പോർഷെയും ഫെരാരിയും ഓഡിയും ലംബോർഗിനിയും തുടങ്ങി ഹൈ എൻഡ് ആഡംബര കാറുകൾ നിരത്തി പാർക്ക് ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഡംബര കാറുകളുടെ പ്രദർശനം ആണെന്ന് കരുതിയാൽ തെറ്റി. ഗുരുഗ്രാമിലെ സൊമാറ്റോയുടേയും ബ്ലിങ്കിറ്റിൻ്റേയും ഹെഡ്ക്വാർട്ടേഴ്സിലെ പാർക്കിംഗ് സ്പേസിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലാണ് ഊ വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൈ- എൻഡ് ആഡംബര കാറുകൾ നിരത്തി പാർക്ക് ചെയ്തിരിക്കുകയാണ് ഇവിടെ. സൊമാറ്റോ സിഇഒയുടെ ആസ്റ്റൺ മാർട്ടിൻ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതിന് പുറമേ ഓഡി,മെർസിഡിസ്, പോർഷെ, ലംബോർഗിനി, ബിഎംഡബ്ള്യൂ എന്നിങ്ങനെ ആഡംബര കാറുകളുടെ ഒരു നിര തന്നെ കാണാം പാർക്കിംഗ് ഏരിയയിൽ.
വീഡിയോ തുടങ്ങുന്നത് സൊമാറ്റോയുടേയും ബ്ലിങ്കിറ്റിൻ്റേയും വലിയ ബോർഡുകൾ കാണിച്ചു കൊണ്ടാണ്. പിന്നീട് ആഡംബര കാറുകൾ നിരനിരയായി പാർക്ക് ചെയ്ത കമ്പനി പാർക്കിംഗ് ഏരിയ കാണാം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ ഇതുവരെ ഉള്ള കാഴ്ചക്കാരുടെ എണ്ണം 1.3 മില്യൺ കടന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലർ അത്ഭുതം പങ്ക് വെക്കുമ്പോൾ സൊമാറ്റോ ഉടമ ആറ് രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കിയാണ് ഇതെല്ലാം ഉണ്ടാക്കുന്നതെന്നായിരുന്നു ചില ആളുകളുടെ പ്രതികരണം.
പ്ലാറ്റ്ഫോമം ഫീസിൽ നിന്നും കസ്റ്റമേഴ്സിൽ നിന്നും റസ്റ്റോറൻ്റ്സിൽ നിന്നുമൊക്കെ ഫീസ് ലഭിക്കുമ്പോൾ നിങ്ങളുടെ പാർക്കിംഗ് സ്പേസ് ഇങ്ങനെയിരിക്കും എന്നായിരുന്നു ഒരു കമൻ്റ്. എൻ്റെ ആറ് രൂപ കൊണ്ട് ഒരു സൂപ്പർ കാർ വാങ്ങിയിരിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമൻ്റ്. ഇത്രയും പണമുണ്ടെങ്കിൽ ഡെലിവറി പേഴ്സണ് ഹെൽത്ത് ഇൻഷൂറൻസ് നൽകിക്കൂടെ എന്നായിരുന്നു വേറൊരു കമൻ്റ്.
സൊമാറ്റോയും സ്വിഗ്ഗിയും കഴിഞ്ഞയിടക്ക് അവരുടെ പ്ലാറ്റോഫോം ഫീസ് ചില സ്ഥലങ്ങളിൽ അഞ്ചിൽ നിന്നും ആറായി ഉയർത്തിയിരുന്നു.