സിനിമകളൊക്കെ കാണുമ്പോൾ ഒരു ബോളിവുഡ് വെഡിങിന് പോയാൽ കൊള്ളാമായിരുന്നു എന്ന് തോന്നാറുണ്ടോ ? എന്നാൽ, അത് നമുക്ക് മാത്രം തോന്നുന്നതല്ല. അങ്ങ് ന്യൂയോർക്ക് സിറ്റിയിലും ആളുകൾക്ക് തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ വെഡിങ് വൈബ് ആസ്വദിക്കുന്നതിന് ന്യൂയോർക്കിൽ ഈ കൺസെപ്റ്റിൽ മാഡം ജീ കീ ശാദി എന്ന പേരിൽ ഒരു പുതിയ റെസ്റ്റോറൻ്റ് ആരംഭിച്ചിരിക്കുന്നത്.
ന്യൂയോർക്കിലെ ഗ്രീൻവിച്ച് വില്ലേജിലെ മാഡം ജി കീ ശാദി എന്ന ഈ റെസ്റ്റോറൻ്റിൽ എത്തുന്നവർക്ക് ഒരു പരമ്പരാഗത വിവാഹ വിരുന്നിൽ പങ്കെടുത്ത പോലെയാകും അനുഭവം. സാധാരണയായി ആഘോഷവേളകളിൽ വിളമ്പുന്ന ഭക്ഷണവിഭവങ്ങളും പാനീയങ്ങളും അടങ്ങിയ വെറൈറ്റി മെനു മാത്രമല്ല ഇവിടെയുള്ളത്. ബോളിവുഡ് അറ്റ്‌മോസ്ഫിയറിലുള്ള മ്യൂസിക്കും ഡാൻസും, കല്യാണവീടുകളിലേത് പോലുള്ള ഡെക്കോറും ഇവിടുത്തെ പ്രത്യേകതയാണ്.
വർഷങ്ങളായി കാറ്ററിംഗ് രംഗത്ത് സജീവമായ ഷെഫ് അഭിഷേക് ശർമ്മയാണ് ഈ റെസ്റ്റോറൻ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വെഡിങ്ങിൽ വിദേശികൾക്കുള്ള ഇൻ്റ്റസ്റ്റാണ് ഈ കൺസെപ്റ്റിന് പ്രചോദനമായത് എന്നാണ് അഭിഷേക് ഇതേക്കുറിച്ച് പറയുന്നത്. വിവാഹ ആഘോഷങ്ങൾ റിക്രിയേറ്റ് ചെയ്യുകയാണ് ലക്ഷ്യം. പലരും ഇവിടെ എത്തുന്നത് ഒരു വെഡിങ് പാർട്ടിക്ക് എത്തുന്ന പോലെ ഡ്രസ് ചെയ്താണെന്നും അഭിഷേക് പറയുന്നു.
ഇവിടെ എത്തുന്നവർക്ക് വിവാഹത്തിനെത്തുന്ന അതിഥികൾക്ക് സ്നേഹ സമ്മാനം നൽകുന്ന പോലെ ഇന്ത്യൻ സ്വീറ്റ്സ് അടങ്ങിയ ഗിഫ്റ്റ് ബാഗുമായി മടങ്ങാം.