LIFE

അങ്ങനെയാണ് ഐസ്ക്രീം ഇങ്ങനെ ആയത്!

പതിമൂന്നാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് ഇറ്റലിയിലേക്കും ഐസ്ക്രീമിന്റെ രുചിക്കൂട്ട് എത്തി

Author : ന്യൂസ് ഡെസ്ക്

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപര്യമുള്ള ഭക്ഷണ പദാർഥമാണ് ഇത്. ആരോഗ്യകാരണങ്ങളും, ഫിറ്റ്നസ് ഡയറ്റുകളും എതിരാണെങ്കിലും ഐസ്ക്രീം എന്നത് പലർക്കും ഒരു ദൗർബല്യം തന്നെയാണ്. മധുരവും തണുപ്പും നിറഞ്ഞ ഈ രുചിക്കൂട്ട് എങ്ങനെയാണ് ഉണ്ടായതെന്ന് അറിയാമോ?

ഇന്ന് പല ഫ്ലേവറുകളിൽ, പല ടെക്റ്ററുകളിൽ ഒക്കെ കിട്ടുന്ന ഐസ്ക്രീം ആദ്യകാലത്ത് ഇത്ര പൊലിമയിലൊന്നും ആയിരുന്നില്ല. ഏകദേശം 3000 ബിസിയില്‍ പുരാതന ചൈനയിലാണ് ഐസ്ക്രീമിന്റെ ആദ്യരൂപം ഉണ്ടായത്. പാലും അരിയും കലർത്തി പ്രകൃതിദത്തമായി തയ്യാറാക്കിയ ഐസ് ആയിരുന്നു അന്ന്. അതാണ് ഇന്നത്തെ എല്ലാ ഫ്രോസൺ ഡെസേർട്ടുകളുടേയും തുടക്കം.

നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇറാനിൽ കുറച്ചുകൂടി പരിഷ്കൃതരൂപം ഉണ്ടായി. മുന്തിരി നീര്, കുങ്കുമപ്പൂവ്, പനിനീര്‍ എന്നിവയുമായി കലര്‍ത്തി യാഖ്ചല്‍ (ഐസ്‌ക്രീം) എന്ന പ്രത്യേക പാത്രത്തില്‍ അവര്‍ ഐസ് സൂക്ഷിച്ച ഐസ് ഉപയോഗിച്ച് ഇന്നത്തെ ഫലൂദ പോലെ ഒരു വിഭവം അവർ തയ്യാറാക്കി. പതിമൂന്നാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് ഇറ്റലിയിലേക്കും ഐസ്ക്രീമിന്റെ രുചിക്കൂട്ട് എത്തി.

പ്രശസ്ത സഞ്ചാരിയായ മാര്‍ക്കോ പോളോയിലൂടെ യൂറോപ്പിലുടനീളം ഐസ്ക്രീം എന്ന വിഭവം പരിചിതമായി. പലയിടത്തും പല മാറ്റങ്ങളും വന്നും, പഴച്ചാറുകൾ ചേർത്ത് നിറവും രുചിയും മാറ്റി. മിക്സ് ചെയ്ത് ക്രീമിയാക്കി,1843-ല്‍ നാന്‍സി ജോണ്‍സണ്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഐസ്‌ക്രീം മെഷീന്‍ കണ്ടുപിടിച്ച് പേറ്റന്റ് നേടിയതോടെ ഐസ്ക്രീം പ്രധാനമായും ഇന്നത്തെ രൂപത്തിലായി.

പരീക്ഷണങ്ങൾ പിന്നെയും തുടർന്നു, പലതരത്തിൽ ഐസ്ക്രീമുകൾ ഉണ്ടായി. 1940 കളിലാണ് ആധുനിക ഐസ്‌ക്രീം ഇന്ത്യയിലെത്തിയത്. അതിനു മുൻപേ ഇവിടെ പ്രചരിച്ചിരുന്ന ഐസ് ക്രീം കുൽഫി ആയിരുന്നു. മുഗള്‍ കാലഘട്ടത്തിലാണ് ഈ ഡെസേര്‍ട്ട് ഇന്ത്യയിലെത്തിയത്. ഹിന്ദു കുഷ് പര്‍വതനിരകളില്‍ നിന്ന് ഐസ് എടുത്ത് ഉണക്കിയ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പാലും ചേർത്ത് തയ്യാറാക്കിയിരുന്ന വിഭവം ഇന്നും ഇന്ത്യയിൽ ഉണ്ട്.

ആദ്യകാലത്ത് ഇന്ത്യയിൽ ഐസ്ക്രീമിനായി സതീഷ് സോണ ക്വാളിറ്റി ബ്രാന്‍ഡ് ആരംഭിച്ചു. വാനില, സ്‌ട്രോബെറി തുടങ്ങിയ പാശ്ചാത്യ രുചികളാണ് ക്വാലിറ്റിയിലൂടെ പ്രചാരത്തിലായത്. പിന്നീട് പഴച്ചാറുകൾ ഉൾപ്പെടെ പലതരം വിഭവങ്ങളിലൂടെ ഐസ്ക്രീമിന്റെ രുചിയും നിറവും തരവും മാറിയെത്തി. പല ബ്രാൻഡുകളിലൂടെ വിറ്റഴിക്കപ്പെട്ടു.

കഥകൾ ഇങ്ങനെ ആണെങ്കിലും ഐസ്ക്രീമിന്റെ ആധുനിക രൂപം ആദ്യമായി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഇന്നും തർക്കങ്ങൾ നിലനിൽക്കുന്നു. ഫ്രാന്‍സും ഇറ്റലിയും ഇതിൽ അവകാശവാദം ഉയർത്തുന്നുണ്ട്. ഇറ്റാലിയന്‍ ജെലാറ്റോ എന്ന ഐസ്‌ക്രീമിന്റെ മുന്‍കാല രൂപം ഉണ്ടാക്കിയതായിപോപ്പ് അര്‍ബന്‍ എട്ടാമന്റെ അനന്തരവനായ കര്‍ദ്ദിനാള്‍ ബാര്‍ബെറിനിയുടെ കീഴില്‍ ജോലി ചെയ്യുന്ന ആല്‍ബെര്‍ട്ടോ ലാറ്റിനി 1694 ല്‍ പുറത്തിറക്കിയ പാചകക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ വാദം.

ലൂയി പതിനാലാമന്റെ മുഖ്യമന്ത്രിയായിരുന്ന ജീന്‍-ബാപ്റ്റിസ്റ്റ് കോള്‍ബെര്‍ട്ടിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന നിക്കോളാസ് ഓഡിഗറിന്റെ പേരും ഐസ്ക്രീം അവകാശവാദത്തിൽ പരാമർശിക്കുന്നു. ഇതിലൊന്നും അന്തിമമായ ഒരു തീരുമാനം ഇതുവരെ വന്നിട്ടില്ല. എങ്കിലും പരിണാമങ്ങളും, പരീക്ഷണങ്ങളുമായി പുത്തൻ രൂപങ്ങളിലും രുചികകളിലും ശരീരത്തേയും മനസിനേയും തണുപ്പിച്ച് രുചിപകർന്ന് ഐസ്ക്രീം ഭക്ഷണപ്രിയർക്കൊപ്പം ഉണ്ട്.

SCROLL FOR NEXT