ഷെറിൻ പി. ബഷീർ Source: News Malayalam 24x7
LIFE

തിരക്കുപിടിച്ച ജീവിതത്തിൽ യാത്ര ചെയ്യാൻ സമയമില്ലെന്നോ? നഴ്സിംഗ് ഓഫീസറായ ഷെറിന്റെ കഥ കേൾക്കൂ...

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഷെറിൻ ഒറ്റയ്ക്ക് സഞ്ചരിച്ചു കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരക്കുപിടിച്ച ജീവിതം മൂലം യാത്ര ചെയ്യാന്‍ സമയമില്ലെന്ന് പരാതി പറയാറുള്ളവരാണോ നിങ്ങള്‍? എന്നാല്‍ അത്തരം പരാതികളിൽ യാതൊരു കാര്യവുമില്ലെന്ന് തെളിയിക്കുകയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ പി. ബഷീർ. ആരോഗ്യവകുപ്പിൽ നഴ്സിംഗ് ഓഫീസറായ ഷെറിന്‍ ഇതിനകം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഒറ്റയ്ക്ക് സഞ്ചരിച്ചു കഴിഞ്ഞു.

ഡോക്ടർമാർക്കും രോഗികള്‍ക്കും ഒപ്പം ആശുപത്രിയിലെ തിരക്കേറിയ ജീവിതം. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാത്ത ജോലി സമയം. ഒരുകാലത്ത് ഷെറിന് കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ കാലം മാറി, ഇന്ത്യയില്‍ ഷെറിൻ യാത്ര ചെയ്യാത്ത ഇടങ്ങളില്ല എന്നായി.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ ഈ 37 വയസുകാരി ആരോഗ്യ വകുപ്പിൽ നഴ്സിംഗ് ഓഫീസറാണ്. 2021ലാണ് കേരളത്തിന് പുറത്തേക്ക് ഷെറിന്‍ ആദ്യമായി സഞ്ചരിക്കുന്നത്.. ഈ നാല് വർഷത്തിനുള്ളിൽ ഒറ്റക്കും കൂട്ടായും രാജ്യമൊട്ടാകെ സഞ്ചരിച്ചു. ഒഴിവുദിനങ്ങൾ തിരഞ്ഞെടുത്ത് യാത്ര പോകുന്നതല്ല ഷെറിന്റെ പതിവ്. പകരം, അവധിദിനങ്ങളിലും ഡ്യൂട്ടിയെടുത്ത് ലീവുകളെല്ലാം സ്വരുകൂട്ടിയാണ് യാത്രയ്ക്കുള്ള സമയം കണ്ടെത്തുന്നത്.

യാത്ര തുടങ്ങും മുൻപേ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായി പഠിക്കും. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്. കൃത്യമായ കണക്കുകൂട്ടലുണ്ടെങ്കില്‍ യാത്രകള്‍ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായിരിക്കുമെന്ന് ഷെറിൻ പറയുന്നു. ഷെറിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച 'രാസ്ത' എന്ന വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് കേരളത്തിലെ 14 ജില്ലകളിലും, ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നും അംഗങ്ങളുണ്ട്. തന്നെപ്പോലെ യാത്ര ഇഷ്ടപ്പെടുന്നവർക്കുവേണ്ടി ഒരു സമ്പൂർണ്ണ യാത്രാ ഗൈഡ് പുറത്തിറക്കുകയാണ് ഷെറിന്‍റെ അടുത്ത ലക്ഷ്യം.

SCROLL FOR NEXT