ചായ ഒരു പാനീയം മാത്രമല്ല വികാരവും കൂടിയാണെന്നു പറഞ്ഞാൽ എതിർക്കാൻ പറ്റില്ല. പാൽച്ചായ, കട്ടൻ, മസാല, പിന്നെ നാട്ടിൽ കിട്ടാവുന്ന എല്ലാ ഫ്ലേവറുകളും മാറി മാറി ചേർത്ത് എണ്ണിയാൽ തീരാത്ത അത്രയും ചായകൾ, നാവിൽ രുചി പടർത്തുന്നതിനോടൊപ്പം ഇത്തിരി കൊച്ചു വർത്തമാനങ്ങൾ. അവിടെയും തീരുന്നില്ല കഥകൾ, യാത്രകളിലും, തിരക്കുകളിലും ഇടവേളകൾ, ഏറെ പ്രിയപ്പെട്ട നിമിഷങ്ങൾ ചായ പ്രധാനകഥാപാത്രമാകുന്ന ഇടങ്ങളേറെയാണ്. ചായയ്ക്കായി ഒരു ദിനം കൂടി ആയാലോ?
എല്ലാ വർഷവും മെയ് 21നാണ് അന്താരാഷ്ട്ര ചായ ദിനം ആചരിച്ച് വരുന്നത്. ലോകത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമായ, ഏറെ ജനപ്രീതിയുള്ള പാനീയം അതാണ് ചായയെ താരമാക്കുന്നത്. ഒരു ഗ്ലാസ് ചായയിൽ എന്തൊക്കെയുണ്ട്. വെള്ളം , തേയില അതാണ് മെയിൻ , പഞ്ചസാരയോ, പാലോ തുടങ്ങി പിന്നെ അനേകം ചേരുവകൾ ചേർക്കുന്നതിനനുസരിച്ച്, വ്യത്യസ്തമായ രുചികൾ, ഇതൊന്നുമില്ലെങ്കിലും തേയിലകളിൽ തന്നെ എത്രയെത്ര വെറൈറ്റികൾ.
രുചിക്ക് പുറമേ, ചായയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ. അതിനെയും മറികടന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഉൽപാദന മേഖല. ഒരു കപ്പ് ചായയിൽ എത്രയെത്ര കാര്യങ്ങൾ. തൊഴില്‍, സംസ്‌കാരം, ബിസിനസ്സ് എന്നിവയില്‍ ചായയുടെ സ്വാധീനം കണക്കിലെടുത്തുകൊണ്ടാണ് മെയ് 21 ലോക ചായ ദിനമായി ആചരിക്കുന്നത്.
തേയില ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ദിശാബോധം നല്‍കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത് വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയമായ ചായയ്ക്ക് ദീർഘവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ് ചായയുടെ തുടക്കമെന്ന് പറയപ്പെടുന്നു.
ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനൽക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്ത് കുറച്ചു വെള്ളം ചൂടാക്കാനായി വെച്ചു. വെള്ളം തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നിയെന്നും, അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം. കഥ ഉള്ളതോ ഇല്ലാത്തതോ ആകട്ടെ, പക്ഷെ ചായയെ ലോകത്തിന് നൽകിയത് ചൈനയാണ്.
ചൈനയിൽ നിന്ന് ജപ്പാൻ, പിന്നീട് യൂറോപ്പിലേക്ക്, ആ ബന്ധം തേയില വ്യാപാരം വരെയെത്തി. പിന്നീട് പോർച്ചുഗീസുകാർ വഴി ലിസ്ബണിലേക്ക് കൊണ്ടു വരികയും അവിടെ നിന്നും ഡച്ചുകപ്പലുകളിൽ ഫ്രാൻസ്,ഹോളണ്ട്, ബാൾടിക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു. ഡച്ചുകാരിലൂടെയാണ് പാലൊഴിച്ച ചായകളുടെ പിറവി.
1650 കളോടെ ഡച്ചുകാർ വഴി തേയില അമേരിക്കയിലെത്തി. അതേ സമയത്ത് തന്നെ റഷ്യയിലേക്കും. 1652 നും 1654 നും ഇടക്ക് ഇംഗ്ലണ്ടിൽ ആദ്യമായി തേയില എത്തി. വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ചായ ഇംഗ്ലണ്ടിന്റെ ദേശീയ പാനീയമായി മാറി. ഇംഗ്ലീഷ് കോളനികൾ വഴി തേയില പിന്നെയും ലോകത്തിൻ്റെ പലഭാഗങ്ങളിലെത്തി. അമേരിക്കൻ വിപ്ലവത്തിന്റെ തുടക്കം തന്നെ തേയിലക്കേർപ്പെടുത്തിയ നികുതിക്കെതിരെ പോരാടിയായിരുന്നു. അന്ന് ബോസ്റ്റൺ ടീപാർട്ടി ചരിത്രത്തിൻ്റെ ഏടുകളിൽ രേഖപ്പെടുത്തി.
ഒരിലയ്ക്കെന്ത് പ്രസക്തിയെന്ന് ചോദിച്ചാൽ നാവിലെ രുചി മുതൽ, ഉൽപാദവനും വിപണനവും കടന്ന് വിപ്ലവത്തിൻ്റെ , പോരാട്ടത്തിൻ്റെ , അധിനിവേശത്തിൻ്റെ കഥകൾവരെ പറയാനുണ്ട് ചായയ്ക്ക്.
എന്നാ പിന്നെ ഒരു ചായ എടുക്കട്ടെ ?