചയുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും വിളര്‍ച്ചയ്ക്കുള്ള സാധ്യത 13 ശതമാനം കൂടുതലാണെന്നാണ്. കാലങ്ങളായി സ്ത്രീകള്‍ ഈ ആരോഗ്യപ്രശ്‌നം സഹിച്ചും അനുഭവിച്ചും കൊണ്ടിരിക്കുകയാണ്. കഠിനമായ വേദനയും ബ്ലീഡിങ്ങുമെല്ലാം ആര്‍ത്തവത്തില്‍ സാധാരണയാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതൊരു ഗൗരവകരമായ ആരോഗ്യപ്രശ്‌നമായി പലരും മനസിലാക്കുന്നില്ല.

ആദ്യം തിരിച്ചറിയേണ്ടത്, ഇതിന് ചികിത്സയുണ്ടെന്നാണ്. ആരോഗ്യകരായ ജീവിതം മുന്നോട്ട് കൊണ്ടുപേകുന്നതിന് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ അത് സഹായകരമാകും. അമിത രക്തസ്രാവം എന്താണ് എന്നതിനെക്കുറിച്ച് ധാരണ ഉള്ള ഒരാളാണെങ്കിൽ അവർക്ക് പൊതു സമൂഹത്തിലും സ്വാധീനം ചെലുത്താൻ സാധിക്കും.

പെൺകുട്ടികളും യുവതികളും അവരിൽ സ്വയം അവബോധം വളർത്തേണ്ടതുണ്ട്. അമിത ആർത്തവ രക്തസ്രാവത്തെ സർവ സാധാരണയായി ഉണ്ടാകുന്ന ഒരു അവസ്ഥയായി മാത്രം കാണാൻ പാടില്ല. അത് ചികിത്സക്കേണ്ട ഒന്നായി മനസിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിത രക്തസ്രാവം ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി നിർബന്ധമായും വൈദ്യ സഹായം തേടേണ്ടതാണെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

SCROLL FOR NEXT