LIFE

ആരോഗ്യപരമായ ജീവിതത്തിന് ഒമേഗ-3 അത്യന്താപേക്ഷിതം; ഏതൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം?

രക്തക്കുഴലുകളില്‍ കൊഴുപ്പ് അടഞ്ഞുകൂടുന്നത് തടയാനും അതുമൂലം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ഒമേഗ-3 സഹായിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

സമഗ്ര ആരോഗ്യത്തിനും പ്രധാനമായി ഹൃദയാരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകമാണ് ഒമേഗ-3 ആസിഡുകള്‍. ഇത് ശരീരത്തിന് സ്വയം നിര്‍മിക്കാന്‍ സാധിക്കാത്ത ഒന്നായതിനാല്‍ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ മാത്രമേ ഒമോഗ-3 നമുക്ക് നേടിയെടുക്കാന്‍ സാധിക്കുകയൊള്ളൂ. പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര ഒമേഗ-3 യുടെ ഗുണങ്ങളും കഴിക്കേണ്ട അളവും രീതിയുമെല്ലാം വിശദീകരിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.

''ഒമേഗ-3 ഒരു മനുഷ്യനായിരുന്നുവെങ്കില്‍, മികച്ച ഓള്‍ റൗണ്ടര്‍ അവാര്‍ഡ് അതിനായിരുന്നു കിട്ടുക. അതൊരു സാധാരണ സപ്ലിമെന്റ് മാത്രമല്ല. ഹൃദയം, തലച്ചോര്‍, ചര്‍മം, മനഃസ്ഥിതി എന്നിവയുടെ ആരോഗ്യത്തിനായി ദിവസേന ആവശ്യമായ ഒന്നാണ് ഒമേഗ-3 എന്ന് ഡോ.അലോക് ചോപ്ര പോസ്റ്റില്‍ പറഞ്ഞു.

ഒരു പ്രധാന അണ്‍സാച്ചുറേറ്റഡ് കൊഴുപ്പായ ഒമേഗ-3 ശരീരത്തിലെ കോശങ്ങളുടെ ഘടനയ്ക്കും ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിനും വളരെ അത്യാവശമാണ്. സസ്യങ്ങളില്‍ നിന്നും എഎല്‍എ, മത്സ്യങ്ങളില്‍ നിന്നും ഇപിഎ-ഡിഎച്ച്എ എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തില്‍ ഒമേഗ-3 ലഭ്യമാണ്. കേര, ചാള, കണ്ണന്‍ മത്തി, അയല തുടങ്ങിയ കൊഴുപ്പ് കൂടിയ മത്സ്യങ്ങളില്‍ നിന്നും ഫ്‌ളാക് സീഡ്, ചിയാ സീഡ്, വാള്‍നണ്‍ട്ട്‌സ്, സോയാബീന്‍, ചീര തുടങ്ങിയ ആഹാര വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ഒമേഗ-3യുടെ കൃത്യമായ ലഭ്യതയുറപ്പാക്കാന്‍ സാധിക്കുമെന്ന് ഡോ.അലോക് ചോപ്ര പറഞ്ഞു.

ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാനും അല്‍സൈമേഴ്‌സ് പോലുള്ള രോഗസാധ്യതകള്‍ കുറയ്ക്കാനും ഡിഎച്ച്എ നിര്‍ണായകമാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടഞ്ഞുകൂടുന്നത് തടയാനും അതുമൂലം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ഒമേഗ-3 സഹായിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ചര്‍മ്മകാന്തിയും കാഴ്ചശക്തിയും വര്‍ധിപ്പിക്കുവാനും ഒമേഗ-3 കഴിക്കുന്നതിലൂടെ സാധിക്കും.

സാധാരണ ആരോഗ്യത്തിന് ദിവസേന 250 മുതല്‍ 500 എംജിവരെ ഒമേഗ-3 മതിയാകും. എന്നാല്‍ ഹൃദയാരോഗ്യത്തിനായി ദിവസേന 1000 എംജിയും നീര്‍ക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് 2000 എംജി വരെയും ഒമേഗ-3യും കഴിക്കേണ്ടതുണ്ട്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും രക്തം കട്ടപ്പിടിക്കുന്നതിന് മരുന്ന് കഴിക്കുന്നവരോ ആയ ആളുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉയര്‍ന്ന അളവില്‍ ഒമേഗ-3 കഴിക്കുന്നതാണ് ഉചിതമെന്നും ഡോ. അലോക് ചോപ്ര എടുത്ത് പറയുന്നു.

SCROLL FOR NEXT