Image: X
LIFE

കടലിലൂടെ കാറോടിച്ചു പോകാം; പക്ഷേ, സീറ്റ് ബെല്‍റ്റ് ധരിക്കരുത്!

എസ്‌തോണിയയിലെ ജനങ്ങള്‍ ഐസ് റോഡ് തുറന്ന ആഹ്‌ളാദത്തിലാണ്

Author : ന്യൂസ് ഡെസ്ക്

കടലിലൂടെ കാറോടിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ. ലോകത്ത് അത് സാധ്യമാകുന്ന ചുരുക്കമിടങ്ങളില്‍ ഒന്നാണ് ബാള്‍ട്ടിക് രാജ്യമായ എസ്‌തോണിയ. അതിശൈത്യത്തില്‍ കടല്‍ തണുത്തുറഞ്ഞതോടെയാണ് ഹിമയു, സാരെമ ദ്വീപുകള്‍ക്കിടയില്‍ എസ്‌തോണിയന്‍ സര്‍ക്കാര്‍ മഞ്ഞുപാത തുറന്നത്.

യൂറോപ്പ് മഞ്ഞ് പുതച്ച് നില്‍ക്കുമ്പോള്‍ ബാള്‍ട്ടിക് രാജ്യമായ എസ്‌തോണിയയിലെ ജനങ്ങള്‍ ഐസ് റോഡ് തുറന്ന ആഹ്‌ളാദത്തിലാണ്. ഹിമയു, സാരെമ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോഡ് ഈ ശൈത്യകാലത്തെ ആദ്യ മഞ്ഞുപാതയാണ്. സാധാരണ ഈ രണ്ട് ദ്വീപുകള്‍ക്കിടയില്‍ ഫെറി സര്‍വീസാണ് നടത്താറുള്ളത്. എന്നാല്‍ അതിശൈത്യത്തില്‍ കടല്‍ തണുത്തുറഞ്ഞതോടെ, സര്‍വീസുകള്‍ നിലച്ചു. ബദല്‍ മാര്‍ഗമെന്ന നിലയിലാണ് 17 കിലോമീറ്റര്‍ നീളത്തില്‍ മഞ്ഞുപാത തുറന്നത്.

മഞ്ഞുപാതയിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണെന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു വേണം സഞ്ചാരം. സീറ്റ് ബെല്‍റ്റ് ഉപയോഗത്തിനുള്ള വിലക്കാണ് ഇതില്‍ പ്രധാനം. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും, ഇവിടെ ഇതാണ് ശരി. യാത്രയ്ക്കിടെ മഞ്ഞില്‍ പൊട്ടലുണ്ടാവുകയോ, വാഹനത്തിനുള്ളില്‍പ്പെടുകയോ ചെയ്താല്‍ രക്ഷപ്പെടാനുള്ള എളുപ്പത്തിനാണ് ഇത്. വേഗപരിധിയും ഓരോ വാഹനവും തമ്മില്‍ 250 മീറ്റര്‍ അകലവും നിശ്ചയിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട പാതയിലൂടെയല്ലാതെയുള്ള യാത്രയും കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ചരക്ക് നീക്കത്തിനും അത്യാവശ്യ യാത്രയ്ക്കും വേണ്ടി ചെറുതും വലുതുമായ മഞ്ഞുപാതകള്‍ ഓരോ ശൈത്യകാലത്തും എസ്‌തോണിയന്‍ സര്‍ക്കാര്‍ തുറന്നുകൊടുക്കാറുണ്ട്. തദ്ദേശവാസികള്‍ക്ക് പുറമെ, യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ മഞ്ഞുപാളിക്ക് മുകളിലെ ഈ അപൂര്‍വ്വ യാത്രാനുഭവത്തിനായി എസ്‌തോണിയയിലേക്ക് എത്താറുണ്ട്.

SCROLL FOR NEXT