ന്യൂഡല്‍ഹി: ആരോഗ്യകരമായ രീതിയില്‍ വണ്ണം കുറയ്ക്കുന്നതിന് ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും അത്യാവശ്യമാണ്. അശാസ്ത്രീയമായ രീതിയില്‍ അതിനു ശ്രമിക്കാതെ ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
ചിട്ടയായ ജീവിതശൈലിയിലൂടെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ഗായകന്‍ അദ്‌നാന്‍ സമി. 230 കിലോയില്‍ നിന്നും 110 കിലോ ആയാണ് ഗായകന്‍ ഭാരം കുറച്ചത്. ശസ്ത്രക്രിയകളോ ചികിത്സകളോ ഇല്ലാതെയാണ് താന്‍ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് അദ്‌നന്‍ സമി പറയുന്നു.
കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയുമാണ് 120 കിലോ ഭാരം കുറച്ചതെന്ന് അദ്‌നാന്‍ സമി പറയുന്നു. ഇതിനെ കുറിച്ച് വിശദമായി ആപ്കി അദാലത്ത് പരിപാടിയില്‍ അദ്‌നാന്‍ സമി വ്യക്തമാക്കിയിരുന്നു.
താന്‍ ഭാരം കുറച്ചതിനെ കുറിച്ച് പലരും പല കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്, ബാരിയാട്രിക് ശസ്ത്രക്രിയ നടത്തിയെന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുമൊക്കെയാണ് പ്രചരിക്കുന്നത്. 230 കിലോ ഭാരമുണ്ടായിരുന്ന തനിക്ക് മുഴുവന്‍ കൊഴുപ്പും നീക്കണമെങ്കില്‍ വാക്വം ക്ലീനര്‍ തന്നെ വേണ്ടി വരുമായിരുന്നുവെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി.
ഒരു തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും താന്‍ വിധേയനായിട്ടില്ല. ഭക്ഷണ ക്രമങ്ങള്‍ പൂര്‍ണമായി മാറ്റി. ബ്രെഡ്, അരി, പഞ്ചസാര, മദ്യം, എണ്ണ അങ്ങനെ എല്ലാം പൂര്‍ണമായി ഒഴിവാക്കി. ന്യൂട്രീഷ്യന്റെ നിര്‍ദേശപ്രകാരമായിരുന്നു ഡയറ്റ് ചിട്ടപ്പെടുത്തിയത്. ഇത് കൃത്യമായി ചെയ്തതോടെ ആദ്യത്തെ മാസത്തില്‍ തന്നെ 20 കിലോ കുറക്കാനായി.
ഭാരം കുറയ്ക്കണമെന്ന തോന്നല്‍ ഉണ്ടായതിനെ കുറിച്ചും അദ്‌നാന്‍ സമി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരിക്കല്‍ ഒരു ഷോപ്പിങ് മോളില്‍ പോയപ്പോള്‍ അവിടെ കണ്ട ഒരു ടി-ഷര്‍ട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷെ അതിന്റെ സൈസ് എക്‌സ് എല്‍ ആയിരുന്നു. ആ സമയത്ത് തന്റെ സൈസ് 9എക്‌സ്എല്‍ ആണ്. തന്റെ കൈ പോലും ആ ടി-ഷര്‍ട്ടില്‍ പാകമികില്ലെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന അമ്മ പറഞ്ഞത്. പക്ഷെ ആ ടി-ഷര്‍ട്ട് അന്ന് വാങ്ങി.
ഡയറ്റ് ആരംഭിച്ചതിനു ശേഷം വെയിറ്റ് കുറഞ്ഞു എന്ന് തോന്നുമ്പോഴെല്ലാം ആ ഷര്‍ട്ട് ഇട്ട് പാകമാകുന്നോ എന്ന് നോക്കും. ചിലപ്പോള്‍ ഒരു രാത്രി തന്നെ രണ്ടും മൂന്നും വട്ടം ഇങ്ങനെ ചെയ്തു നോക്കും. അങ്ങനെ ഒരു ദിവസം അത് ധരിച്ചപ്പോള്‍ കൃത്യം പാകമായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കോ മറ്റോ ആണ്, ഉടനെ തന്നെ പിതാവിനെ വിളിച്ച് സന്തോഷത്തോടെ ഇക്കാര്യം അറിയിച്ചു.
ജീവിതത്തില്‍ എളുപ്പവഴികള്‍ ഇല്ലെന്നും കഠിനമായ ശ്രമത്തിലൂടെയാണ് താന്‍ ഭാരം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.